ശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരമൊരുക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്) ജൂൺ ഒന്നിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേന്ദ്ര അണുശക്തി മന്ത്രാലയത്തിനു കീഴിൽ ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻഐഎസ്ഇആർ), യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യുഎം-ഡിഎഇ-സിബിഎസ്) എന്നീ സ്ഥാപനങ്ങളിൽ പഞ്ചവത്സര എംഎസ് കോഴ്സ് അഡ്മിഷൻ നടത്തുന്നതിനാണു നെസ്റ്റ്.
ബയോളജി, കെമിസ്ട്രി, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് എംഎസ് കോഴ്സ്.
വിശ്വഭാരതിയിലെ ഇന്റഗ്രേറ്റഡ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്ററി(ഐസിഇആർസി)ലെ അഡ്മിഷനും നെസ്റ്റ് മുഖേനയാണ്. എൻഐഎസ്ഇആറിൽ അറുപതും സിബിഎസിൽ മുപ്പത്തഞ്ചും ഐസിഇആർസിൽ 21 സീറ്റുകളുമാണുള്ളത്. പ്രവേശനം ലഭിക്കുന്നവർക്ക് അയ്യായിരം രൂപ വീതം പ്രതിമാസ ഇൻസ്പയർ സ്കോളർഷിപ് ലഭിക്കും. 20000 രൂപ വാർഷിക ഗ്രാന്റായും ലഭിക്കും. പഠനത്തിൽ മികവു പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ ട്രെയിനിംഗ് സ്കൂളിന്റെ ഇന്റർവ്യുവിൽ നേരിട്ടു പങ്കെടുക്കാം. 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
മേയ് അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും പ്രവേശന പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെയും 2.30 മുതൽ ആറു വരെയും രണ്ടു സെഷനുകളായാണു പരീക്ഷ. പരീക്ഷ. പൂർണമായും ഓൺലൈനായാണു പരീക്ഷ നടത്തുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭിക്കും.
ഡിസംബർ 31 മുതൽ ഒൺലൈനായി അപേക്ഷിക്കാം.
നെസ്റ്റിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചറിയാൻ: www.niser.ac.in, ww w.cbs.ac.in,www.visvab harati.ac.in.
ഓണ്ലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.nestexam.in.