കാഞ്ഞങ്ങാട്: ദുർഗന്ധം വമിക്കുന്ന കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിന്റെയും റെയിൽവേ സ്റ്റേഷൻ റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റിലേക്ക് പ്രതിഷേധ മാർച്ചും മൂക്കുപൊത്തി പ്രതിഷേധവും സംഘടിപ്പിച്ചു.
ദിവസവും ആയിരക്കണക്കിനാളുകൾ കടന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ റോഡിലേക്കാണ് മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുകിയെത്തുന്നത്. നഗരസഭ ലക്ഷങ്ങൾ പാഴാക്കി മത്സ്യമാർക്കറ്റ് കെട്ടിടത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് പണിതിട്ടും മത്സ്യവില്പന തൊഴിലാളികൾ കെട്ടിക്കിടക്കുന്ന മലിനജലത്തിലിരുന്ന് വില്പന നടത്തേണ്ട അവസ്ഥയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്.ആർ. വിനീത് അധ്യക്ഷത വഹിച്ചു. പ്രവീൺ തോയമ്മൽ, വിനോദ് ആവിക്കര, പി.വി. തമ്പാൻ, പി.വി. ബാലകൃഷ്ണൻ, വി.വി. കുഞ്ഞികൃഷ്ണൻ, നിധീഷ് കടയങ്ങൻ, ഒ.വി. രതീഷ്, രാജേഷ് മൾട്ടി, രവീന്ദ്രൻ, നിയാസ് ഹോസ്ദുർഗ്, സിജോ അമ്പാട്ട്, സന്ദീപ് ഒഴിഞ്ഞവളപ്പ്, കൃഷ്ണലാൽ തോയമ്മൽ, ഗോകുൽദാസ് ഉപ്പിലിക്കൈ, പ്രതീഷ് കല്ലഞ്ചിറ, ശരത് ചന്ദ്രൻ, അജീഷ് പനത്തടി, സുനീഷ് അരയി, അർജുൻ, അനിരുദ്ധ്, സിനാൻ, ജിഷ്ണു, രോഹിത് എന്നിവർ നേതൃത്വം നല്കി.