ആരുടെയും സഹായങ്ങൾക്കും അമൽ കാത്തുനിന്നില്ല. വൃക്കരോഗത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് മടങ്ങാനുള്ള അവന്‍റെ ശ്രമം വിജയിച്ചില്ല. വേദന കടിച്ചമർത്തി രോഗത്തോട് പൊരുതിയ അമൽ ഒടുവിൽ വേദനകളും ദുഃഖങ്ങളും ഇല്ലാത്ത ലോകത്തേക്ക് പോയ്മറഞ്ഞു.

ആലപ്പുഴ ചേന്നംപള്ളിപ്പുറം സ്വദേശികളായ പ്രദീപ്ഷൈലജ ദന്പതികളുടെ മകൻ അമൽ പ്ലസ് വണ്‍ പഠനകാലത്താണ് (2013ൽ) രോഗത്തിന്‍റെ പിടിയിലായത്. ക്ലാസിൽ വച്ച് മൂക്കിലൂടെ രക്തം വന്നതാണ് തുടക്കം. പിന്നീട് നടത്തിയ പരിശോധനയിൽ ഗുരുതര വൃക്കരോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.

ഇല്ലായ്മകളിലും മകനെ ചികിത്സിച്ച മാതാപിതാക്കൾ ഒരുഘട്ടം കഴിഞ്ഞപ്പോൾ നിത്യചിലവിന് പോലും ബുദ്ധിമുട്ടി. ഇതോടെയാണ് ദീപിക ഡോട്ട്കോം വഴി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയത്.

അമലിന്‍റെ സങ്കടകഥയറിഞ്ഞ് നിരവധി പേരാണ് സഹായിക്കാൻ മുന്നോട്ടുവന്നത്. എന്നാൽ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ അവൻ ലോകത്തോട് വിടപറയുകയായിരുന്നു. അമലിന് സുമനസുകൾ നൽകിയ 97,156 രൂപ കുടുംബത്തിന് കൈമാറി.

രാഷ്ട്രദീപിക എംഡി ഫാ.മാത്യൂ ചന്ദ്രൻകുന്നേൽ അമലിന്‍റെ മാതാവ് ഷൈലജയ്ക്കാണ് തുക കൈമാറിയത്. ചികിത്സാ ചിലവുകൾ മൂലം കടക്കെണിയിലായ കുടുംബത്തിന് വായനക്കാരുടെ സഹായം കൈത്താങ്ങായി മാറി.