കാസര്‍ഗോഡ്: തദ്ദേശീയ മേഖലയിലെ പാരമ്പര്യ കലാരൂപങ്ങളെ സംരംഭ മാതൃകയില്‍ രൂപീകരിച്ച് തദ്ദേശീയ ജനതയ്ക്ക് മികച്ച ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച ജനഗല്‍സ പദ്ധതിക്ക് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണമന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി നിർവഹിക്കും.
രണ്ടുദിവസങ്ങളിലായ നടക്കുന്ന പരിപാടിയില്‍ പട്ടികവര്‍ഗ ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് മെന്റര്‍മാര്‍ എന്നിവരുടെ മേഖലാതല സംഗമവും സംഘടിപ്പിക്കും. തദ്ദേശീയ മേഖലയിലെ നാനൂറിലേറെ പേര് പങ്കെടുക്കും. വിവിധ ഗോത്രവിഭാഗങ്ങളില്‍ നിന്നായി പത്തിലേറെ കലാരൂപങ്ങള്‍ അവതരിപ്പിക്കും.
കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം കുടുംബശ്രീ കലാസംഘം അവതരിപ്പിക്കുന്ന കൊക്കമാന്തിക്കളി, വയനാട് ജില്ലയിലെ പൂതാടി ഗോത്ര താളം ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ കലാരൂപാവതരണം, കോഴിക്കോട് ജില്ലയിലെ നന്മണ്ട, ഐവര്‍ നാടക സംഘത്തിന്റെ വട്ടകളി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മുണ്ടക്കക്കടവ് ആട്ടമക്ക ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന ഗുഡിമനെ, പാലക്കാട്, മുതലമടയിലെ ഗോത്രകലാ യൂത്ത് ക്ലബ് ഗ്രൂപ്പിന്റെ കൊട്ടും കുഴലും, അട്ടപ്പാടി കുടുംബശ്രീ ആദിമ കലാസംഘത്തിന്റെ ഇരുള നൃത്തം, ഇടുക്കി കാന്തല്ലൂരിലെ ഗോത്ര കലാസമിതി അവതരിപ്പിക്കുന്ന കൊല്ലവയാട്ടം, കാസര്‍ഗോഡ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മംഗലംകളി, എരുതുകളി, മലകുടിയാട്ടം, കൊറഗ നൃത്തം എന്നിവ അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മുരളി പയങ്ങാനം, എം. ധന്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ സി .റീന, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ്കുമാര്‍, എഡിഎംസി കെ.എം.കിഷോര്‍കുമാര്‍, കെ.അമ്പിളി എന്നിവര്‍ സംബന്ധിച്ചു.