ഇന്ത്യയിൽ ഉപരിപഠനത്തിനു തയാറെടുക്കുന്ന ബിടെക് ബിരുദധാരികൾക്കു മുന്നിൽ ഗേറ്റ് ( ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് ) തുറക്കുന്നത് കരിയറിലെ സുവർണാവസരങ്ങളിലേക്കാണ്. വിവിധ എൻജിനിയറിംഗ് ശാഖകളിൽ വിജയകരമായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ അറിവിന്റെ ആഴവും പരപ്പും അളക്കുന്നതിനുള്ള ഗേറ്റ് സാധാരണയായി എല്ലാ വർഷവും ഫെബ്രുവരിയിലാണു നടക്കുന്നത്.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഐഐടികളും സംയുക്തമായാണ് ഗേറ്റ് നടത്തുന്നത്. എൻജിനിയറിംഗ്, ടെക്നോളജി, ആർക്കിടെക്ച്ചർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും സയൻസിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്കും സ്കോളർഷിപ്പോടെ പഠനം നടത്തണമെങ്കിൽ മികച്ച ഗേറ്റ് സ്കോർ നിർബന്ധമാണ്. ഇതിൽ വിജയിക്കുന്നവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല. അതു തന്നെയാണ് ഗേറ്റിന്റെ ഗ്ലാമറും.
ബിടെക്കിനു പഠിച്ച ബ്രാഞ്ച് കുറച്ചു കൂടി ആഴത്തിലും പ്രായോഗികതലത്തിലും പഠിച്ച് ഉറപ്പിക്കുകയാണു എംടെക് കോഴ്സ്കൊണ്ടുദ്ദേശിക്കുന്നത്. എംടെക് ശാഖകൾ ബിടെക്കിന്റെ അടിസ്ഥാന വിഷയങ്ങളുടെ വിപുലീകരണമാണെന്നു പറയാം. ഉദാഹരണത്തിന് സിവിൽ എൻജിനിയറിംഗിൽ ബിടെക്ക് കഴിഞ്ഞവർ പ്രധാനമായും എടുക്കുന്ന എംടെക് ബ്രാഞ്ചുകൾ സ്ട്രക്ചേഴ്സ്, ട്രാൻസ്പോർട്ടേഷേൻ, എൻവയണ്മെന്റൽ, ജിയോടെക്നിക്കൽ മുതലായവയാണ്.
ഉപരി പഠനത്തിനു മാത്രമല്ല രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ ഭെൽ, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, എൻടിപിസി തുടങ്ങിയ സ്ഥാപനങ്ങൾ എക്സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുന്നതും ഗേറ്റ് സ്കോറിനെ ആധാരമാക്കിയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കു പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നത് ഒഴിവാക്കാനാണ് കന്പനികൾ ഇങ്ങനെ ചെയ്യുന്നത്. ഇത് ഗേറ്റിന്റെ വിശ്വാസ്യതയ്ക്കുള്ള തെളിവുകൂടിയാണ്.
എന്തുകൊണ്ട് ഗേറ്റ്?
പലരും ചോദിക്കുന്ന ചോദ്യമാണ്. എൻജിനിയറിംഗ് ബിരുദധാരിക്ക് ഇതുപോലെ അവസരങ്ങൾ പ്രദാനം ചെയ്യുന്ന മറ്റൊരു പരീക്ഷ ഇന്ത്യയിൽ ഇല്ലെന്നു തന്നെ പറയാം. അതു കൊണ്ട് ഇന്ത്യയിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്ന ബിടെക്കുകാരന്റെ ആദ്യ ലക്ഷ്യവും ഗേറ്റ് ആയിരിക്കണം.
ഐഐടികളിൽ എംടെക്കുകാർക്ക് മികച്ച സാന്പത്തിക ആനുകൂല്യങ്ങളാണു നൽകുന്നത്. മാത്രമല്ല ഇവിടങ്ങളിൽ പഠനം കഴിഞ്ഞിറങ്ങുന്നവർക്കു തൊഴിൽ വിപണിയിലും നല്ല ഡിമാൻഡായിരിക്കും.
കൂടാതെ, വിദേശ പഠനം ആഗ്രഹിക്കുന്നവർക്കു ഗേറ്റ് അത്ര ആകർഷകമായി തോന്നണമെന്നില്ല. എന്നാൽ വിസാ പ്രശ്നം മൂലമോ ഉദ്ദേശിച്ച സ്ഥാപനത്തിൽ അഡ്മിഷൻ ലഭിക്കാതെയോ ആ സ്വപ്നത്തിനു മങ്ങലേറ്റാൽ കരുതൽ എന്ന നിലയിൽ ഗേറ്റ് എഴുതുന്നതു നന്നായിരിക്കും. ഐഐടികളിൽ നിന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞെത്തുന്നവരെ വിദേശ സർവകലാശാലകൾ ഗവേഷണ പഠനത്തിനും മറ്റും ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കും അങ്ങനെ അല്പം വൈകിയാണെങ്കിലും സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴികൂടിയായി ഗേറ്റ് മാറുന്നു.
