അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കു ഫെലോഷിപ്പുകൾ നൽകുന്ന ദേശീയ പദ്ധതിയാണ് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ). കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്ര,സാങ്കേതിക വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥികളെ ഈ വിഷയങ്ങൾ പഠിക്കുന്നതിനും അവർക്കു ഗവേഷണപാത തുറന്നു നൽകുന്നതിനും ഈ ഫെലോഷിപ്പുകൾ സഹായിക്കും. ഗവേഷണത്തിനു വേണ്ട താത്പര്യവും കഴിവുമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരുടെ അക്കാദമിക് താത്പര്യങ്ങൾ വളർത്തിയെടുക്കുന്നതിനും അവരെ ശാസ്ത്ര ഗവേഷണത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഈ ഫെലോഷിപ്പുകളുടെ നടത്തിപ്പ് ബംഗളൂരുവിലെ പ്രശസ്ത സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്.
വിഷയങ്ങൾ ഏറെ
ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് ഈ ഫെലോഷിപ്പ് നൽകുക. അവർക്ക് അടിസ്ഥാനശാസ്ത്രത്തിലെ ബിഎസ്സി, ബിഎസ്, ബി സ്റ്റാറ്റ്, ബി മാത്ത്, ഇന്റഗ്രേറ്റഡ് എംഎസ്സി, എംഎസ് കോഴ്സുകൾ പഠിക്കുന്നതിന് ഈ ഫെലോഷിപ്പുകൾ ഉപയോഗിക്കാം. തെരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോ കെമിസ്ട്രി, മൈക്രോ ബയോളജി, സെൽബയോളജി, ഇക്കോളജി, മോളിക്കുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോ സയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോ മെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയണ്മെന്റൽ സയൻസ് എന്നിവയാണ്.
ബിഎസ്സി, ബിഎസ് തുടങ്ങിയ കോഴ്സുകളിൽ മൂന്നുവർഷവും ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളിലെ ആദ്യത്തെ മൂന്നുവർഷങ്ങളിലും മാസംതോറും 5000 രൂപ സ്റ്റൈപ്പൻഡും 20000 രൂപ വാർഷിക കണ്ടിജൻസി ഗ്രാന്റും ലഭിക്കും. ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളുടെ നാലും അഞ്ചും വർഷങ്ങളിലും എംഎസ്സി കോഴ്സുകളുടെ രണ്ടു വർഷവും 7000 രൂപ സ്റ്റൈപ്പൻഡും 28000 രൂപ വാർഷിക കണ്ടിജൻസി ഗ്രാന്റും ലഭിക്കും.
മൂന്നു സ്ട്രീം
കെവിപിവൈക്ക് മൂന്നുവിധത്തിൽ ചേരാൻ പറ്റും. സ്ട്രീം എസ്എ, സ്ട്രീം എസ്എക്സ്, സ്ട്രീം എസ്ബി. സ്ട്രീം എസ്എയിൽ 2018-19 അക്കാഡമിക് വർഷത്തിൽ പതിനൊന്നാം സ്റ്റാൻഡേർഡിൽ പഠിക്കുന്നവർക്ക് ചേരാൻ സാധിക്കും. അവർ പത്താം സ്റ്റാൻഡേർഡിലെ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിനും ശാസ്ത്രവിഷയങ്ങളിലും കൂടി 80 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. എസ്സി/എസ്ടികാർക്ക് 70 ശതമാനം മാർക്ക് മതി. എസ്എയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2020-21 അക്കാദമിക് വർഷത്തിൽ ബിഎസ്സി/ബിഎസ് എന്നീ കോഴ്സുകളിൽ ചേരുന്പോൾ ഫെലോഷിപ്പ് ലഭിച്ചു തുടങ്ങും. അവർക്ക് പന്ത്രണ്ടാം സ്റ്റാൻഡേർഡിലെ (പ്ലസ്ടുവിലെ) ബോർഡ് പരീക്ഷയിൽ ശാസ്ത്രവിഷയങ്ങൾക്കെല്ലാം കൂടി 60 ശതമാനം (എസ്സി/എസ്ടിക്കാർക്ക് 50 ശതമാനം) മാർക്കുണ്ടായിരിക്കണം. 12-ാം സ്റ്റാൻഡേർഡിലെ പരീക്ഷകൾ കഴിയുന്നതുവരെയുള്ള ഒരുവർഷത്തെ ഇടവേളയിൽ ഫെലോഷിപ്പ് കിട്ടിയവരെ എല്ലാം ദേശീയമോ പ്രാദേശികമോ ആയ ശാസ്ത്ര ക്യാന്പുകളിൽ പങ്കെടുക്കാൻ വിളിക്കും. അവരുടെ യാത്രാ ചെലവുകളും മറ്റും കെവിപിവൈ നൽകും.
