'ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ സന്പൂർണകൃതികൾ
(7 വാല്യങ്ങൾ)
പേജ്: 3506
വില: ₹ 3500 (ഹാർഡ് കവർ)
3000 (പേപ്പർ ബാക്ക്)
ചങ്ങനാശേരി അതിരൂപത പ്രസിദ്ധീകരണം
ഫോണ്: 94004 21086
ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിൽ ക്രാന്തദർശിയായ ഒരു ഭരണകർത്താവ് എന്നതിലുപരി പ്രതിഭാശാലിയായ ഒരു ചിന്തകനുമായിരുന്നു. ഏഴുപതിറ്റാണ്ടുകൾ നീണ്ട ഒരു ധൈഷണിക ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ രചനകളും പ്രസംഗങ്ങളുമൊക്കെ സജീവമായ ബൗദ്ധിക പ്രവർത്തനത്തിന്റെ നിദർശനമാണ്.
കത്തോലിക്കാസഭയിലെ ഒരു രൂപതാധ്യക്ഷൻ എന്ന നിലയിൽ കേവലമൊരു രൂപതയിൽ മാത്രമായി ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ ഇടപെടലുകൾ. സീറോ മലബാർ സഭയിലും ഭാരത കത്തോലിക്ക മെത്രാൻസമിതിയിലും ആഗോളസഭയുടെ നേതൃരംഗത്തും അദ്ദേഹം സക്രിയനായിരുന്നു. നിരന്തരമായ പഠനവും ധ്യാനവും അദ്ദേഹത്തിന്റെ ചിന്തകൾക്കു മൂർച്ചവരുത്തി, വാക്കുകൾക്കു ഘനം നൽകി. പാഴും പതിരുമില്ലാത്ത കതിർക്കുലകൾതന്നെയാണ് അദ്ദേഹത്തിന്റെ രചനകൾ. അവയെല്ലാം ഏഴു വാല്യങ്ങളിലായി സമാഹരിച്ച് അനുവാചകലോകത്തിനു ലഭ്യമാക്കിയിരിക്കുകയാണ്.
ഒന്നാംവാല്യത്തിന്റെ ഉള്ളടക്കം സീറോ മലബാർ സഭയാണ്. നാല് ഭാഗങ്ങളായി ഒന്നാം വാല്യം തിരിച്ചിട്ടുണ്ട്. മാർത്തോമ്മാ പൈതൃകം, പൗരസ്ത്യ സഭാപാരന്പര്യം: സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധി, സീറോമലബാർ സഭയും ആഗോള കത്തോലിക്കാസഭയും, ചങ്ങനാശേരി അതിരൂപതയും ഇതര വിഷയങ്ങളും എന്നിവയാണ് അവ. മാർത്തോമ്മായുടെ പൈതൃകം എന്ന ആദ്യഭാഗത്ത് പന്ത്രണ്ടു ലേഖനങ്ങളുണ്ട്. മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന്റെ തെളിവുകളും ചരിത്രസാക്ഷ്യങ്ങളുമല്ല ഇവിടെ വിവരിക്കപ്പെടുന്നത്. മാർത്തോമ്മാ ക്രൈസ്തവരുടെ വിശ്വാസബോധ്യങ്ങളിൽ അടിസ്ഥാനപരമായി നിൽക്കുന്ന ഒരു ആശയസംഹിതയായതിനാൽ അതിനു തെളിവുകൾ നൽകാൻ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നില്ല.
എന്നാൽ, സഭാസ്ഥാപകനായ ശ്ലീഹായും സഭാംഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വെളിച്ചത്തിൽ ക്രൈസ്തവ ജീവിതം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമുണ്ട്. പൗലോസ്ശ്ലീഹായും അദ്ദേഹം സ്ഥാപിച്ച സഭകളും തമ്മിൽ പുലർത്തിയ പിതാപുത്ര ബന്ധമാണ് അദ്ദേഹം അതിന് ആധാരമാക്കുന്നത്. മാത്രമല്ല, തിരുസഭയുടെ പാരന്പര്യങ്ങളും പ്രബോധനങ്ങളും ഈ വിഷയത്തിൽ പറയുന്നവയും ഉദ്ധരിക്കുന്നു. സീറോമലബാർ സഭയുടെ തനതായ സഭാത്മകശാസ്ത്രവും ആധ്യാത്മിക ജീവിതശൈലിയും മനസിലാക്കാൻ ഒന്നാം വാല്യം സഹായിക്കും എന്നതിൽ തർക്കമില്ല.
