ആ സമയത്ത് ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു: തുറന്നു പറഞ്ഞ് കമൽഹാസൻ
Sunday, October 1, 2023 11:31 AM IST
യൗവനകാലഘട്ടത്തിൽ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. ഇത്ര വലിയ നടനായിട്ടും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാണ് ആത്മഹത്യ എന്ന ചിന്ത തന്നിലുണ്ടാക്കിയത് എന്നാണ് കമൽ ഹാസൻ പറഞ്ഞത്.
ആത്മഹത്യ എന്നത് മറ്റൊരു തരത്തിൽ കൊലപാതമാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ലയോള കോളേജ് വിദ്യാർത്ഥികളുമായി സംവാദിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം മനസു തുറന്നത്.
ഇരുപത്, ഇരുപത്തൊന്ന് വയസിൽ ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. നമുക്ക് നമ്മളെ കുറിച്ച് അമിത ആത്മവിശ്വാസം എപ്പോഴും ഉണ്ടാകും. ഞാൻ ഇത്രയും വലിയ നടനായിട്ടും എന്നെ ആരും ശ്രദ്ധിക്കുന്നില്ല പരിഗണിക്കുന്നില്ല എന്ന് ഞാൻ വിചാരിച്ചു.
ഞാൻ മരിച്ച് പോയാൽ ഇത്രയും നല്ലൊരു കലാകാരനായിരുന്നു എന്ന് പറഞ്ഞ് ആളുകൾ ശ്രദ്ധിക്കുമെന്ന് ചിന്തിച്ചു. ഗൗരവമായി തന്നെ അതിനെ പറ്റി ഞാൻ ചിന്തിച്ചു.
അന്ന് അനന്തു എന്നൊരു ഗുരു എനിക്ക് ഉണ്ടായിരുന്നു. പോടാ മഠയാ, നീ ബുദ്ധിശാലി ആണെങ്കില്‍ ഞാന്‍ പിന്നെ ആരാ? ഞാന്‍ എത്രയോ സിനിമകളിൽ അഭിനയിച്ചു. എന്നിട്ട് ആരെങ്കിലും തിരിച്ചറിഞ്ഞോ. എന്നിട്ടും ഞാൻ ജോലി ചെയ്യുന്നില്ലേ.
എല്ലാത്തിനും ഒരു സമയമുണ്ടെന്ന് എന്നോട് പറഞ്ഞു. ആത്മഹത്യ എന്നു പറയുന്നത് കൊലപാതകത്തിലും ഒട്ടും ചെറിയ കാര്യമല്ല. ഇരുട്ട് എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കില്ല.
ഒരുനാൾ വെയിൽ വരുക തന്നെ ചെയ്യും. അതുവരെ ഒന്ന് കാത്തിരിക്കൂ. ഇരുട്ടായിരിക്കുമ്പോൾ പേടി തോന്നുന്നുണ്ടെങ്കിൽ, ആ ഇരുട്ടിനെ പ്രകാശമാക്കാൻ സ്വപ്നം കാണൂ.
കലാം സാർ പറഞ്ഞത് പോലെ. ആത്മഹത്യ എന്നത് ഒരു നിമിഷത്തെ തോന്നല്‍ മാത്രമാണ്. ആ നേരത്ത് എനിക്ക് അനന്തു വന്നത് പോലെ, എടാ മുട്ടാൾ എന്ന് വിളിച്ച് പിന്തിരിപ്പിക്കാന് ഒരാൾ ഉണ്ടായാല്‍ മതി. ഇത് കേൾക്കുന്നവർക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതുന്നു. കമൽഹാസൻ പറഞ്ഞു.