"ഒടിയൻ' തകർക്കാൻ ഗൂഢശ്രമം: ശ്രീകുമാർ മേനോൻ
Friday, December 14, 2018 4:28 PM IST
വാനോളം പ്രതീക്ഷകളുമായി എത്തിയ "ഒടിയൻ' എന്ന തന്‍റെ കന്നി ചിത്രത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒടിയനെതിരേ നടക്കുന്ന സൈബർ ആക്രമണം ബോധപൂർവമാണെന്ന് സംവിധായകൻ പറഞ്ഞത്.

കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതു മുതൽ ഇതുണ്ടായിരുന്നു. താനിത് മുൻകൂട്ടി തിരിച്ചറിഞ്ഞതാണ്. ചിത്രത്തെ തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സൈബർ ഗുണ്ടകളാണ് ഒടിയൻ മോശമാണെന്ന പ്രചരണങ്ങൾക്ക് പിന്നിൽ. ഇത്തരം പ്രചാരണങ്ങളിൽ പ്രേക്ഷകർ വീഴരുതെന്നും എല്ലാവരും ഒടിയൻ തീയറ്ററിൽ പോയി കാണണമെന്നും സംവിധായകൻ അഭ്യർഥിച്ചു.

മഞ്ജു വാര്യരെ ലക്ഷ്യംവച്ചും ബോധപൂർവമായ ആക്രമണം നടക്കുന്നുണ്ട്. മഞ്ജു തന്‍റെ നല്ലയൊരു സുഹൃത്താണ്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാവും ഒടിയനിൽ മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. 90-കളിലെ മോഹൻലാലിനെ തിരിച്ചുകിട്ടുന്ന ചിത്രമാകും ഒടിയനെന്നും അദ്ദേഹം പറഞ്ഞു.

ഒടിയന്‍റെ ആദ്യ ഷോ തീരും മുൻപേ ക്ലൈമാക്സിനെ വിമർശിച്ച മഹാന്മാർ വരെ സോഷ്യൽ മീഡിയയിലുണ്ട്. ഇവർക്ക് തന്നോട് വ്യക്തിവിരോധം തോന്നേണ്ട കാര്യമൊന്നുമില്ല. പുതുമുഖ സംവിധായകന്‍റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്പോൾ മലയാള സിനിമ വ്യവസായം കൂടിയാണ് ഇല്ലാതാകുന്നത്. തനിക്ക് മാത്രമല്ല മുൻകാലത്ത് പലർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്രീകുമാർ മേനോൻ തുറന്നടിച്ചു.

റിലീസിന് മുൻപേ മുടക്കു മുതൽ തിരിച്ചുപിടിച്ച സിനിമയാണ് ഒടിയൻ. അത്തരമൊരു നേട്ടമുണ്ടാകുന്പോൾ എല്ലാവരും സന്തോഷിക്കുകയല്ലേ വേണ്ടത്. മറ്റൊരു സംവിധായകന്‍റെ ചിത്രത്തിനാണ് ഇത് ലഭിച്ചതെങ്കിൽ തനിക്ക് ഏറെ സന്തോഷമായേനെ. എന്നാൽ ഒടിയൻ നേട്ടം കൊയ്തപ്പോൾ ചിലർക്ക് അസൂയയുണ്ടെന്നും എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് മനസിലാകുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.