രാകേഷ് നാഥ്
(സന്ദീപ് സലിം രചിച്ച സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്ന കൃതിയെക്കുറിച്ച്)

മലയാള സാഹിത്യത്തിനുതന്നെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് അനുഗൃഹീത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സന്ദീപ് സലിം തന്റെ ആദ്യ പുസ്തകമായ സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്ന കൃതി തയാറാക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്തരായ, അടയാളങ്ങളായ എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണീ ഗ്രന്ഥം. എഴുതി എന്നതു മാത്രമല്ല, നന്നായി എഡിറ്റ് ചെയ്തു എന്നതുകൊണ്ടുകൂടി ഈ ഗ്രന്ഥം സവിശേഷതയാര്‍ജിക്കുന്നു. കഥ, കവിത, നാടകം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ച് കാക്കനാടന്‍, പെരുമ്പടവം ശ്രീധരന്‍, കെ.പി.രാമനുണ്ണി, ബന്യാമിന്‍, ടി.ഡി.രാമകൃഷ്ണന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, വി.എം.ദേവദാസ്, അക്കിത്തം,വിഷ്ണു നാരായണന്‍ നമ്പൂതിരി, ഡി.വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡോ. എം.കെ.സാനു, ഡോ.എം.തോമസ് മാത്യു, ഡോ. വയല വാസുദേവന്‍പിള്ള എന്നിങ്ങനെ പതിനാല് മഹദ്‌വ്യക്തികളാണ് ഈ പുസ്തകത്തില്‍ അഭിമുഖസംഭാഷണങ്ങളായി ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതില്‍ത്തന്നെ കാക്കനാടന്‍, ഡി.വിനയചന്ദ്രന്‍ എന്നിവരുടെ അവസാനത്തെ അഭിമുഖ സംഭാഷണങ്ങളാണ് സന്ദീപ് സലിമുമായി നടന്നത് എന്നതുകൂടി ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

ഒരുപാട് അഭിമുഖ സംഭാഷണ കൃതികള്‍ നമുക്കു മുന്നിലുണ്ടെങ്കിലും ഈ കൃതി വ്യത്യസ്തമാകുന്നത് അതിന്റെ ചോദ്യാവലികളിലെ വ്യത്യസ്തതയോടെയാണ്. ഒരു സമ്പൂര്‍ണ അഭിമുഖമായി പലതും മാറുന്നു. എഴുത്തുകാരന്റെ ജീവിതരേഖകൂടി വ്യക്തമാകുന്ന നിലയിലാണ് ഓരോ അഭിമുഖവും തയാറാക്കിയിരിക്കുന്നത്. ഗ്രന്ഥകാരനെക്കൂടി ഒന്നുമറിയാത്ത ഒരു വായനക്കാരനുപോലും വായിച്ചാല്‍ ആ വ്യക്തിയെക്കുറിച്ച് സമഗ്രമായ അറിവ് ലഭിക്കുംവിധമാണ് സന്ദീപ് സലിം ഈ കൃതി തയാറാക്കിയിരിക്കുന്നത്. സമകാലീന പ്രശ്‌നങ്ങളുടെ വില്പനസാധ്യത മുന്‍നിര്‍ത്തിയല്ല ഓരോ അഭിമുഖസംഭാഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നും ഈ കൃതിയുടെ മഹിമ വ്യക്തമാക്കിത്തരുന്നു. പ്രത്യേകിച്ചു കെ.പി.രാമനുണ്ണിയുടെ നമുക്ക് വേണ്ടത് മതരഹിത മതേതരത്വമല്ല, മതസഹിത മതേതരത്വം എന്ന അഭിമുഖം ഇന്നും പ്രസക്തിയുള്ളതാണ്. ഒരുവരിപോലും മാറ്റാതെ പുനഃപ്രസിദ്ധീകരണത്തിനു യോഗ്യമാണ് എല്ലാ അഭിമുഖസംഭാഷണങ്ങളും. അതുകൊണ്ട് ഈ പുസ്തകത്തിലെ എല്ലാ അഭിമുഖസംഭാഷണങ്ങളും കാലത്തെ അതിജീവിക്കുകയും എല്ലാക്കാലത്തും ക്ലാസിക്കുകളായി തുടരാന്‍ ശേഷിയുള്ള സംഭാഷണങ്ങളായും മാറുന്നവയാണ്.

കാക്കനാടന്റെ തുറന്നുപറച്ചിലുകള്‍ അതുപോലെതന്നെ എടുത്തുപയോഗിച്ചതിലും സന്ദീപ് സലിമിന്റെ ആത്മാര്‍ഥത കാണാം. ടി.ഡി.രാമകൃഷ്ണന്റെ അഭിമുഖം ശ്രീലങ്കന്‍ പ്രശ്‌നവിഷയം ചര്‍ച്ചചെയ്യുന്നതിലൂടെ രാഷ്ട്രീയപരമായ ഉന്നമനം ഈ അഭിമുഖം ലക്ഷ്യമാക്കുന്നു. ബന്യാമിന്റെ യഥാര്‍ഥ പേര് ഒരുപക്ഷേ ഈ പുസ്തകത്തിലൂടെയായിരിക്കും കൂടുതല്‍ വായനക്കാര്‍ തിരിച്ചറിയുക. അക്കിത്തത്തിന്റെ സാത്വികമായ വശങ്ങള്‍ എങ്ങനെയാണ് അദ്ദേഹത്തിനു കൈവന്നതെന്നും ഈ അഭിമുഖം തുറന്നുകാട്ടുന്നു.

എല്ലാ സാഹിത്യകാരനും അവരുടെ ജീവിതരേഖകൊണ്ടാണ് പ്രത്യയശാസ്ത്രം രൂപീകരിക്കുന്നതെന്ന സാധാരണബോധ നിയമമാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. ദീപിക ആഴ്ചപ്പതിപ്പ് എന്ന സുവര്‍ണകാലത്തിന്റെ തുടര്‍ച്ച ഒരുപക്ഷേ സന്ദീപ് സലിം നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ പ്രകാശനരൂപം ദീപിക വാരാന്ത്യപ്പതിപ്പുകളിലാണ് ഉണ്ടായിവന്നത്. സാഹിത്യത്തെ, സാഹിത്യജീവിതങ്ങളെ അനുഭവതലമാക്കുന്ന അഭിമുഖസംഭാഷണങ്ങള്‍തന്നെയാണ് ഈ കൃതിയിലുള്ളത്. സൂക്ഷിച്ചുവയ്ക്കാവുന്ന കൃതി, റഫറന്‍സായും മാറുന്ന കൃതി.

പ്രസാധനം / വിതരണം നാഷണല്‍ ബുക് സ്റ്റാള്‍
വില: 130 രൂപ