ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി; വധു മണിപ്പുർ സ്വദേശിനി ലിൻ
Thursday, November 30, 2023 1:51 PM IST
ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടിയും മോഡലുമായ ലിൻ ലെയ്ഷറാം ആണ് വധു. ഇംഫാലിൽ വച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പരമ്പരാഗത മണിപ്പുരി വേഷത്തിലാണ് വധൂവരന്മാര് എത്തിയത്. വധു ലിൻ മണിപ്പുർ സ്വദേശിനിയാണ്. മണിപ്പൂരിലെ ഇംഫാലിലെ ചുംതാംഗ് ഷണാപ്പുംഗ് റിസോര്‍ട്ടിലാണ് വിവാഹ ചടങ്ങ് നടന്നത്.
കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന് ധരിച്ചത്. സിനിമയിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കും.
നസിറുദ്ദീന്‍ ഷായുടെ ഡ്രാമ ഗ്രൂപ്പില്‍ പ്രവർത്തിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്.
മണ്‍സൂണ്‍ വെഡിംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ രണ്‍ദീപ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, സാഹെബ്, ബിവി ഔര്‍ ഗ്യാംഗ്സ്റ്റർ, രംഗ് റസിയ, ജിസം 2 എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.