ഇവിടെ നിന്നും രക്ഷപ്പെടുത്തുക മാത്രമാണ് വഴി; ഫ്ലാറ്റിന് പുറത്തെ ദൃശ്യങ്ങൾ പങ്കുവച്ച് കനിഹ
Tuesday, December 5, 2023 1:31 PM IST
ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് നടി കനിഹ. താരത്തിന്റെ ചെന്നൈയിലെ അപ്പാർട്മെന്റിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയിരിക്കുന്ന ദൃശ്യമാണ് പങ്കുവച്ചിരിക്കുന്നത്.
പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറയുന്നു. അതിശക്തമായ മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങൾ കനിഹ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ചെന്നൈ പട്ടണത്തെയും പരിസരത്തെയും ഭീതിലാഴ്ത്തിയ മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭീകരത നടൻ റഹ്മാനും പങ്കുവച്ചിരുന്നു.
ഒരു അപ്പാർട്മെന്റ്നു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപെട്ടു നിരങ്ങി പോകുന്ന ദൃശ്യങ്ങളാണ് റഹ്മാൻ പങ്കുവച്ചത്.
അതേസമയം ഇന്ന് രാവിലെ മുതല്‍ ചെന്നൈ നഗരത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളമിറങ്ങി. എന്നാല്‍ ദക്ഷിണ ചെന്നൈ, അടയാര്‍ അടക്കമുള്ള സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ബസ് സര്‍വീസ് ഭാഗികമായി പുനരാംഭിച്ചു. മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറങ്ങി തുടങ്ങി.
ചെന്നൈ വിമാനത്താളം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അതത് വിമാന സര്‍വീസുകളുടെ കാര്യം തിരക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മെട്രോ, റെയില്‍വേ സര്‍വീസുകളും പുനരാംരംഭിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ചെങ്കല്‍പെട്ട് ജില്ലകളില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
നഗരത്തിലെ കടകളെല്ലാം രാവിലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍നിന്ന് 200 കീമീ അകലെയാണ്. എന്നാല്‍ ചെന്നൈ അടക്കം പത്ത് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി നേരിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.