മാളികപുറം വില്ലന് ദേവനന്ദയുടെ വക ഒരു സർപ്രൈസ്; വീഡിയോ
Friday, June 9, 2023 2:25 PM IST
മാളികപുറം ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സന്പത്ത് രാമിന് വിമാനത്താവളത്തിൽ സർപ്രൈസ് നൽകി ദേവനന്ദ.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിശ്രമിക്കുകയായിരുന്ന സമ്പത്ത് രാം തന്റെ അടുത്തേക്കോടിവന്ന കുട്ടിയെ കണ്ട് ഒരുനിമിഷം അത്ഭുതപ്പെട്ടു. എന്നാൽ അതു ദേവനന്ദയാണെന്ന് തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
ദേവനന്ദയെ കെട്ടിപ്പിടിച്ചാണ് സമ്പത്ത് സ്നേഹം പങ്കുവച്ചത്. ദേവനന്ദയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ചിത്രത്തിൽ ദേവനന്ദ അവതരിപ്പിച്ച കല്ലു എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കല്ലുവിനെ പിന്തുടരുന്ന വില്ലൻ കഥാപാത്രമായ മഹിയെയാണ് ചിത്രത്തിൽ സന്പത്ത് രാം അവതരിപ്പിച്ചത്.
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരമാണ് സമ്പത്ത് രാം. മുതൽവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സമ്പത്ത് തമിഴിലെ തിരക്കേറിയ താരമാണ്. ജനകൻ, സെവൻസ് തുടങ്ങി നിരവധി മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സുന്ദർ സി. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം അരൺമനൈ നാലാം ഭാഗത്തിലൂടെ തമിഴകത്തും ചുവടുവയ്ക്കുകയാണ് ദേവനന്ദ.