പന്ത്രണ്ടാം സ്റ്റാൻഡേർഡിൽ (പ്ലസ്ടു) ശാസ്ത്ര വിഷയങ്ങളിൽ 2018-19ൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്ട്രീം എസ്എക്സിൽ ചേരാം. അവർ 2019-20ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ബിഎസ്സി/ബിഎസ് /ബിസ്റ്റാറ്റ്/ ബിമാത്ത്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവരായിരിക്കണം. അവർക്ക് പത്താം സ്റ്റാൻഡേർഡിലെ ബോർഡ് പരീക്ഷയ്ക്ക് എല്ലാ ശാസ്ത്ര വിഷയങ്ങളിലും (മാത്തമാറ്റിക്സ് ഉൾപ്പെടെ) കൂടി 80 ശതമാനം മാർക്കും (എസ്സി/എസ്ടിക്കാർക്ക് 70 ശതമാനം ) പന്ത്രണ്ടാം സ്റ്റാൻഡേർഡിലെ ബോർഡ് പരീക്ഷയ്ക്ക് എല്ലാ ശാസ്ത്ര വിഷയങ്ങൾക്കും കൂടി (മാത്തമാറ്റിക്സ് ഉൾപ്പെടെ) 60 ശതമാനം മാർക്കും (എസ്സി/എസ്ടിക്കാർക്ക് 50 ശതമാനം ) ഉണ്ടായിരിക്കണം.
കേംബ്രിഡ്ജ് ഇന്റർനാഷണൽ ബോർഡിന്റെ രണ്ടാംവർഷ കോഴ്സിൽ ചേർന്നവർക്കും ഈ സ്ട്രീമിൽ ചേരാം. മറ്റു നിബന്ധനകൾ മേൽപറഞ്ഞതുപോലെയായിരിക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത് ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്ത്/ഇന്റഗ്രേറ്റഡ് എംഎസ്സി ഒന്നാംവർഷം ചേർന്നിട്ടുള്ളവർക്കാണ് എസ്ബി സ്ട്രീം. അവർ പന്ത്രണ്ടാം സ്റ്റാൻഡേർഡ് ബോർഡ് പരീക്ഷയ്ക്ക് ശാസ്ത്ര വിഷയങ്ങളിലെല്ലാം കൂടി 60 ശതമാനം മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50 ശതമാനം) കിട്ടിയിരിക്കണം. ഡിഗ്രിയുടെ ഒന്നാം വർഷ പരീക്ഷയിലും അവർ 60 ശതമാനം മാർക്ക് (എസ്സി/എസ്ടി ക്കാർക്ക് 50 ശതമാനം) വാങ്ങുകയും വേണം.
അഭിരുചി പരീക്ഷ കടക്കണം
ഫെലോഷിപ്പ് ലഭിക്കുന്നതിനും ഒരു അഭിരുചി പരീക്ഷയിൽ പങ്കെടുക്കണം. ആ പരീക്ഷ പാസാകുന്നവരെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വിളിക്കും. അതിലും മിടുക്ക് കാട്ടുന്നവരെ മാത്രമേ ഫെലോഷിപ്പിന് തെരഞ്ഞെടുക്കുകയുള്ളൂ. അഭിരുചി പരീക്ഷയ്ക്ക് പ്രത്യേക സിലബസില്ല. 12-ാം സ്റ്റാൻഡേർഡ് വരെ പഠിച്ച ശാസ്ത്രം, മാത്തമാറ്റിക്സ് എല്ലാം ഈ പരീക്ഷയ്ക്ക് ആസ്പദമാക്കും. ചോദ്യങ്ങൾ നേരിട്ടുള്ളതായിരിക്കില്ല. ശരിക്ക് വിശകലനം ചെയ്തേ ഉത്തരം എഴുതാൻ സാധിക്കുകയുള്ളു.
ഓണ്ലൈനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ സജ്ജമായി. ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷയ്ക്കുള്ള പ്രവേശന കാർഡ് (ഹാൾടിക്കറ്റ്) ഒക്ടോബർ രണ്ടാമത്തെ ആഴ്ച നൽകിത്തുടങ്ങും. ഇക്കൊല്ലത്തെ എഴുത്തു പരീക്ഷ നവംബർ നാലിനാണ്. കെവിപിവൈ പരീക്ഷയും ഇന്റർവ്യൂവും പാസാകുന്നവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചുകളിലും (ഐസറുകൾ), ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബിഎസ് കോഴ്സിനും നേരിട്ടു ചേരാൻ സാധിക്കും.
വിലാസം: അഡ്മിഷൻ കോഓർഡിനേറ്റർ, കെവിപിവൈ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു-560 012. ഫോണ്: 080 2293 2975,76, 2360 1008. വെബ്സൈറ്റ്: www.kvpy.iisc.ernet.in