ലോക റാങ്കിംഗിൽ ആദ്യത്തെ 200 സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നും ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ്. ഇവിടുത്തെ ഡിപ്പാർമെന്റുകൾ പലതും ഇൻസ്റ്റിറ്റ്യൂട്ടിനെക്കാൾ ഉയർന്ന സ്ഥാനം നിലനിർത്തുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരുവിൽ അറിയപ്പെടുന്നത്. അതിനു കാരണം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകൈയെടുത്തത് ജംഷഡ്ജി ടാറ്റാ ആയതുകൊണ്ടാണ്.
ടാറ്റ തുടങ്ങി
ജംഷഡ്ജി ടാറ്റാ 1893 ൽ കപ്പൽ യാത്രയിൽ സ്വാമി വിവേകാനന്ദനുമായി പങ്കു വച്ച ആശയത്തിൽ നിന്നാണ് ഇൻസ്റ്റിറ്റ്യൂട്ടി പിറവി. ഇൻസ്റ്റിറ്റ്യൂട്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രഫ. വില്യം റാംസേയെ (നോബൽ സമ്മാനം ലഭിച്ചയാൾ) നിയോഗിച്ചു. പ്രഫ. റാംസേയാണ് ബംഗളൂരു ആണ് നല്ല സ്ഥലമെന്നു നിർദേശിച്ചത്. (ഇതു കൂടാതെ മറ്റൊരു കഥയും പറഞ്ഞുകേട്ടിണ്ട്. പ്രഫ. റാംസേയോട് ദക്ഷിണ ഇന്ത്യയിൽ ഒരു സ്ഥലം കണ്ടുപിടിക്കാനാണ് നിർദേശിച്ചത്. പ്രഫസർ ആദ്യം വന്നത് തിരുവനന്തപുരത്താണ് എന്നു പറയപ്പെടുന്നു. അന്നത്തെ ദിവാൻ പ്രഫ. റാംസേയോട് ഇത്രയും സ്ഥലം തിരുവനന്തപുരത്ത് നൽകാൻ ഇല്ലെന്ന് അറിയിച്ചുവത്രെ. ഇംഗ്ലീഷ് വിദ്യാഭ്യാസം നന്നായി നടക്കുന്ന സ്ഥലമായതുകൊണ്ടാണു തിരുവിതാംകൂറിൽ വന്നത്. അതിനു ശേഷം പ്രഫ. റാംസേ തിരുവനന്തപുരത്തു നിന്നും മൈസൂരിലേക്കാണു പോയത്. മൈസൂർ മഹാരാജാവ് എച്ച്.എച്ച്. കൃഷ്ണരാജവാഡയാർ 371 ഏക്കർ സ്ഥലം ബംഗളൂരുവിൽ ഉടൻ തന്നെ നൽകി. ഇതിന്റെ ശരിയായ വിവരങ്ങൾ ഒരുപക്ഷേ ടാറ്റാ ആർക്കൈവ്സിൽ ഉണ്ടായിരിക്കും).
അങ്ങനെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആരംഭിച്ചത്. പൊതു കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും കൂടാതെ ഇലക്ട്രോ ടെക്നോളജിയിലും രണ്ട് ഡിപ്പാർട്ട്മെന്റുകളാണ് ആദ്യം തുടങ്ങിയത്. രണ്ട് മാസത്തിനകം ഓർഗാനിക് കെമിസ്ട്രിയിലും ഒരു ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കാൻ തുടങ്ങി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനു ഡീംഡ് സർവകലാശാല പദവിയും നൽകി.
39 ഡിപ്പാർട്ട്മെന്റുകൾ
എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം ആദ്യം ആരംഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലാണ്. ഇപ്പോൾ 39 ഡിപ്പാർട്ട്മെന്റുകളും കുറേ ഗവേഷണ സെന്ററുകളും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്. 3500 വിദ്യാർഥികൾ ഇവിടെ പഠിക്കു ന്നു. അതിൽ 2200 പേർ പി എച്ച്ഡിക്കു ചേർ ന്നവരാ ണ്. അ ഞ്ഞൂറിലധികം അ ധ്യാപകരും ഇവിടെയുണ്ട്. കൂ ടാതെ പിഎച്ച് ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച് ഡി ക്കും വി ദ്യാർഥികളെ പ്രവേശിപ്പിക്കുന്നുണ്ട്. 2011 മുതൽ ശാ സ്ത്ര വിഷയങ്ങളിൽ നാലുവർഷത്തെ ബിഎസ് കോഴ്സും ഇവിടെ നടത്തുന്നു. ബയോളജി, കെമിസ്ട്രി, എൻവയണ്മെന്റൽ സയൻസ്, മറ്റീരിയൽസ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളാണു പ്രോഗ്രാമിന്റെ ഭാഗമായുള്ളത്. ഇതോടൊപ്പം എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും കോഴ്സിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളിൽ കോർ വിഷയത്തിനു പുറമെ എൻജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റർ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകൾ ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോജക്ട് വർക്കുകൾക്കുമാണു പ്രാധാന്യം നൽകിയിരിക്കുന്നത്. ഗവേഷക പ്രതിഭകളെ വാർത്തെടുക്കുന്നതിന് ഈ കോഴ്സ് പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.
