ഷാജിയുടെ കൈപിടിച്ച് സുമനസുകൾ
Thursday, December 6, 2018 6:44 PM IST
വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന നെടുങ്കണ്ടം മണക്കുഴിയിൽ ഷാജി ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. ഷാജിയുടെയും കുടുംബത്തിന്‍റെയും ദുരവസ്ഥയറിഞ്ഞ് നിരവധി പേരാണ് സഹായം നൽകിയത്. സഹായധനമായി ലഭിച്ച 1,04,300 രൂപ കുടുംബത്തിന് കൈമാറി. മകൻ ഷിയോണും ബന്ധു സജിയും ചേർന്ന് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടത്തിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.
കൂലിപ്പണിക്കാരനായ ഷാജിക്ക് കഴിഞ്ഞ ജൂൺ 28നാണ് അപകടം സംഭവിച്ചത്. പതിവ് പോലെ ജോലിക്ക് പോകുന്നതിനിടെ നെടുങ്കണ്ടത്ത് വച്ച് ഷാജിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ ഷാജിക്ക് പിന്നീട് ഒരിക്കലും ബോധം വീണില്ല.
വിദ്യാർഥികളായ മക്കളും ഭാര്യയും മാത്രം സ്വത്തായുള്ള ഷാജിക്ക് ചികിത്സയ്ക്കായി ഇതുവരെ ചിലവായത് പത്ത് ലക്ഷത്തോളം രൂപയാണ്. സുമനസുകളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ സഹായിച്ചാണ് ഈ നിലവരെ എത്തിയത്. ചികിത്സകൾക്കും കുടുംബത്തിന്റെ നിലനിൽപ്പിനും ഷാജിയുടെ ഭാര്യ മോളിക്ക് സുമനസുകളുടെ മുന്നിൽ കൈനീട്ടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.