മൂന്നുദിവസം മുന്നേ ചിരിയോടെ സൂര്യയ്ക്കും ബോബി ഡിയോളിനുമൊപ്പം സെൽഫി; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമലോകം
Wednesday, October 30, 2024 9:25 AM IST
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന കങ്കുവ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഏറെ സന്തോഷത്തോടെ പങ്കെടുത്ത വ്യക്തിയായിരുന്നു നിഷാദ്. അന്ന് സൂര്യയ്ക്കും ബോബി ഡിയോളിനുമൊപ്പം പകർത്തിയ സെൽഫി നിഷാദ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി മൂന്ന് ദിവസത്തിനിപ്പുറം മലയാളസിനിമ ലോകം കേട്ടത് ഈ മിടുക്കനായ കലാകാരന്റെ അപ്രതീക്ഷിത വിയോഗവാർത്തയാണ്. അതിന്റെ ഞെട്ടലിലാണ് സിനിമ ആസ്വാദകരും.
മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
നവംബർ 14നാണ് സൂര്യ ചിത്രം കങ്കുവ റിലീസ് ചെയ്യുന്നത്. ഇതിനിടയിലാണ് നിഷാദിന്റെ മരണം. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റർ നിഷാദ് ആയിരുന്നു.
ഇന്ന് പുലർച്ചെ നാലോടെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് നിഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിംഗിറ്റിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങൾ.
മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, നസ്ലിന്റെ ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.