'പ്രകാശ നഗരത്തിലേക്കൊരു യാത്ര (പുസ്തകാസ്വാദനം)'
പ്രകാശ നഗരത്തിലേക്കൊരു യാത്ര (പുസ്തകാസ്വാദനം)
'സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കടന്നുവരുന്ന വി ജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍.മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ഥ്യങ്ങളെ വിരല്‍ ചുണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏര്‍പ്പെടുന്നത്.

സഞ്ചാര സാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷക്ക് നല്‍കിയിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖക്ക് സാഹിത്യത്തിന്‍റെ സര്‍വ്വമേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള യൂ.ആര്‍. എഫ് ലോക റെക്കോര്‍ഡ് ജേതാവായ കാരൂര്‍ സോമനില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.കാരൂരിന്റ യാത്ര വിവരണങ്ങ ളായ ഇംഗ്ലണ്ട്, ഓസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി, ഫിന്‍ലന്‍ഡ്, ആഫ്രിക്ക, സ്‌പെയിന്‍, സൗദി അറേബ്യ വായിച്ചാല്‍ ഒരു ദീര്‍ഘദൂര യാത്ര ആവശ്യമില്ലെന്ന് തോന്നും.

പ്രഭാത് ബുക്ക്‌സ്, കെ.പി.ആമസോണ്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ പുറത്തിറക്കിയ 'കണ്ണിന് കുളിരായി 'ഫ്രാന്‍സ്) യാത്ര വിവരണം ഫ്രാന്‍സിന്റെ ഉള്‍കാഴ്ചകള്‍ അനുഭൂതി മാധുര്യത്തോടെ എഴുതിയിരി ക്കുന്നു. ഏതൊരു കൃതിയും മധുരതരമാകുന്നത് അത് ഹൃദയാനുഭൂതിയായി മാറുമ്പോഴാണ്. സഞ്ചാര സാഹി ത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാന്‍ സര്‍ഗ്ഗധനരായ സാഹിത്യ പ്രതിഭകള്‍ക്ക് മാത്രമേ സാ ധിക്കു. പ്രഭാത് ബുക്ക്‌സ് പ്രസാധകക്കുറിപ്പില്‍ പറയുന്നത്.

'നേരില്‍ കാണുന്ന കാഴ്ചകളാണ് അറിവുകള്‍. പ്രകാശത്തിന്റെ നഗരമായ ഫ്രാന്‍സ് ഒരു സംസ്‌ക്കാരമാണ്. ഒരിക്കലും പഠിച്ചുതീര്‍ക്കാനാവാത്ത പടയോട്ടത്തി ന്റെ രക്തം പുരണ്ട ശവക്കല്ലറകള്‍ നിറഞ്ഞ നാട്. അവിടുത്തെ കല്‍ത്തുറുങ്കുകള്‍ക്ക് പോലും സാഹിത്യത്തി ന്റെ പ്രണയാതുരുത്വമുണ്ട്.അത് ടി.വി.പെട്ടിയില്‍ അടയിരിന്നു കാണുന്ന മായാ കാഴ്ചകളല്ല.അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉള്‍ത്തുടുപ്പുകളാണ് ഈ സഞ്ചാര സാഹിത്യ കൃതിയില്‍ എഴുതിയിരിക്കുന്നത്. ഈ കൃതി കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്'.

ഈ കൃതി വായിച്ചപ്പോള്‍ ഒരു സമ്പന്ന രാജ്യത്തിന്‍റെ സാമൂഹ്യ സംസ്‌ക്കാരിക പാരമ്പര്യം ദാര്‍ശനിക ഭാവത്തോടെ സുഷമ സുന്ദരമായി അനാവരണം ചെയ്യുന്നു. അതൊരു വായനക്കാരന് അപൂര്‍വ്വ അനുഭവമാണ് നല്‍കുക. അദ്ധ്യായം ഏഴില്‍ നെപ്പോളിയന്‍ പറയുന്നു. 'അസാധ്യം വിഡ്ഢികള്‍ക്കുള്ളത്'.

യൂറോപ്പിനെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിന്ന നെപ്പോളിയനെ 1815 ജൂണ്‍ 15 ന് ബെല്‍ജിയത്തിലെ വാട്ടര്‍ലൂ യുദ്ധത്തില്‍ ബ്രിട്ടന്‍ പരാജപ്പെടുത്തി അഫ്രിക്കയിലെ ബ്രിട്ടീഷ് അധീനതയിലുള്ള സെയിന്റ്‌ഹെലിനയിലേക്ക് നാടു കടത്തി. നെപ്പോളിയന് മുന്‍പും ശേഷവും മനുഷ്യ ജീവിതം അരാജകത്വത്തിലേക്ക് വഴി മാറിയപ്പോള്‍ അവ രുടെ ഭാരങ്ങളേറ്റെടുക്കാന്‍ ദുര്‍ബലരായ മനുഷ്യരുടെ മുന്നില്‍ വിപ്ലവകാരികളായ സാഹിത്യ പ്രതിഭകള്‍ അണിനിരന്നു. 'മനുഷ്യരാശിയുടെ വളര്‍ച്ചക്ക് സര്‍ഗ്ഗസൃഷ്ടികളുടെ പങ്ക് വളരെ വലുതാണ്.

അവരുടെ ജീവന്‍ തുടിക്കുന്ന വാക്കുകള്‍ വിലപ്പെട്ടതാണ്. സര്‍ഗ്ഗ പ്രതിഭകളില്ലാത്തൊരു ലോകം ഇരുളടഞ്ഞതാണ്. ബുദ്ധി ജീവിയായ വോള്‍ട്ടയറെ നാടുകടത്തിയതുപോലെ വിക്ടര്‍ ഹ്യൂഗൊയിക്കും ആത്മസംഘര്‍ഷത്തിന്‍റെ നാളു കളായിരിന്നു. അധികാരികള്‍ മേയര്‍ പദവി കല്‍പ്പിച്ചു നല്‍കിയെങ്കിലും അത് തള്ളി ജനത്തിനൊപ്പംനിന്നു.

