രാഷ്ട്രീയം പൂർണമായും വിട്ടു, പിന്തുടരുന്നത് മമ്മൂട്ടിയുടെ രാഷ്ട്രീയം: ജഗദീഷ് പറയുന്നു
Tuesday, September 19, 2023 12:16 PM IST
മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് താൻ അനുകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടൻ ജഗദീഷ്. സജീവ രാഷ്ട്രീയം താൻ പൂർണമായും ഉപേക്ഷിച്ചെന്നും ഭാര്യയ്ക്കും മക്കൾക്കും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തീരെ താൽപര്യം ഇല്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
അർജുൻ അശോകൻ നായകനാകുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
എനിക്കിപ്പോൾ രാഷ്ട്രീയം തീർത്തുമില്ല. നൂറുശതമാനവും രാഷ്ട്രീയം ഉപേക്ഷിച്ചു. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും ഭാര്യ രമയ്ക്കും മക്കൾക്കും താൽപര്യമില്ലായിരുന്നു.
അവരോട് ഇതിനെകുറിച്ച് പറഞ്ഞപ്പോൾ അത് വേണോ എന്നാണ് ചോദിച്ചത്. അവർക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഞാൻ അവർ പറഞ്ഞത് കേട്ടില്ല. അതുകൊണ്ട് അതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു. രാഷ്ട്രീയത്തിലെ തോൽവിയെ ആളുകൾ കാണുന്നതെങ്ങനെയെന്ന് ഞാൻ പഠിച്ചു.
പരാജിതനായതുകൊണ്ടല്ല താൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. പക്ഷേ രമയും കുട്ടികളും പറഞ്ഞത് അനുസരിക്കാൻ ശ്രമിച്ചു. അതിനാൽ രാഷ്ട്രീയം ഉപേക്ഷിച്ചു.
രാഷ്ട്രീയത്തിൽ ഞാനിപ്പോൾ അനുകരിക്കാൻ ആഗ്രഹിക്കുന്നത് മമ്മൂട്ടിയുടെ രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ മമ്മൂട്ടിയുടെ മണ്ഡലത്തിലെ പ്രധാന മുന്നണിയിലുള്ള മൂന്ന് സ്ഥാനാർഥികളും താരത്തിന്റെ വീട്ടിലെത്തും.
ആദ്യത്തെ സ്ഥാനാർഥി വീട്ടിലെത്തുന്പോൾ മമ്മൂട്ടി കാപ്പിയും പലഹാരങ്ങളും നൽകി സ്വീകരിക്കും. ഒപ്പം കാത്തുനിൽക്കുന്ന മാധ്യമങ്ങൾക്കായി ഇരുവരും തോളിൽ കൈയിട്ട് നിൽക്കുന്ന ഫോട്ടോയും എടുപ്പിക്കും.
അതുപോലെ തന്നെ കോൺഗ്രസിന്റേയും ഇടതുപക്ഷത്തിന്റെയും സ്ഥാനാർഥികളെ സ്വീകരിക്കും. അപ്പോൾ സ്ഥാനാർഥികൾ എല്ലാവരും ഓർക്കും മമ്മൂട്ടി നമ്മുടെ കൂടെയുണ്ട് എന്ന്.
മമ്മൂട്ടി ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. ഉമ്മൻചാണ്ടിയുടെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും യോഗത്തിൽ പങ്കെടുക്കും. പിണറായി വിജയന്റെയും ഗോവിന്ദന്റെയും പരിപാടിയിൽ പങ്കെടുക്കും. ബിജെപിയുടെ നേതാവ് അഡ്വാനിയുടെ പുസ്തകം പ്രകാശനം ചെയ്തത് മമ്മൂട്ടിയാണ്.
എല്ലാ പാർട്ടികൾക്കും അദ്ദേഹം സ്വീകാര്യനാണ്. സമദൂരമല്ല, എല്ലാവരുമായിട്ട് സമ അടുപ്പം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ആ ലൈൻ പിന്തുടരാൻ ഞാൻ ആഗ്രഹിച്ചു. തോറ്റു എന്നുള്ള കുറ്റബോധവും നിരാശയുമൊക്കെ ഇപ്പോൾ മാറി. എല്ലാവരുമായിട്ട് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.
ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. അതിന് പൊതുജനമാണ് എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത്.
ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു. സഖാവ് എന്ന് പറയുമ്പോൾ പൊതുവെ ഒരു ആവേശമുണ്ടാകും. അത് ഏത് പാർട്ടിക്കാരായിക്കോട്ടെ, വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാവർക്കും ആവേശം ഉണ്ടാകും. ജഗദീഷ് പറഞ്ഞു.
2016 ൽ പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടായിരുന്നു ജഗദീഷ് മത്സരിച്ചത്. എന്നാൽ ഗണേഷ് കുമാറിനോട് താരം കനത്ത പരാജയം ഏറ്റുവാങ്ങി. 24562 ആയിരുന്നു ജഗദീഷിന്റെ തോൽവി.