നീ​ലേ​ശ്വ​ര​ം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Friday, August 8, 2025 2:14 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് അ​ടി​പ്പാ​ത വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്നും ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് പോ​കു​ന്ന​തി​ന് സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ് അ​ടി​പ്പാ​ത നി​ര്‍​മി​ക്കേ​ണ്ട​ത്. നി​ല​വി​ല്‍ റെ​യി​ല്‍ വേ ട്രാക്ക് മു​റി​ച്ചു ക​ട​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ഇ​രു ഭാ​ഗ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തു വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

റെ​യി​ല്‍ മു​റി​ച്ചു ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യേ​റി​യ ഒ​രു ന​ട​പ​ടി മാ​ത്ര​മ​ല്ല, റെ​യി​ല്‍​വേ നി​യ​മം ത​ന്നെ ലം​ഘി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ്. കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ ഈ ​വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​ടി​യ​ന്തര​മാ​യി അ​ടി​പ്പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

യാ​ത്ര​ക്കാ​ര്‍ മി​ക്ക​വാ​റും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടാ​ണ് ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ട്രെ​യി​ന്‍ എ​ത്തു​ന്ന​ത​റി​യാ​തെ ത​ന്നെ അ​വ​ര്‍ ട്രാ​ക്കി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു.

ട്രെ​യി​ന്‍ തൊ​ട്ട​ടു​ത്ത് എ​ത്തു​മ്പോ​ഴാ​ണ് പ​ല​രും അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ല്‍​നി​ന്ന് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​ട​ക്കാ​നാ​യി പാ​ളം മു​റി​ച്ചു​ക​ട​ക്ക​വേ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കോ​യ​മ്പ​ത്തൂ​ര്‍-​ഹി​സാ​ര്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് ഇ​ടി​ച്ചു മൂ​ന്നു സ്ത്രീ​ക​ള്‍ മ​രി​ച്ചി​രു​ന്നു.

ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ നീ​ലേ​ശ്വ​രം സ്റ്റേ​ഷ​നി​ല്‍ അ​ടി​യ​ന്തര​മാ​യി അ​ടി​പ്പാ​ത നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഓ​ഫീ​സ് വി​ടു​ന്ന വൈ​കു​ന്നേ​രം സ​മ​യ​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് നീ​ലേ​ശ്വ​ര​ത്ത് ഇ​റ​ങ്ങു​ന്ന​തും ഇ​വി​ടെ നി​ന്നും ക​യ​റു​ന്ന​തും.

വേ​ഗ​ത്തി​ല്‍ ല​ക്ഷ്യ സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ര്‍ പാ​ളം മു​റി​ച്ചു ക​ട​ക്കു​ക​യാ​ണ് പ​തി​വ്. കാ​ഞ്ഞ​ങ്ങാ​ട് ഉ​ണ്ടാ​യ ദു​ര​ന്തം നീ​ലേ​ശ്വ​ര​ത്ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​ധി​കൃ​ത​ര്‍ വേ​ഗ​ത്തി​ല്‍ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഒ​രു ഡ​സ​നോ​ളം ട്രെ​യി​നു​ക​ള്‍ നീ​ലേ​ശ്വ​ര​ത്ത് നി​ര്‍​ത്താ​തെ ക​ട​ന്ന് പോ​കു​ന്നു​ണ്ട്.