ഉജ്വല വില്ലൻ
ടി.ജി. ബൈജുനാഥ്
Monday, July 21, 2025 10:33 AM IST
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പുത്തന്‍ പടം "ഡിറ്റക്ടീവ് ഉജ്വലനി'ലെ ഇരട്ട വില്ലന്‍വേഷം. ക്ലൈമാക്സ് വരെയും മുഖംമൂടിയണിഞ്ഞ വില്ലന്‍. സിനിമ റിലീസായിട്ടും ഉജ്വലനിലെ ബൂഗിമാൻ താനാണെന്നു നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ!
സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍, വില്ലൻവേഷം ചെയ്ത പുതുമുഖം "മുഖംമൂടി'യില്‍ തുടര്‍ന്നു. ഒടുവില്‍ ഒടിടി റിലീസിനുശേഷം നെറ്റ്ഫ്ളിക്സ് കാരക്ടർ പോസ്റ്ററിലൂടെ സസ്പെൻസിനു വിരാമമായി. തൃശൂര്‍ കൊരട്ടി സ്വദേശി മാത്യു ബേബി പുതുക്കാടനെ നാടറിഞ്ഞു.
“ഞാനാണു വില്ലനെന്നു വെളിപ്പെട്ട നിമിഷം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തിയറ്ററില്‍ ഞെട്ടി. ആ ഷോക്ക് ഫാക്ടര്‍ ആയിരുന്നു എന്റെ സന്തോഷം. പെര്‍ഫോമന്‍സ് ഇഷ്ടമായെന്നു കൂടിയറിയുമ്പോള്‍ ഇരട്ടിമധുരം. ഒരു ഭാഷയില്‍ മാത്രം റിലീസായ സിനിമ നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്രെൻഡിംഗ് ടോപ്പ് 5ല്‍ എത്തിയതു വലിയ കാര്യം തന്നെയാണ്”- ബേബി മാത്യു പുതുക്കാടന്‍ സണ്‍ഡേ ദീപികയോടു
പറഞ്ഞു.
സിനിമാപ്രേമം
പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛന് ബേബി അവിടെ ഒരു കമ്പനിയിൽ സെയില്‍സ് മാനേജരാണ്. അമ്മ മിനി വീട്ടമ്മയും. സഹോദരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ ഡോക്ടറാണ്. സിനിമാപ്രേമിയായ അപ്പൻ, വീക്കെന്‍ഡുകളില്‍ കൊണ്ടുവന്ന വീഡിയോ കാസറ്റുകളിലെ സിനിമകള്‍ കണ്ടു വളർന്ന കുട്ടിക്കാലം.
പന്ത്രണ്ടിലെത്തിയപ്പോള്‍ ഞാനും സുഹൃത്ത് ഇജാസും സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ ഒരു ഷോട്ടില്‍ ഞാന്‍ അഭിനയിച്ചു. അഭിനയത്തോട് ഒരിഷ്ടം തോന്നിയെങ്കിലും ഡിഗ്രിക്കു ശേഷം മതി സിനിമയെന്നു വീട്ടുകാര്‍. അങ്ങനെ 2014ല്‍ നാട്ടിലെത്തി. കൊല്ലം ടികെഎമ്മിൽ ബിടെക്കിനു ചേര്‍ന്നു.
അക്കാലത്തു സൂര്യയുടെ 24, വാരണം ആയിരം ഉള്‍പ്പെടെയുള്ള സിനിമകളിലെ സീനുകള്‍ പുനഃസൃഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. സുഹൃത്ത് അരവിന്ദായിരുന്നു എഡിറ്റർ. കുറേപ്പേര്‍ക്ക് അത് ഇഷ്ടമായി. അതെനിക്കു കിക്കായി. കഥാപാത്രത്തിനനുസരിച്ചു മുടിയും താടിയും വളര്‍ത്തിയും മൊട്ടയടിച്ചുമൊക്കെ പിന്നെയും വീഡിയോകള്‍ ചെയ്തു. അഭിനയത്തോട് അഭിനിവേശമായി.
മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഫാത്തിമ കോളജിൽ നടക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തും അവിടെ ഓഡിഷനു പോയെങ്കിലും ഫലമുണ്ടായില്ല. ബിടെക്കിനു ശേഷം മുംബൈയില്‍ സുഭാഷ് ഘായിയുടെ വിസിലിംഗ് വുഡ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു.
ഒന്നര വര്‍ഷം തിയറ്ററും ഷോര്‍ട്ട് ഫിലിംസുമായി അഭിനയം അടുത്തറിഞ്ഞു. പരസ്യചിത്രങ്ങളിൽ അവസരങ്ങളും പ്രതിഫലവും വന്നുതുടങ്ങിയതോടെ വീട്ടുകാര്‍ സപ്പോർട്ടായി. വാശിയോടെ ഹിന്ദി വശമാക്കി ആമസോണ്‍ വെബ് സീരിസിലും ഹിന്ദി സിനിമയിലും വേഷമിട്ടു.
പതക്കം വഴി ഉജ്വലനിൽ
ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഞാൻ അഭിനയിച്ച പതക്കമെന്ന ഷോർട്ട് ഫിലിം ഫൈനൽ വരെയെത്തി. പതക്കം കണ്ടാണ് ഫിലിം സ്കൂളില്‍ എന്റെ സഹപാഠി ആയിരുന്ന ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും അവിടെ സീനിയർ ആയിരുന്ന രാഹുലും എന്നെ ഡിറ്റക്ടീവ് ഉജ്വലന്റെ ഓഡിഷനു വിളിച്ചത്.
അതിലെ വില്ലന്‍ കഥാപാത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്താന്‍ അവര്‍ക്കു പുതുമുഖത്തെ തന്നെ വേണമായിരുന്നു. രണ്ടാംഘട്ടം ഓഡിഷന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം "നീയാണു പടത്തിലെ വില്ലന്‍, നീയാണു ബൂഗിമാന്' എന്ന് ഇന്ദ്രനീല്‍ പറഞ്ഞു.
ജോമോന് എന്ന ബൂഗിമാന്, അയാളുടെ ഇരട്ട സഹോദരന്. അങ്ങനെ ഇരട്ടവേഷം. 2024 നവംബറില്‍ ഷൂട്ടിംഗ് തുടങ്ങി.
സിജു വിൽസൺ, ധ്യാൻ
എന്റെ സീനുകളിലേറെയും ജഗദീഷ്, സിജു വില്‍സണ്‍, ധ്യാന്‍ എന്നിവര്‍ക്കൊപ്പമാണ്. ആദ്യ സീനുകളില്‍ ഞാന്‍ ആള്‍ക്കൂട്ടത്തിലാണ്. പക്ഷേ, കാമറ ഫോക്കസ് എന്നിലല്ല. ഞാനാണു വില്ലനെന്നു സെറ്റിൽ മിക്കവര്‍ക്കും അറിയില്ലായിരുന്നു.
ആരോടും അധികം സംസാരിക്കേണ്ടെന്നും കഥാപാത്രമായിത്തന്നെ നിന്നാല്‍ മതിയെന്നും ഇന്ദ്രനീല്‍ പ്രത്യേകം പറഞ്ഞിരുന്നു. രണ്ടു രാത്രികളിലായിരുന്നു സിജുച്ചേട്ടനുമായി ക്ലൈമാക്സ് ഫൈറ്റ് ഷൂട്ടിംഗ്. ആ സീക്വന്‍സുകളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.
കൂടുതൽ സംസാരിക്കാൻ അവസരമുണ്ടായി. ധ്യാന്ചേട്ടനുമായി സ്റ്റേഷനിലെ ചോദ്യംചെയ്യൽ സീന്‍ മാത്രം. അതിനാല്‍ വളരെ കുറച്ചുമാത്രമേ അടുത്തു സംസാരിച്ചിട്ടുള്ളൂ. മാത്രമല്ല, എല്ലാവരും അവരവരുടെ വര്‍ക്കില്‍ ഫോക്കസ്ഡ് ആയിരുന്നു. സെറ്റിൽ കോമഡിയൊക്കെ പറഞ്ഞിരുന്നെങ്കിലും ഒരിക്കലും അതൊന്നും മറ്റൊരാളിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കുന്ന തരത്തില്‍ ആയിരുന്നില്ല.
