മനോജിനെ വായനക്കാർ സഹായിച്ചു
Saturday, September 4, 2021 1:20 PM IST
കോട്ടയം: അർബുദ രോഗത്തിന്റെ പിടിയിലായ പാലാ പയഷാർ സ്വദേശി മനോജിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് സഹായം നൽകാൻ മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 1.60 ലക്ഷം രൂപ ദീപിക ചീഫ് എഡിറ്റർ റവ.ഡോ.ജോർജ് കുടിലിൽ കുടുംബത്തിന് കൈമാറി. സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
വയോധികരായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും ഉൾപ്പെട്ട സന്തുഷ്ട കുടുംബമായിരുന്നു മനോജിന്റേത്. കൂലിപ്പണി ചെയ്ത് കുടുംബത്തെ താങ്ങിനിർത്തിയിരുന്ന യുവാവ് അപ്രതീക്ഷിതമായാണ് ബ്രയിൻ ട്യൂമറിന്റെ പിടിയിലായത്. രോഗം കുടുംബത്തിന്റെ താളം തെറ്റിച്ചു.
ചെറിയ തലവേദനയും ശാരീരികാസ്വാസ്ഥ്യവുമായിരുന്നു രോഗത്തിന്റെ തുടക്കം. വേദന കലശലായതോടെ ചികിത്സ തേടിയ മനോജിന് വിദഗ്ധ പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചത്. പിന്നീട് 33 തവണ റേഡിയേഷന് വിധേയനാകേണ്ടി വന്നു. ഇല്ലായ്മയിലും കുടുംബം ചികിത്സ മുടക്കിയില്ല. മാസം തോറും വലിയ തുക ചികിത്സയ്ക്ക് ആവശ്യമായി വന്നതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു.
കുടുംബത്തിന്റെ ആശ്രയമായിരുന്ന മനോജ് രോഗശയ്യയിലായതോടെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ മുടങ്ങിയ സ്ഥിതിയിലാണ്. നിത്യചെലിവിന് പോലും പണം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കുടുംബം സുമനസുകളുടെ സഹായം അഭ്യർഥിച്ചത്.