പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച്, നിയമം എന്നിവയിലേക്ക് കമ്മീഷൻഡ് തസ്തികളിലേക്ക് പുരുഷൻമാരേയും. ഷോർട്ട് സർവീസ് തസ്തികയായ ജനറൽ ഡ്യൂട്ടിയിലേക്ക് സ്ത്രീകളെയും ഷോർട്ട് സർവീസ് പൈലറ്റ് തസ്തികയിലേക്ക് സ്ത്രീകളേയും പുരുഷൻമാരേയുമാണു ക്ഷണിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് കമൻഡാന്റ് കമ്മീഷൻഡ് ജനറൽ ഡ്യൂട്ടി- യോഗ്യത: അംഗീകൃതസർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-24. 1994 ജൂലൈ ഒന്നിനും 1999 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
ജനറൽ ഡ്യൂട്ടി പൈലറ്റ്, നാവിഗേറ്റർ-ഒബ്സർവയർ- യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിഎസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് പാസായിരിക്കണം. ബിരുദത്തിന്റെ അവസാനവർഷം ഫിസിക്സോ മാത്തമാറ്റിക്സോ നിർബന്ധമായി പഠിച്ചിരിക്കണം. പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-26നും മധ്യേ. 1992ജൂലൈ ഒന്നിനും 1999ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
ടെക്നിക്കൽ ബ്രാഞ്ച് (മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ, ഇലക്ട്രിക്കൽ)- യോഗ്യത: നേവൽ ആർക്കിടെക്ചറൽ, മെക്കാനിക്കൽ, മറൈൻ, ഡിസൈൻ, പ്രൊഡക്ഷൻ, എയ്റോനോട്ടിക്കൽ, ഓട്ടോമോട്ടീവ്, ഇൻസ്ട്രമെന്റേഷൻ ആൻഡ് കണ്ട്രോൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എന്നിവയിൽ 60 ശതമാനം മാർക്കോടെ എഐസിടിഇ എൻജിനിയറിംഗ് ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. അല്ലെങ്കിൽ എ ആൻഡ് ബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് എക്സാമിനേഷൻ 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
പൈലറ്റ്(കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക്) -യോഗ്യത: മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഡിജിസിഎ അംഗീകരിച്ച കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം: 18-26. 1992ജൂലൈ ഒന്നിനും 2000 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.