ജഗദീഷിനൊപ്പം

2025 മാര്‍ച്ചില്‍ എന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് ഷൂട്ട് ചെയ്തു. അതിനുവേണ്ടി പിന്നെയും മെലിഞ്ഞു. ആ ഷെഡ്യൂളിലാണ് ജഗദീഷേട്ടൻ വന്നത്. കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം സെറ്റിലുണ്ടായിരുന്നത്. അദ്ദേഹത്തോടു സംസാരിക്കാന്‍ എനിക്കു ചെറിയ പേടിയായിരുന്നു.
കാരണം, എന്താണു സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല! മാത്രമല്ല, പ്രഫഷണലിസത്തോടു വിട്ടുവീഴ്ചയില്ലാത്ത പ്രകൃതം. ജഗദീഷേട്ടൻ സെറ്റിൽ കഥാപാത്രമായിത്തന്നെ ഇരിക്കുകയായിരുന്നു. അദ്ദേഹം പെര്‍ഫോം ചെയ്തു കണ്ടപ്പോള്‍ ശരിക്കും രോമാഞ്ചമുണ്ടായി.
എത്രയോ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ലെജന്‍ഡിനൊപ്പം അഭിനയിക്കുന്നു. എന്റെ ബെസ്റ്റ് കൊടുക്കാൻ ആഗ്രഹിച്ചു. ഞാന്‍ കാരണം അദ്ദേഹം റീടേക്ക് പോകാന്‍ പാടില്ലല്ലോ!
ഡ്യൂപ്പില്ലാതെ
സിനിമ മൊത്തത്തില്‍ എനിക്കു ചലഞ്ചിംഗായിരുന്നു. ആദ്യത്തെ പടമല്ലേ, മോശമാക്കാന്‍ പാടില്ലല്ലോ എന്ന പേടി വളര്‍ന്നുകൊണ്ടേയിരുന്നു. ഷൂട്ടിംഗിനു മുന്നേ മൂന്നു മാസത്തോളം ഇന്ദ്രനീലുമായി നിരന്തരം സംസാരിക്കാൻ അവസരമുണ്ടായി. കഥാപാത്രത്തെ അടുത്തറിഞ്ഞു.
അങ്ങനെ അഭിനയം അനായാസമായി. എന്റെ കഥാപാത്രത്തിന് ഒരു ശരീരഭാഷയുണ്ട്. ആദ്യാവസാനം അതു നിലനിര്‍ത്തുക എന്നതും പ്രധാനമായിരുന്നു. ഏറെ ചലഞ്ചിംഗ് ആയിരുന്നു ഫൈറ്റ് സീക്വന്‍സ്. ഡ്യൂപ്പില്ലായിരുന്നു. സിജു ചേട്ടനുമായുള്ള ഫൈറ്റിനിടെ ശരിക്കും ഇടി കിട്ടി.
ഇനി കാരക്ടർ വേഷങ്ങൾ
അച്ഛനും അമ്മയ്ക്കുമൊഴികെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഞാനാണു വില്ലനെന്ന് അറിയില്ലായിരുന്നു. പ്രമോഷനുകളിലും പങ്കെടുത്തിരുന്നില്ല. മാസ്ക് ധരിച്ചു വേണം തിയറ്ററിൽ പോകേണ്ടതെന്ന് ഇന്ദ്രനീല്‍ നേരത്തേ പറഞ്ഞിരുന്നു. പ്രീമിയറിനു മാസ്ക് ഇല്ലാതെയാണു പോയതെങ്കിലും മാസ്ക് ധരിച്ചായിരുന്നു മടക്കം!
ഇനി നല്ല കാരക്ടർ വേഷങ്ങൾ ചെയ്യണം. എന്റെ കംഫര്‍ട്ട് സോണില്‍ അല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്ത് അഭിനയം മിനുക്കണം. നടനെന്ന രീതിയില്‍ വളരണം. കുറെ നല്ല സംവിധായകർക്കൊപ്പം ചെയ്യണം. പുതിയ അവസരങ്ങള്‍ വരുമെന്നാണു പ്രതീക്ഷ.