രണ്ടാംവാല്യത്തിന്റെ വിഷയം സഭാവിജ്ഞാനീയമാണ്. സഭ ദൈവിക സംവിധാനം, സഭൈക്യം, അജപാലനം, വൈദികസന്യസ്ത പരിശീലനം, നമ്മുടെ വിശുദ്ധരും മഹനീയമാതൃകകളും, സഭയും കുടുംബവും, പിതാവ് കുട്ടികൾക്ക് എഴുതിയ കത്തുകൾ എന്നീ ഏഴു ഭാഗങ്ങളായി ഈ വാല്യത്തിലെ 130 ലേഖനങ്ങൾ നിബന്ധിച്ചിരിക്കുന്നു. രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിലാണ് സഭയെക്കുറിച്ചുള്ള പിതാവിന്റെ ചിന്തകൾ. പലപ്പോഴും സഭയെ ഒരു ഭൗതികമാത്ര സംവിധാനമായി കാണാനുള്ള പ്രലോഭനം സഭാംഗംങ്ങൾക്കും പുറത്തുള്ളവർക്കും ഉണ്ടാകാറുണ്ട്.
എന്നാൽ, സഭ ദൈവനിർദിഷ്ടമായ ഒരു അതി സ്വാഭാവിക സംവിധാനമാണെന്ന് അംഗീകരിച്ചാലേ സഭയെ മനസിലാക്കാൻ കഴിയൂ. എന്നാൽ, സഭ ആധ്യാത്മികസംവിധാനം മാത്രമല്ല, അതു സമൂഹത്തിലാണ്. അനുദിന ജീവിതയാഥാർഥ്യങ്ങളെ സഭ കാണുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.
ആരാധക്രമമാണ് മൂന്നാം വാല്യത്തിന്റെ വിഷയം. 161 ലേഖനങ്ങളുള്ള വാല്യം ആറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ആരാധനാവത്സരം, വിശുദ്ധ കുർബാനയും ഇതരകൂദാശകളും, ആരാധനാഷ്ഠിത ആധ്യാത്മികത, ആരാധനാക്രമാധിഷ്ഠിത മതബോധനം, ആരാധനക്രമ പുനരുദ്ധാരണവും നവീകരണവും, തിരുനാളാചരണങ്ങൾ, സഭാപ്രബോധനങ്ങൾ, പിതാക്കന്മാരുടെ കൃതികളും ഭാഷ്യങ്ങളും എന്നിവയോടൊപ്പം ആരാധനാസമൂഹത്തെ കെട്ടിപ്പടുക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന ഒരുത്തമ അജപാലകന്റെ ഒൗമത്സുക്യവും ഈ ലേഖനങ്ങളെ ഹൃദ്യമാക്കുന്നു.
അജപാലകരായി ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നവർക്കു മാത്രമല്ല, സീറോ മലബാർ സഭയുടെ ആരാധനക്രമപരമായ തനിമയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഇതൊരു പാഠപുസ്തകമാണ്.
വിദ്യാഭ്യാസമാണ് നാലാംഭാഗം കൈകാര്യംചെയ്യുന്ന വിഷയം. 88 ലേഖനങ്ങളുള്ള ഈ വാല്യം ആറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു: മതവും വിദ്യാഭ്യാസവും, കേരളവും ന്യൂനപക്ഷാവകാശവും, ഉന്നതവിദ്യാഭ്യാസരംഗം, വിദ്യാർഥിപ്രവേശന അവകാശം, ഫീസ് ഘടനയും അവകാശവും, അധ്യാപക നിയമന അവകാശവും പാഠപുസ്തക രൂപീകരണ അവകാശവും. ഏറ്റവും പരിഷ്കൃതവും ആധുനികവുമെന്നു ലോകം കരുതുന്ന യൂറോപ്യൻ വിദ്യാഭ്യാസ പദ്ധതിയുടെ തുടക്കം കത്തോലിക്കസഭയുടെ വിദ്യാലയങ്ങളിലായിരുന്നു എന്നതൊരു ചരിത്രവസ്തുതയാണ്.
