തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ എം.കെ. മുത്തു അന്തരിച്ചു
Saturday, July 19, 2025 2:44 PM IST
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു (77) അന്തരിച്ചു. ശനിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം.
ഏറെക്കാലമായി ചികിത്സയിലായിരുന്നു. കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തു. മുത്തു ജനിച്ചതിന് പിന്നാലെ അമ്മ പത്മാവതി അന്തരിച്ചു.
അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം.
സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ പ്രധാനചിത്രങ്ങളാണ്. മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയായി. ഇതും എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും പറയപ്പെടുന്നു.
കരുണാനിധിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് എഐഎഡിഎംകെയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്വീകരിക്കാന്‍ എം.ജി.ആര് തയാറായില്ല. 2009-ല്‍ കരുണാനിധിയുമായി വീണ്ടും രമ്യതയിലായി.
എം.കെ. മുത്തുവിന്റെ മരണത്തിൽ സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ അനുശോചിച്ചു.