സൂര്യയുടെ 45-ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ആർ.ജെ. ബാലാജി
Tuesday, October 15, 2024 11:28 AM IST
സൂര്യയുടെ നാൽപ്പത്തഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽകെജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൽ.കെ.ബാലാജിയാണ് സൂര്യ ചിത്രത്തിന്റെ സംവിധാനം. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് നിർമാണം.
ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്ചേഴ്സ് വലിയ മുതൽ മുടക്കിലാണ് ഈ സൂര്യ ചിത്രം ഒരുക്കുന്നത്.
മൂക്കുത്തി അമ്മൻ, വീട്ടിലെ വിശേഷങ്ങൾ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർജെ ബാലാജിയാണ് ഈ ഗംഭീര ആക്ഷൻ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.
ആർ.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ.ആർ.റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2024 നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. 2025ൽ ചിത്രം തിയറ്ററുകളിലെത്തും. പിആർഓ: പ്രതീഷ് ശേഖർ.