ലൈബ്രറിയും കംപ്യൂട്ടർ സെന്ററും കേമം
ഐഐഎസ്സിയുടെ അഭിമാനമായി നിൽക്കുന്നത് അതിന്റെ ലൈബ്രറിയും കംപ്യൂട്ടർ സെന്ററുമാണ്. പ്രധാന ലൈബ്രറിയിൽ 411000 പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. 2000 ൽ അധികം ജേർണലുകൾ ലൈബ്രറിയിൽ ലഭ്യമാണ്. ഇതുകൂടാതെ മറ്റുപല ജേർണലുകളും ലൈബ്രറിയിൽ വായിക്കാൻ സാധിക്കുന്നു. ലൈബ്രറിക്കു നൽകിയിരിക്കുന്ന പേര് ജെആർഡി ടാറ്റാ ലൈബ്രറി എന്നാണ്. നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് ഈ ലൈബ്രറിയെ റീജണൽ സെന്റർ ഫോർ മാത്തമാറ്റിക്സ് ആയി അംഗീകരിക്കുകയും ചെയ്തു.
ഐഐഎസ്സിയുടെ കംപ്യൂട്ടർ സെന്റർ 1990 ൽ സൂപ്പർ കംപ്യൂട്ടർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ ആയി. സൂപ്പർ കംപ്യൂട്ടർ വികസിപ്പിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സ്ഥാപനമാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ സിആർഎവൈ എക്സ് സി 40 ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്.
അമേരിക്ക സൂപ്പർ കംപ്യൂട്ടറുകൾ നൽകാതിരുന്ന കാലഘട്ടത്തിൽ പാരലൽ കംപ്യൂട്ടിംഗ് വഴി അവയ്ക്ക് തുല്യമായ പ്രവർത്തനം നടത്തിയത് ഈ സ്ഥാപനമാണ്.
ഐഐഎസ്സിയിൽ എൻജിനിയറിംഗ് ഫാക്കൽറ്റിയിലുള്ള ഡിപ്പാർട്ട്മെന്റുകളിലെ എംഇ, എംടെക്, എംഎസ്സി (എൻജിനിയറിംഗ്) കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാൻ അഖിലേന്ത്യാ പരീക്ഷയായ ഗേറ്റിൽ ഉയർന്നസ്ഥാനം ഉണ്ടായിരിക്കണം. പിഎച്ച്ഡിക്ക് ഗവേഷണത്തിന് ചേരണമെങ്കിൽ സിഎസ്ഐആർ, ഡിബിടി തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയിൽ ഉയർന്ന റാങ്കോ ഗേറ്റ് പരീക്ഷ പാസായവരോ ഇൻസ്പെയർ സ്കോളർഷിപ്പ് ഉള്ളവരോ ആയിരിക്കണം. ജെസ്റ്റ് പാസായവരെയും പിഎച്ച്ഡിക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ഐഐഎസ്സി വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളായ ഡിആർഡിഒ, ഐഎസ്ആർഒ, സിഎസ്ഐആർ, ഭാരത് ഇലക്ട്രോണിക്സ്, നാഷണൽ എയ്റോസ്പേസ് ലാബറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ പ്രൈവറ്റ് മേഖലയിലുള്ള ജനറൽ മോട്ടോഴ്സ്, ഗൂഗിൾ, ഐബിഎം, ബോയിംഗ് എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ച് ഗവേഷണത്തിൽ ഏർപ്പെടുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സ്ഥാപനത്തോടെ പല പ്രസിദ്ധ ഗവേഷണ സ്ഥാപനങ്ങളും ബാംഗളൂരിൽ സ്ഥാപിക്കപ്പെട്ടു. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്പേയ്സ് റിസർച്ച് ഓർഗനൈസേഷൻ, വുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഐഐഎസ്സിക്ക് അടുത്തുതന്നെയാണ്.