ജെയിംസ് വെബ് കണ്ടെത്തിയ "പുതിയ നക്ഷത്രം’ പങ്കുവച്ച് ശാസ്ത്രജ്ഞന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം
Saturday, August 6, 2022 12:37 PM IST
ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റ് പഠനങ്ങളിലും നവ മുന്നേറ്റം കുറിക്കാന്‍ ഏറെ സഹായകമായ ഒന്നാണ് ജെയിംസ് വെബ് എന്ന ബഹിരാകാശ ദൂരദര്‍ശിനി.

2021 ഡിസംബര്‍ 25ന് വിക്ഷിപ്തമായ ഈ ബഹിരാകാശ നിരീക്ഷണാലയം മറ്റ് ദൂരദര്‍ശിനികളേക്കാളും കൃത്യതയും സംവേദന ക്ഷമതയും ഉള്ളതാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്‍റെ പേരാണ് ഇതിന് നല്‍കിയത്.

എന്നാല്‍ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ എറ്റിയെന്‍ ക്ലീന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രം എന്ന പേരില്‍ കഴിഞ്ഞാഴ്ച ഒരു ചിത്രം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ചിത്രം വ്യാജമാണെന്നും അത് "ചോറിസോ' എന്ന സോസേജിന്‍റെ ചിത്രമാണെന്നുമുള്ള വിവരമിപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഫ്രാന്‍സിലെ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനിലെ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ എറ്റിയെന്‍ ക്ലീന്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം കാണിക്കുന്നുവെന്ന് അവകാശപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള നിരവധിയാളുകള്‍ പങ്കുവച്ചിരുന്നു.

നാസയുടെയും കാനഡയുടെയും യൂറോപ്പിലെ ബഹിരാകാശ ഏജന്‍സികളുടെയും സഹകരണത്തോടെ 10 ബില്യണ്‍ ഡോളറിന്‍റെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നായിരുന്നു അദ്ദേഹം ഈ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ ട്വീറ്റ് ചെയ്ത ഫോട്ടോ വ്യാജമാണെന്ന് എറ്റിയെന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരം ഗൗരവമുള്ള വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെ പ്രതികരിച്ചത് പലരിലും നീരസം ഉളവാക്കി.

തങ്ങളെ വിഡ്ഢികളാക്കിയതില്‍ നിരവധി പേരാണ് എറ്റിയെനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകളിടുന്നത്. എന്നാല്‍ വ്യാജ വാര്‍ത്തകളെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് എറ്റിയെന്‍ ഇപ്പോള്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.