വീട്ടിലും വെള്ളം കയറി, എന്തിന് നികുതി അടയ്ക്കണമെന്ന് ജനത്തെ കൊണ്ട് ചോദിപ്പിക്കരുത്: വിമർശനവുമായി വിശാൽ
Tuesday, December 5, 2023 10:16 AM IST
വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ വിറങ്ങലിക്കുന്ന ചെന്നൈ നഗരത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞ് നടൻ വിശാൽ. ചെന്നൈ മേയർക്കെതിരേയും നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരേയും രൂക്ഷ വിമർശനവുമായാണ് വിശാൽ എത്തിയത്.
പറയുന്നത് രാഷ്ട്രീയമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നതിനും എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാൽ കുറിച്ചു.
പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്.
നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാകേണ്ടിയിരുന്ന വാട്ടർ ഡ്രെയ്ൻ പ്രോജക്റ്റ് ചെന്നൈക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപൂരിന് വേണ്ടിയോ?
2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ദുഃഖകരമാണ്.
ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അദ്ഭുതവും പ്രതീക്ഷിക്കുന്നില്ല, എന്നാൽ ഡ്യൂട്ടി എന്നൊരു ചുമലത എല്ലാവർക്കുമുണ്ട്.
ഞാന്‍ അണ്ണാ നഗറിലാണ് ഇപ്പോഴുള്ളത്. എന്റെ വീട്ടില്‍ ഒരടി പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. അണ്ണാ നഗറില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കുറേക്കൂടി താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ ആലോചിച്ചുനോക്കൂ.
ഇത് ഒരു നടന് എന്ന നിലയില്‍ പറയുന്നതല്ല, ഒരു വോട്ടര്‍ എന്ന നിലയില്‍ പറയുന്നതാണ്. വീടുകളില്‍ കുട്ടികളും പ്രായമായവരും ഭയത്തിലാണ് കഴിയുന്നത്.
ഇത് രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ആര്‍ക്കെങ്കിലുമെതിരെ പറയുന്നതല്ല. വെള്ളപ്പൊക്കം എന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്. എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്. വിശാൽ പറയുന്നു.