ബിരുദതലത്തിൽ പഠിച്ച വിഷയങ്ങൾ തന്നെയാണു ഗേറ്റിൽ പരീക്ഷിക്കപ്പെടുക. വിഷയം ഇഷ്ടപ്പെട്ടു പഠിക്കുന്നവർക്കു ഗേറ്റ് കടക്കുക എളുപ്പമായിരിക്കും. അങ്ങനെയുള്ളവർക്കു മികച്ച് ഗേറ്റ് സ്കോർ ഭാവിയിലേക്കുള്ള പല വാതിലുകളുമാണു തുറന്നു നൽകുക.
എങ്ങനെ തയാറെടുക്കണം?
ബിരുദതലത്തിൽ പഠിച്ച കാര്യങ്ങളാണു പരീക്ഷിക്കപ്പെടുകയെങ്കിലും വിശാലമായ ബിടെക്ക് സിലബസ് കഴിഞ്ഞെത്തുന്നവരുടെ മുന്നിലുള്ള പ്രധാന ചോദ്യമാണ് എങ്ങനെ തയാറെടുക്കണമെന്നത്. തയാറെടുപ്പിന് എത്ര സമയം ലഭിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതിനുള്ള ഉത്തരം. തയാറെടുപ്പിന് എത്ര കുറച്ചു സമയം ഉപയോഗിക്കുന്നുവോ ഗേറ്റ് കടന്പ കടക്കുന്നതിനുള്ള സാധ്യതയും അതനുസരിച്ചു കുറയുന്നു. ഗേറ്റിനെ ഗൗരവമായി കാണുന്ന ഒരു വിദ്യാർഥി കുറഞ്ഞത് ഒരു വർഷം മുന്പെങ്കിലും തയാറെടുപ്പു നടത്തണം. അതു കൊണ്ട് അവസാന വർഷം തുടങ്ങുന്നതോടെ തന്നെ തയാറെടുപ്പു തുടങ്ങുക. ഗേറ്റിൽ പങ്കെടുക്കുന്നവരിൽ അഞ്ചു ശതമാനം മാത്രമേ ഇങ്ങനെ ഒരു വർഷമെങ്കിലും തയാറെടുപ്പു നടത്തുന്നുള്ളു. വ്യക്തമായി പറഞ്ഞാൽ അങ്ങനെയുള്ളവർക്കാണു ഗേറ്റ് കടക്കാനാവുക.
കുറുക്കു വഴികളെ ആശ്രയിക്കാതെ സിലബസിൽ പറഞ്ഞിട്ടുള്ള പുസ്തകങ്ങൾ ഉപയോഗിച്ച് ആഴത്തിൽ പഠിക്കുകയും മുൻ വർഷത്തെ ചോദ്യപേപ്പർ ചെയ്തു പരിശീലിക്കുകയും ചെയ്താൽ ആ വിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാം. മികച്ച ഗേറ്റ് സ്കോർ നേടിയവരുടെ അഭിപ്രായമനുസരിച്ച് ഒരുക്കത്തിന്റെ ആദ്യ എട്ടു മാസം രണ്ടു മുതൽ നാലു മണിക്കൂറെങ്കിലും പഠിക്കണം. സൂത്രവാക്യങ്ങളും പ്രധാന പോയിന്റുകളും കുറിപ്പു തയാറാക്കി പഠിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും എടുത്തു പറയുന്നുണ്ട്.
ഒരു കാര്യം കൂടി ശ്രദ്ധിക്കുക, ഗേറ്റ് പരീക്ഷാ രീതി സ്പീഡ് അളക്കുന്നതിനുള്ളതല്ല. നാലിൽ മൂന്നു വിദ്യാർഥികളും നിശ്ചിത സമയത്തിനു പതിനഞ്ചു മിനിറ്റെങ്കിലും നേരത്തെ പരീക്ഷ പൂർത്തിയാക്കുന്നവരാണ്.
സാധാരണ ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും ലഭിക്കും. അവസാനമായി ഗേറ്റ് ഒബ്ജ്ക്ടീവ് മാതൃകയിലുള്ള പരീക്ഷയാണെങ്കിലും പല ചോദ്യങ്ങളും വിദ്യാർഥിയുടെ എൻജിനിയറിംഗ് സ്കിൽ പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പലതിന്റെയും ഉത്തരം പഠനകാലത്ത് മനസിലാക്കിയവയിലാണ് ഒളിഞ്ഞു കിടക്കുന്നത്.