"എന്‍റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്ക്കരിച്ചു'; 75 വര്‍ഷത്തിന് ശേഷം തന്‍റെ അനന്തരവനെ പാക്കിസ്ഥാനിൽ കണ്ടുമുട്ടിയ 92കാരന്‍
Tuesday, August 9, 2022 1:19 PM IST
ഇന്ത്യയും പാക്കിസ്ഥാനുമെന്നാല്‍ ചിര വൈരികളായാണ് ഈ തലയമുറയിലുള്ള എല്ലാവരും കണക്കാക്കാറുള്ളത്. എന്നാല്‍ വിഭജനത്തിന് മുമ്പുള്ള കാലത്ത് ഒരുമനസോടെ ഒരുപാട് മനുഷ്യര്‍ ഈ മണ്ണില്‍ ഉണ്ടായിരുന്നു.

വിഭജനം നല്‍കിയ മുറിവുമായി ഏറെപ്പേര്‍ ഇപ്പോഴും ഇരു രാജ്യങ്ങളിലും കഴിയുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരിക്കല്‍ കൂടി കാണണമെന്ന് അവരില്‍ പലരും ആഗ്രഹിക്കാറുമുണ്ട്. ഒരുപാട് പേര്‍ ആ മോഹം അവശേഷിപ്പിച്ച് കാലയവനികയ്ക്കുള്ളിലേക്ക് മറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തന്‍റെ ജീവിതത്തിന്‍റെ അവസാന കാലത്ത് ആ ആഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുകയാണ് സര്‍വാന്‍ സിംഗ് എന്ന 92 കാരന്‍. 75 വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായ അനന്തരവനെ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചു എന്നതാണത്.

തന്‍റെ സഹോദരന്‍റെ മകനായ മോഹൻ സിംഗിനെ ആണ് സര്‍വാന് ഇത്തരത്തില്‍ കാണാന്‍ കഴിഞ്ഞത്. 1947ലെ ഇന്ത്യ പാക് വിഭജനത്തെ തുടര്‍ന്ന് സര്‍വാന്‍റെ കുടുംബത്തിന് മോഹനെ നഷ്ടമാവുകയായിരുന്നു.

വിഭജന കാലത്തിന് മുമ്പ് സര്‍വാന്‍ സിംഗിന്‍റെ കുടുംബം കഴിഞ്ഞിരുന്നത് നിലവിലെ പാക്കിസ്ഥാനിലുള്ള ചാക് 37 ഗ്രാമത്തിലാണ്. വിഭജനത്തെ തുടര്‍ന്ന് 1947ല്‍ തന്‍റെ കുടുംബത്തിലെ 22 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍വാന്‍ സിംഗ് പറയുന്നു. ആ സമയത്താണ് ആറു വയസുകാരനായ മോഹന്‍ സിംഗിനെ അവര്‍ക്ക് നഷ്ടമാകുന്നത്.

എന്നാൽ സര്‍വാനും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യയിലേക്ക് കടക്കുകയും പഞ്ചാബില്‍ താമസമാക്കുകയും ചെയ്തെങ്കിലും മോഹന്‍ പാക്കിസ്ഥാനിലായിപ്പോയി. പിന്നീട് മോഹനെ വളര്‍ത്തിയത് പാകിസ്ഥാനിലെ ഒരു മുസ്ലീം കുടുംബമാണ്. ഇപ്പോള്‍ അബ്ദുള്‍ ഖാലിഖ് എന്ന പേരിലാണ് മോഹനുള്ളത്.

സോഷ്യല്‍ മീഡിയയാണ് ഇരുവരുടെയും പുനഃസംഗമത്തില്‍ നിര്‍ണായകമായത്. ജന്‍ഡിയാല ആസ്ഥാനമായുള്ള യൂട്യൂബര്‍ ഹര്‍ജിത് സിംഗ് നിരവധി വിഭജന കഥകള്‍ ഡോക്യുമെന്‍ററിയായി ചെയ്തിട്ടുണ്ട്. അദ്ദേഹം സര്‍വാന്‍ സിംഗിനെ അഭിമുഖം നടത്തി അദ്ദേഹത്തിന്‍റെ കഥ തന്‍റെ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോയില്‍ സര്‍വാന്‍ സിംഗ് കാണാതായ തന്‍റെ അനന്തരവന്‍റെ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇതേ സമയം പാക്കിസ്ഥാനില്‍ നിന്നുള്ള ജാവേദ് മുഹമ്മദ് എന്ന യൂട്യൂബര്‍ സമാനമായ തിരിച്ചറിയല്‍ അടയാളങ്ങള്‍ പരാമര്‍ശിക്കുന്ന മോഹന്‍ സിംഗിന്‍റെ കഥയും സമൂഹ മാധ്യമങ്ങളില്‍ വിവരിച്ചിരുന്നു.

ഏറെ കൗതുകകരമായ കാര്യം ഈ രണ്ട് കഥകളും ഓസ്ട്രേലിയയിലുള്ള ഒരു പഞ്ചാബി കാണുകയും അദ്ദേഹം രണ്ട് കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു എന്നതാണ്. ഒടുവില്‍ അവരെ വീണ്ടും ഒന്നിക്കാനിത് ഇടയാക്കുകയും ചെയ്തു.

ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള നരോവലിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിലും സിഖ് മതത്തിന്‍റെ സ്ഥാപകനായ ഗുരു നാനാക്ക് ദേവിന്‍റെ അന്ത്യവിശ്രമസ്ഥലത്തും വച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. പറഞ്ഞറിയിക്കാനാകാത്ത വികാരമാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു.

തന്‍റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിച്ചു, ഇത് തന്‍റെ അവസാനത്തേതും ഏറ്റവും പ്രിയപ്പെട്ടതുമായ സ്വപ്നമായിരുന്നു, അതും ഇന്ന് ദൈവം സാക്ഷാത്കരിച്ചു എന്നാണ് 1947 ലെ വര്‍ഗീയ കലാപത്തില്‍ കാണാതായ തന്‍റെ അനന്തരവനെ കണ്ടതിന് ശേഷം 92 കാരനായ സര്‍വാന്‍ സിംഗ് പറഞ്ഞത്.

നീണ്ട 75 വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍വാന്‍ സിംഗ് 81കാരനായ മോഹന്‍ സിംഗിനെ (ഇപ്പോള്‍ അബ്ദുള്‍ ഖാലിഖ്) കണ്ടുമുട്ടിയത്. ഇരു കുടുംബങ്ങളിലുമുള്ള ആളുകളുടെ ഫോട്ടോകള്‍ ഇവര്‍ പരസ്പരം കാണിച്ചു.

അവരുടെ ഒത്തുചേരലിനു സാക്ഷ്യം വഹിച്ച ബന്ധുക്കള്‍ അവരെ ഹാരമണിയിക്കുകയും റോസാപ്പൂക്കള്‍ ചൊരിയുകയും ചെയ്തു. ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞാണ് സര്‍വാന്‍ സിംഗും അബ്ദുള്‍ ഖാലിഖും പിരിഞ്ഞത്.

ഇരുവരുടെയും കൂടിക്കാഴ്ചയുടെ കഥ സമൂഹ മാധ്യമങ്ങളിലും വൈറലായി മാറി. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാന്‍ ഇപ്പോഴും കാത്തിരിക്കുന്ന ഒരുപാട് പേരുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് സര്‍വാന്‍ സിംഗും അബ്ദുള്‍ ഖാലിഖും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.