അധികാരികളുടെ താത്പര്യമനുസരിച്ചു് ജീവിച്ചിരുന്നുവെങ്കില്‍ വീടും നാടും ഉപേക്ഷിക്കേണ്ടി വരില്ലായി രുന്നു. അധികാരം ഊരിലിറങ്ങുന്ന ഹിംസ്ര ജീവികളെ പോലെയാകുമ്പോള്‍ എഴുത്തുകാര്‍ രംഗത്ത് വരിക സ്വഭാവികമാണ്'. (പേജ് 60). ഇങ്ങനെ അതിഭാവുകത്വം കൂടാതെ വളരെ സ്‌നേഹാര്‍ദ്രമായ വാക്കുകള്‍ വിടര്‍ന്ന കണ്ണുകളോടായാണ് വായിച്ചത്.

1851ല്‍ ഹ്യൂഗോ നെപ്പോളിയന്‍ രാജാവിന് ഒരു തുറന്ന കത്തെഴുതി.'നിങ്ങള്‍ ആയുധമുയര്‍ത്തു മ്പോള്‍ ഞാനുയര്‍ത്തുന്നത് ആശയമാണ്. നിങ്ങള്‍ ഒരു രാജ്യത്തിന്റ അധികാരിയെങ്കില്‍ ഞാന്‍ ഒരു സംസ്‌കാ രത്തിന്റെ പ്രതിനിധിയാണ്'.(പേജ് 6162). ഇങ്ങനെ കര്‍ത്തവ്യബോധമുള്ള മനുഷ്യ സ്‌നേഹികളായ ധാരാളം സാഹിത്യ പ്രതിഭകളെയാണ് ലോകം കണ്ടത് ഇതൊക്കെ വായിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് നമ്മുടെ കേര ളത്തിലെ എഴുത്തുകാരുകുടി ഈ കൃതി വായിക്കുന്നത് നല്ലതാണ്.

പുസ്തകക്കടയില്‍ കിട്ടില്ലെങ്കില്‍ ആമസോണ്‍ വഴി കിട്ടും. ഈ കൃതിയില്‍ പാവങ്ങളുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ സാര്‍ത്, മോപ്പസാങ്ങ്, ഫ്രഞ്ച് ഭാഷയുടെ പിതാവായ ജൂലിസ് ഗബ്രിയേല്‍ വേര്‍നെല്‍, അലക്‌സന്‍ഡര്‍ ഡ്യൂമാസ്, ആല്‍ബര്‍ട്ട് കാമു, വോള്‍ട്ടയര്‍ തുടങ്ങി ധാരാളം എഴുത്തുകാരുടെ ശില്പങ്ങള്‍, ശവക്കല്ലറകള്‍ പാരീസ് വെര്‍സെല്‍സ് കൊട്ടാരം, പാന്തോണ്‍ ശ്മശാന മണ്ണ് ഇവിടെക്കെല്ലാം ഒരു ഗൈഡിനെപ്പോലെ സഞ്ചാരി നമ്മെ കൊണ്ടുപോകുന്നു. (അദ്ധ്യായം 10).

യാത്രകളുടെ കെട്ടുകളഴിച്ചെടുക്കുമ്പോള്‍ പല അത്ഭുത കാഴ്ചകള്‍, വികാരചിന്തകള്‍, കലാസാ ഹിത്യ, സാമൂഹ്യ വിപ്ലവങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍ തുടങ്ങിയവ തരളവും മധുരവുമായി, നേര്‍ക്കാഴ്ചക ളായി വിവരിക്കുന്നു. 'നിലാവിലലിയുന്ന നോട്രിം ഡാം ദേവാലയം, ദേവി ചിത്രം മൊണാലിസ, ഡാവിഞ്ചിയിലെ രഹസ്യം, പാരിസിലെ നക്ഷത്ര കൊട്ടാരം, ലൂര്‍ദ് ദേവാലയത്തിലെ ജീവന്‍റെ ഉറവ, ഈഫല്‍ സുന്ദരി അസാധ്യം വിഡ്ഢികള്‍ക്കുള്ളത്' തുടങ്ങിയ ഓരോ അദ്ധ്യായങ്ങളും സമഗ്രമായ പഠനത്തിന് വഴിയൊരുക്കുന്നു.

ഈ കൃതി പത്തനാപുരം ഗാന്ധി ഭവനില്‍ വെച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി.ഗാന്ധി ഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് നല്‍കി പ്രകാശനം ചെയ്തു. പാരീസ് പ്രകാശത്തിന്റെ നഗരമെങ്കില്‍ ഈ കൃതി മലയാളത്തിന് ഉജ്വലശോഭ വിതറുന്ന കൃതിയാണ്. 'കണ്ണിന് കുളിരായി' ഫ്രാന്‍സ് യാത്രാവിവരണം വൈഞ്ജാനിക സഞ്ചാര സാഹിത്യത്തിന് ഒരമൂല്യ നിധിയായി സൂക്ഷിക്കാം.

കണ്ണിന് കുളിരായി (ഫ്രാന്‍സ്)
യാത്രാവിവരണം
പ്രസാധകര്‍ പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം.
വില 100 രൂപ
കെ.പി.ആമസോണ്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍
ലണ്ടന്‍, ഇംഗ്ലണ്ട്.


അഡ്വ.റോയി പഞ്ഞിക്കാരന്‍
[email protected]'