തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ശ്രീദേവിയും ജയപ്രദയും. ഒരേകാലഘട്ടത്തിലായിരുന്നു ഇരുവരും സിനിമയിൽ തിളങ്ങി നിന്നത്. ഇന്ത്യൻ സിനിമയുടെ താരറാണിമാരായിരുന്നുവെങ്കിലും ഇരുവരും അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
ഇവർ തമ്മിലുളള പിണക്കം അന്ന് ബോളിവുഡിൽ പരസ്യമായ രഹസ്യമായിരുന്നു. ആ പിണക്കം വളരെക്കാലം നീണ്ടു നിൽക്കുകയും ചെയ്തിരുന്നു. ജയപ്രദയുടെ പിറന്നാളിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം സിനിമ കോളങ്ങളിൽ വൈറലായത് ശ്രീദേവിയുമായുള്ള പിണക്കത്തെക്കുറിച്ചാണ്.
സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ നടിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. എഴുപതുകളിലാണ് ഇരുവരും ബോളിവുഡിൽ എത്തുന്നത്. ഇവരുടെ സിനിമകളെല്ലാം വൻ വിജയമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവർ തമ്മിൽ. അന്ന് ഇവരുടെ മത്സരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശ്രീദേവിയു ജയപ്രദയും. ഇവരുടെ പിണക്കത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു.
ബോളിവുഡിൽ തുല്യപ്രധാന്യമായിരുന്നു ഇരുവർക്കതും ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചപ്പോൾ ജയപ്രദ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്നാണ് അറിയപ്പെട്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മനോഹരമായ മുഖം എന്നാണ് ജയപ്രദയെ സംവിധായകൻ സത്യജിത് റേ വിശേഷിപ്പിച്ചത്. താൻ സൗന്ദര്യത്തോട് കൂടിയാണ് ജനിച്ചതെന്ന് ജയപ്രദ ഒരു അഭിമുഖത്തിൽപറഞ്ഞിരുന്നു.
ശ്രീദേവിയും ജയപ്രദയും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒന്പത് സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ബോളിവുഡ് സിനിമാ ലോകവും കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.
മക്സാദ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരു തമ്മിലുളള പ്രശ്നം പരിഹരിക്കാനായി നടൻ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇവരെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. എന്നാൽ പിന്നീട് വാതിൽ തുറന്നപ്പോഴും ശ്രീദേവിയും ജയപ്രദയും തമ്മിൽ സംസാരിക്കാതെ എതിർ ദിശകളിലേക്ക് നോക്കിയിരിക്കുകയായിരുന്നത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.