വടക്കഞ്ചേരി: നാലുവരി, ആറുവരി പാതകളിൽ ദുർഘടയാത്ര പരിഹരിക്കാതെ ടോൾ പിരിക്കുന്നതിനെതിരേ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പന്നിയങ്കര ടോൾപ്ലാസയിലെ ഓഫീസ് ഉപരോധിച്ചു.
സർവീസ് റോഡുകൾ, ഡ്രെയ്നേജ് തുടങ്ങിയവയുടെ നിർമാണം പൂർത്തീകരിക്കണം. പാതകളിലുണ്ടാകുന്ന കുഴികൾ തത്സമയം അടക്കുന്നതിനുള്ള നടപടി വേണം, വഴിവിളക്കുകൾ തെളിയിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധസമരം.
ടോൾ പിരിവ് തുടങ്ങി മൂന്നുവർഷം പിന്നിട്ടിട്ടും സുഗമമായ വാഹനയാത്ര ഒരുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ടോൾപിരിവും ദുർഘട യാത്രയും രണ്ടുംകൂടി നടക്കില്ല. സർവകക്ഷി യോഗത്തിൽ എല്ലാം സമ്മതിച്ച് മടങ്ങിപ്പോകുന്ന ടോൾകമ്പനി അധികൃതർ പിന്നീട് തോന്നുംമട്ടിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി തുടർന്നാൽ വീണ്ടും ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഉപരോധസമരം കെപിസിസി മെംബർ പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. എ. ഭാസ്കരൻ, സുദേവൻ കൊട്ടേക്കാട്, റെജി കെ. മാത്യു, സാദിക്, ബാബു മാധവൻ, കെ. മോഹൻദാസ്, വി.എ. മൊയ്തു, സുരേഷ്, കൃഷ്ണദാസ്, മുത്തലി, ഹാരിഷ്, ശ്രീനാഥ് വെട്ടത്ത്, വിനോദ്,സുലൈമാൻ, നിർഷാദ്, മണി, തൗഫീക് മമ്പാട് പ്രസംഗിച്ചു.