കുടിശിക തവണകളായി നൽകാമെന്നുറപ്പ്; രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്
Tuesday, December 5, 2023 12:41 PM IST
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നും കുടിശിക തീർക്കുംവരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നുമായിരുന്നു ഫിയോക് തിങ്കളാഴ്ചയെടുത്ത തീരുമാനം. ഇതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ തരാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് രഞ്ജി പണിക്കര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഘടന വിലക്ക് നീക്കിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുന്‍കൂര്‍തുകയായ 30 ലക്ഷമാണ് നല്‍കാനുണ്ടെന്നായിരുന്നു ഫിയോകിന്റെ ആരോപണം. തുടര്‍ന്ന് രഞ്ജി പണിക്കര്‍ അഭിനയിക്കുന്ന ‘എ രഞ്ജിത് സിനിമ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിക്കുകയായിരുന്നു.
കൂടാതെ രഞ്ജി പണിക്കര്‍ അഭിനയിച്ചതോ നിർമിച്ചതോ സഹകരിച്ചതോ ആയ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും ഫിയോക് തീരുമാനിച്ചിരുന്നു. പ്രശ്നം അവസാനിച്ചതോടെ ‘എ രഞ്ജിത് സിനിമ’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി.
കഴിഞ്ഞ ഏപ്രിൽ മാസവും ഇദ്ദേഹത്തിനെതിരേ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.