24 വർഷങ്ങൾ അതേ സ്ഥലം, പൊന്നോലതുന്പി ഗാനത്തിന് ഭാര്യയ്ക്കൊപ്പം ചുവടുവച്ച് കുഞ്ചാക്കോ ബോബൻ; വീഡിയോ
Monday, December 4, 2023 12:14 PM IST
പൊന്നോലതുന്പി..പൂവാലിതുന്പി..ഒരു കാലത്ത് മലയാളികൾ പാടിപതിഞ്ഞ ഗാനമായിരുന്നു മഴവില്ല് സിനിമയിലെ കുഞ്ചാക്കോ ബോബൻ അഭിനയിച്ച ഈ ഗാനം. ചിത്രം റിലീസായി 24 വർഷങ്ങൾക്ക് ശേഷം ഇതേ ഗാനത്തിന് വീണ്ടും ചുവടുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ചിത്രത്തിലെ നായികയ്ക്കൊപ്പമല്ല പകരം ജീവിതത്തിലെ നായികയായ പ്രിയയ്ക്കൊപ്പമാണ് ചുവടുകൾ വെയ്ക്കുന്നതെന്നുമാത്രം. 1999ൽ ഇറ്റലിയിലെ വിയന്നയിലാണ് ഈ ഗാനരംഗം ചിത്രീകരിച്ചത്. അതേ സ്ഥലത്തു തന്നെയാണ് 2023ൽ കുഞ്ചാക്കോ ബോബൻ ഈ രംഗത്തിന്റെ ചെറിയൊരു ഭാഗം പുനസൃഷ്ടിച്ചത്.
24 വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന് ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോള്‍ ഈ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാകുന്നു. യഥാർഥ മഴവില്ലു കുറച്ചുകൂടി മാജിക് ചേര്‍ക്കുന്നു. വീഡിയോയ്ക്കൊപ്പം താരം കുറിച്ചു.
ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമായിരുന്നു ഈ ചിത്രം. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനം രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരയാണ്. മോഹൻ സിത്താരയാണ് സംഗീതസംവിധാനം നിർവഹിച്ചത്.