ഇരിട്ടി: അണകെട്ടുകളുടെ ബഫർസോൺ വിഷയത്തിലെ വിവിധ ഉത്തരവുകൾ പിൻവലിച്ചത് നടപ്പിലാക്കിലാക്കാതെ സർക്കാർ ജനങ്ങളെ കബിളിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ്.
പഴശി റിസർവോയർ ഉൾപ്പടെ കേരളത്തിലെ 62 അണക്കെട്ടുകൾക്ക് ചുറ്റും ലക്ഷകണക്കിന് ജനങ്ങളെ ബാധിക്കുന്ന 48,000 ഹക്ടർ പട്ടയ ഭൂമിയും വീടുകളും കെട്ടിടങ്ങളും ഉത്തരവുപ്രകാരം ഇപ്പോഴും ബഫർസോണിലാണ്. രഹസ്യമായി ഉത്തരവ് ഇറക്കിയ നടപടി പ്രതിപക്ഷ നേതാക്കളും പ്രതിപക്ഷ പാർട്ടികളും നിയമസഭയിലും തെരുവിലും സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ നിരുപാധികം പിൻവലിക്കുകയായിരുന്നു. എന്നിട്ടും, ജനങ്ങൾക്ക് ഇവിടങ്ങളിൽ വീടോ കെട്ടിടങ്ങളോ നിർമിക്കാൻ അനുമതി നൽകാതിരിക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ഇത്തരം ദുരിതമനുഭവിക്കുന്നവർ നടത്തുന്ന സമരത്തിന് കേരള കോൺഗ്രസ് പിന്തുണ നൽകും. നിയസഭയ്ക്കകത്തും പുറത്തും ഇത്തരം തട്ടിപ്പുകളാണ് സർക്കാർ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന് എന്ത് ചെയ്താലും ആരും ചോദ്യം ചെയ്യില്ലെന്നെ അഹങ്കാരമാണെന്നും യോഗം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ കേരള കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, കെ.എ. ജോർജ്, ജോസ് നരിമറ്റം, തോമസ് തയ്യിൽ, ജോർജ് തോമസ്, പി.എസ്. മാത്യു, പി.സി. ജോസഫ്, ജോസ് പാറയിൽ, ജോസ് കണിയാപറമ്പിൽ, ഡെന്നിസ് മാണി, ടോമി അമ്പലത്തിങ്കൾ, സി.ജി. സുരേന്ദ്രൻ, തോമസുട്ടി തോട്ടത്തിൽ, ജോയി മണ്ണാർക്കുളം, ജോർജ് ആന്റണി തൊടുകയിൽ, ടിസി മണിക്കൊമ്പേൽ, ജോണി കൂട്ടുമല, ജിജോ അടവനാൽ, ഇ.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.