അതുപോലെ സർവകലാശാലകളുടെ സ്ഥാപകർ മാർപാപ്പാമാരായിരുന്നു. വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്ന ക്രൈസ്തവ മിഷണറിമാർ അതതു ദേശങ്ങളിൽ നടത്തിയ വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. കേരളവും ഇതിന് അപവാദമല്ല. വിദ്യാഭ്യാസ ദൗത്യത്തിൽ ബദ്ധശ്രദ്ധയായ സഭയെ അതിൽനിന്നു പിന്തിരിപ്പിക്കാനും സഭയുടെ സംഭാവനകളെ തമസ്കരിക്കാനും ശ്രമങ്ങൾ നടന്നുവരുന്ന വേളയിൽ ഈ പ്രബന്ധങ്ങൾ ഗൗരവതരമായി പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഭാരതഭരണഘടന വാഗ്ദാനംചെയ്യുന്ന അവകാശങ്ങൾ ഹനിക്കപ്പെടാവുന്ന സൗഹചര്യങ്ങൾ നിലവിൽ ഉള്ളപ്പോൾ.
സഭയും മാധ്യമവും രാഷ്ട്രീയവും എന്നാണ് അഞ്ചാംവാല്യത്തിന്റെ തലക്കെട്ട്. 123 ലേഖനങ്ങൾ എട്ടു ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു: മാധ്യമങ്ങളും പൊതു സമൂഹവും, മാധ്യമധർമം, സഭയും മാധ്യമങ്ങളും, ജനാധിപത്യവും തെരഞ്ഞെടുപ്പും അനുബന്ധ ചിന്തകളും, മതസാമൂഹിക രംഗങ്ങളിൽ രാഷ്ട്രീയവും അതിർവരന്പുകളും, വർഗസമരവാദത്തിനും വർഗീയവാദത്തിനുമെതിരേ, മതവും നിരീശ്വരത്വവും, സഭയും രാഷ്ട്രീയവും. ക്രൈസ്തവ മൂല്യങ്ങളിൽനിന്നു ജീവശ്വാസം സ്വീകരിക്കുന്ന ഒരു സാമൂഹ്യനിരീക്ഷകന്റെ ശക്തവും കൃത്യവുമായ ഇടപെടലുകളാണ് ഈ വാല്യത്തിലുള്ളത്. സഭയുടെയും സമുദായത്തിന്റെയും ജാഗ്രതയുള്ള കാവൽക്കാരനെന്ന് മാർ പവ്വത്തിലിനെ വിളിക്കുന്നത് അദ്ദേഹത്തിന്റെ സമയോചിതവും സുചിന്തിതവുമായ നടപടികളുടെ വെളിച്ചത്തിലാണല്ലോ.
ആറാം വാല്യത്തിൽ സഭയും സാമൂഹിക സാംസ്കാരിക വിഷയങ്ങളും എന്ന തലക്കെട്ടിൽ നാലുഭാഗങ്ങളിലായി 138 ലേഖനങ്ങളാണുള്ളത്. സഭയും സമൂഹവും, സഭാവിരുദ്ധർക്കുള്ള മറുപടി, ന്യൂനപക്ഷം, ധാർമികത എന്നിങ്ങനെയാണ് ലേഖനങ്ങൾ തിരിച്ചിരിക്കുന്നത്. സമകാലിക കേരളീയ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.
