കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കൽ സംഘം നാളെ മുതൽ പര്യടനം നടത്തും. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽനിന്നുള്ള നേത്രരോഗ വിദഗ്ദർ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൌണ്ടേഷനുമായി ചേർന്ന് ബ്രഹ്മപുരംകാർക്ക് ആശ്വാസവുമായി എത്തുന്നത്.
വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകൾക്ക് കണ്ണുകൾക്ക് നീറ്റലും, ചൊറിച്ചിലും, മറ്റു അസ്വസ്ഥതയും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വീടുകളിൽ കഴിയുന്ന അത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈൽ നേത്ര ചികത്സാ സംഘം എത്തുന്നത്.
മമ്മൂട്ടിയുമായി ചേർന്ന് ആലുവ രാജഗിരി ആശുപത്രിയിൽനിന്നുള്ള മൊബൈൽ മെഡിക്കൽ സംഘം കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ബ്രഹ്മപുരത്തു സേവനം ചെയ്യുന്നുണ്ടായിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ അവർ വീട്ടിൽ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നു.
പുക ഏറ്റവും കൂടുതൽ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി ഇക്കുറിയും വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഒപ്റ്റോമെട്രിസ്റ്റ്, നേഴ്സ്, ആവശ്യമായ മരുന്നുകൾ എന്നിവയും അടങ്ങിയ സഞ്ചരിക്കുന്ന വൈദ്യസഹായ സംഘം വീടുകളിൽ എത്തി പരിശോധന നടത്തും.
വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശം രണ്ടാം ദിനവും മെഡിക്കൽ സംഘമെത്തി പരിശോധന നടത്തും.
വിഷപ്പുക മൂലം കണ്ണിന് പലതരത്തിലുള്ള അസ്വസ്ഥതകൾ വ്യാപകമായ ഈ സാഹചര്യത്തിൽ നേത്ര ചികിത്സാ ക്യാമ്പ് വഴി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ പറഞ്ഞു.
പരിശോധനയ്ക്കുശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ തുടർ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
പുക ശ്വസിച്ചത് മൂലമുണ്ടായ അസ്വസ്ഥതകൾ മാറ്റുന്നതിനുള്ള ക്യാമ്പിന് ശേഷം കണ്ണുകളെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരമായാണ് രണ്ടാംഘട്ടം നേത്ര പരിശോധന ക്യാമ്പ് ആയി സംഘടിപ്പിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു.
സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റിന്റെ സമയത്തെക്കുറിച്ചും മറ്റു വിവരങ്ങൾക്കുമായി 9207131117 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.