ഷെയ്ൻ നിഗം വഞ്ചിച്ചുവെന്ന് നിർമാതാവ് ജോബി ജോർജ്
Thursday, October 17, 2019 2:11 PM IST
നടൻ ഷെയ്ൻ നിഗത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് ജോബി ജോർജ് രംഗത്ത്. വെയിൽ എന്ന തന്‍റെ സിനിമയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപ വാങ്ങിയ ഷെയ്ൻ ചിത്രം പൂർത്തിയാക്കാതെ തന്നെ വഞ്ചിച്ചുവെന്നാണ് നിർമാതാവിന്‍റെ ആരോപണം. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

30 ലക്ഷം രൂപ പ്രതിഫലം എന്ന നിശ്ചയിച്ചാണ് സിനിമ തുടങ്ങിയത്. എന്നാൽ സിനിമ പുരോഗമിക്കുന്നതിനിടെ ഷെയ്ൻ 10 ലക്ഷം കൂടി അധികം വേണമെന്ന് ആവശ്യപ്പെട്ടു. ഇതുവരെ 4.75 കോടി രൂപ താൻ ചിത്രത്തിനായി മുടക്കി കഴിഞ്ഞു. 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ഇതിനിടെയാണ് ഷെയ്ൻ മറ്റാരുടെയോ പ്രേരണയാൽ തന്നെ വഞ്ചിച്ചതെന്നും സിനിമയുമായി സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നതെന്നും നിർമാതാവ് പറഞ്ഞു.

വെയിൽ എന്ന ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്ന കഥാപാത്രം മുടി നീട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമ തീരാതെ മുടി മുറിക്കരുതെന്ന് കരാറുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് നടൻ പോയത്. ആ ചിത്രത്തിന്‍റെ നിർമാതാവുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും തനിക്കുണ്ടായ നഷ്ടത്തിന് ആരും പരിഹാരമുണ്ടാക്കുമെന്നും നിർമാതാവ് ചോദിച്ചു.

സിനിമ പൂർത്തിയാക്കാതെ ഷെയ്ൻ പോയതിനെതിരേ നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്നും ഷെയ്നോട് വ്യക്തിപരമായ വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെയ്ൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെട്ടന്നുണ്ടായ മനോവിഷമത്തിലാണ് താൻ ദേഷ്യത്തിൽ സംസാരിച്ചത്. താനൊരു മനുഷ്യനാണെന്നും കുടുംബമുണ്ടെന്നും വികാരാധീനനായി ജോബി ജോർജ് പറഞ്ഞു.

ചിത്രത്തിന്‍റെ റിലീസ് ഒക്ടോബർ 16ന് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഷൂട്ടിംഗ് വൈകുന്നതിനാൽ നവംബർ 16-ലേക്ക് മാറ്റി. ഇങ്ങനെ മുന്നോട്ടുപോയാൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് താൻ വീണുപോകും. ഷെയ്ൻ വന്നാൽ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂർത്തിയാക്കാനാകും. എല്ലാവരും സഹകരിച്ച് സിനിമ തീർത്തുതരണമെന്നാണ് തന്‍റെ അപേക്ഷയെന്നും ജോബി പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.