ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ ജനജാഗ്രത സമിതി യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ചർ നിതിൻരാജ് ജനജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പിആർടിയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി നൽകിയിട്ടുള്ള അധികാരങ്ങളെക്കുറിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ഉത്തരവു പ്രകാരം പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായും അതാത് ഓഫീസ് സെക്രട്ടറിമാർ എന്നിവർ അധികാരപ്പെടുത്തിയ ഓഫീസർമാരായി പ്രവൃത്തിക്കും.
മാനദണ്ഡങ്ങൾ പരിശോധിച്ച് അതാത് ഓഫീസുകൾക്ക് അംഗീകൃത ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കാവുന്നതാണെന്നും കാട്ടുപന്നികളെ കൊല്ലുമ്പോൾ ഉത്തരവിലെ നടപടിക്രമങ്ങൾ തുടങ്ങിയ യോഗത്തിൽ വിശദീകരിച്ചു.
അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി സംഘർഷം നാശനഷ്ടങ്ങൾ തുടങ്ങിയ യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്തിന്റെ വനാതിർത്തിയിൽ നിർമിക്കുന്ന സോളാർ തൂക്കുവേലികളുടെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനും കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള പിആർടിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കേളകം: ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവയ്ക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേളകം പഞ്ചായത്ത് ജന ജാഗ്രത സമിതി നിർദേശം നൽകി.
വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് ഉപയോഗിച്ച് 3.5 കിലോമീറ്റർ നീളത്തിൽ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ് കാര്യങ്ങൾ വിശദീകരിച്ചു.വാർഡ് മെംബർമാർ വന്യജീവി പ്രശ്നങ്ങൾ ഉന്നയിച്ചു.
വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി പഞ്ചായത്ത് നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് മറുപടി നൽകി.യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, മെമ്പർമാരായ ബിനു മാനുവൽ, പ്രീത ഗംഗാധരൻ, ഷാന്റി സജി, സജീവൻ പാലുമ്മി, മനോഹരൻ മാരാടി, ലീലാമ്മ ജോണി, പി.ജെ. തോമസ്, ജോണി പാമ്പാടിയിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സജിത്ത്, പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.