സഭയുടെ ചരിത്രവും ആദർശവും പ്രവർത്തനപദ്ധതികളുമൊക്കെ അടുത്തുപരിചയിച്ചിട്ടുള്ള ഒരു പഠിതാവാണ് ഗ്രന്ഥകർത്താവെന്ന് ഗ്രന്ഥത്തിന്റെ ഓരോ താളും തെളിയിക്കുന്നു. പ്രത്യയശാസ്ത്രക്കാർ സഭാരേഖകൾ വ്യാഖ്യാനിക്കുന്നതിന്റെ പൊള്ളത്തരവും കമ്യൂണിസത്തിന്റെ ഇരട്ടത്താപ്പും മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണികളുമൊക്കെ ചർച്ചാവിഷമാകുന്നു.
ആനുകാലികകങ്ങളിൽ പ്രത്യേക്ഷപ്പെട്ടപ്പോൾത്തന്നെ കേരളീയസമൂഹം ഗൗരവമായി പരിഗണിച്ചവയാണ് ഈ ലേഖനങ്ങൾ. പൊതുജീവിതത്തിൽ പുലർത്തേണ്ട ധാർമികതയെപ്പറ്റിയും നീതിയെക്കുറിച്ചും മറ്റുമുള്ള വിചിന്തനങ്ങൾ കേരളത്തിന്റെ ഭാവിയിൽ താത്പര്യമുള്ളവരെല്ലാം വായിച്ചുപഠിക്കേണ്ടതാണ്.
മാർ ജോസഫ് പവ്വത്തിൽ ഇംഗ്ലീഷിൽ രചിച്ച രണ്ടു ഗ്രന്ഥങ്ങളാണ് ഏഴാം വാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിതാവിന്റെ സഭാദർശനമാണ് ഒന്നാം വാല്യത്തിൽ. രണ്ടാംവാല്യത്തിന്റെ വിഷയം സഭ: കൂട്ടായ്മയുടെ രഹസ്യം എന്നതും. തികച്ചും പഠനാർഹവും ആധികാരികവുമായ പ്രബന്ധങ്ങളാണ് രണ്ടു ഭാഗങ്ങളിലുമുള്ളത്. സഭ എന്ന യാഥാർഥ്യം എന്നാണെന്നു മനസിലാക്കാനും സമകാലികലോകത്ത് സഭയുടെ ദൗത്യം എങ്ങനെ നിർവഹിക്കണമെന്നും പഠിക്കാനും അവശ്യം വായിച്ചിരിക്കേണ്ടവയാണ് ഈ പുസത്കങ്ങൾ.
ആശയങ്ങളിലെ വ്യക്തതയും ശൈലിയിലെ സാരള്യവുമാണ് മാർ പവ്വത്തിലിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. പാണ്ഡിത്യപ്രകടനമോ വാചാടോപത്തിന്റെ ദുർമേദസോ കൃതികൾക്കില്ല. പറയാനുള്ള കാര്യങ്ങൾ നേരെ ചൊവ്വേ പറയുകയാണ് പിതാവിന്റെ ശൈലി. അറിവുള്ള വിഷയങ്ങൾ മാത്രമേ അദ്ദേഹം കൈകാര്യം ചെയ്യൂ. ഈ ഗ്രന്ഥപരന്പരയുടെ ഓരോ കോപ്പി ലൈബ്രറികളിലെങ്കിലും തീർച്ചയായും ഉണ്ടാകേണ്ടതാണ്.
പുസ്തകങ്ങളിലും സ്മരണികകളിലും ദിനപത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമായി ചിതറിക്കിടന്ന ലേഖനങ്ങൾ കണ്ടെത്തി സമാഹരിച്ച എഡിറ്റർ മാർ തോമസ് പാടിയത്ത് ഏവരുടെയും അഭിനന്ദനം അർഹിക്കുന്നു. കെട്ടിലും മട്ടിലും തികഞ്ഞ സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. അതിമനോഹരമായി സാക്ഷാത്കരിച്ച ഈ സന്പൂർണ കൃതികൾക്ക് അവ അർഹിക്കുന്ന പ്രചാരം ലഭിക്കട്ടെ.
ഇതിന്റെ കോപ്പികൾ ചങ്ങനാശേരി സന്ദേശനിലയം ഓഫീസിൽ ലഭ്യമാണ്.'