ജനഹൃദയങ്ങൾ കീഴടക്കിയ സംവിധായകൻ
Tuesday, October 2, 2018 4:25 PM IST
മലയാള സിനിമാ ചരിത്രത്തിൽ പൊൻനൂലിഴകളിൽ തുന്നിച്ചേർത്ത സംവിധായകൻ തന്പി കണ്ണന്താനം ഇനി ഓർമ മാത്രം. കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായ തന്പി സിനിമാ മോഹത്താൽ കോടന്പാക്കത്തേക്കു വണ്ടി കയറിയപ്പോൾ പ്രായം 25 മാത്രം.

ആദ്യ രണ്ടു സിനിമകൾ പരാജയപ്പെട്ടുവെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രമായ "രാജാവിന്‍റെ മകൻ' എന്ന ചിത്രം ഒരുക്കിയതിലൂടെ തന്പിയുടെ വഴി തെളിഞ്ഞു. മോഹൻലാൽ സൂപ്പർതാര പദവിയിലേക്കുയർന്ന ഈ ചിത്രത്തെ തുടർന്ന് ലാൽ നായകനായ വിസ്മയ ചിത്രങ്ങളുടെ നിരതന്നെ അദ്ദേഹം സൃഷ്ടിച്ചു.സംവിധാനം- തന്പി കണ്ണന്താനം എന്ന് ടൈറ്റിൽ കാർഡിൽ കണ്ടാൽ ആവേശഭരിതരാകുന്ന ഒരുപറ്റം പ്രേക്ഷകർ പോലും ഒരുകാലത്തുണ്ടായിരുന്നു. തന്പിയുടെ കുട്ടിക്കാലം തറവാടു വക എസ്റ്റേറ്റിലായിരുന്നു. അവിടെ മിക്കവാറും ഷൂട്ടിംഗ് ഉള്ളതുകൊണ്ട് സിനിമാ വണ്ടിയും വിവിധ നിറങ്ങളിലുള്ള സിനിമാ നോട്ടീസുകളുമൊക്കെ സ്ഥിരം കാഴ്ചകളിൽപ്പെട്ടു. നോട്ടീസിലെ സിനിമാക്കഥ ആവേശത്തോടെ വായിച്ചുവരുന്പോളാണ് ശേഷം വെള്ളിത്തിരയിൽ എന്നെഴുതി നോട്ടീസ് അവസാനിക്കുന്നത്. വെള്ളിത്തിരയിലെന്ത് എന്ന ചിന്ത കൊച്ചു തന്പിയിൽ ഉടലെടുത്തത് അങ്ങനെയാണ്.

സിനിമയിലെ താരങ്ങളെ അടുത്തറിയണം എന്ന ആഗ്രഹവും ഉള്ളിലുദിച്ചു. ഇതിനോടകം കണ്ടുകഴിഞ്ഞ സത്യൻ, നസീർ, മധു, ദിലീപ് കുമാർ, എം.ജി.ആർ, സുനിൽ ദത്ത് തുടങ്ങിയ താരങ്ങളും മറ്റൊരു പ്രചോദനമായി. മക്കളെല്ലാം പഠിക്കണമെന്ന ആഗ്രഹമായിരുന്നു തന്പിയുടെ പിതാവിന്. സിനിമയാണു തന്പിയുടെ ആഗ്രഹമെന്ന് അറിയാമെങ്കിലും അങ്ങോട്ടേയ്ക്ക് തിരിഞ്ഞാൽ പഠനം നഷ്ടപ്പെടുമോ എന്ന പേടിയിൽ മകൻ ഒളിച്ചുവച്ചു വായിക്കുന്ന സിനിമാ പുസ്തകങ്ങളും മാഗസിനുകളും മറ്റും കത്തിച്ചുകളയാൻ പോലും പിതാവ് മടിച്ചില്ല.എന്തായാലും യുവത്വത്തിലേക്കു കാലൂന്നിയപ്പോൾ സിനിമതന്നെ തന്‍റെ വഴിയെന്ന് തന്പി ഉറപ്പിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ പ്രഗത്ഭർ സിനിമയിൽ അവസരം തേടി അലയുന്നതിനിടയിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിലെ യുവാവ് സിനിമയെടുക്കാൻ ചെന്നൈയിലേക്കു വണ്ടി കയറിയത്. തന്പിയെ ആദ്യം നിരുത്സാഹപ്പെടുത്തിയ പിതാവ് തന്നെ ആദ്യസിനിമ നിർമിക്കാനുള്ള പണം കൊടുത്തുവെന്നതും വിരോധാഭാസം.

ചെന്നൈയിലെത്തിയ തന്പി, സംവിധായകൻ ശശികുമാറിനൊപ്പം ചേർന്ന് സിനിമ പഠിച്ചു. അൻപതിലധികം സിനിമകളിൽ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി. "താവളം' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രവും തുടർന്നു ചെയ്ത പാസ്പോർട്ട്, ആ നേരം അല്പദൂരം എന്നീ ചിത്രങ്ങളും പരാജയപ്പെട്ടതോടെ തന്പിക്ക് സ്വല്പമൊന്നു മാറിച്ചിന്തിക്കേണ്ടിവന്നു.കഥയില്ലായ്മയാണ് ഈ ചിത്രങ്ങളുടെയൊക്കെ പരാജയകാരണമെന്നു ഇതിനോടകം മനസിലാക്കിയ അദ്ദേഹം ഡെന്നീസ് ജോസഫിന്‍റെ രചനയാണ് അടുത്ത സിനിമയ്ക്കായി തെരഞ്ഞെടുത്തത്. രാജാവിന്‍റെ മകൻ എന്ന ആ ചിത്രത്തോടെ തന്പി കണ്ണന്താനം എന്ന സംവിധായകൻ അക്ഷരാർഥത്തിൽ കുതിച്ചുയരുകയായിരുന്നു.

തെക്കുംകൂർ രാജവംശത്തിലെ പിന്തുടർച്ചക്കാരൻ കേരളത്തിലെ ജനാധിപത്യഭരണത്തിന്‍റെ ഭാഗമാകുന്ന കഥയാണ് തുടർന്നു ചെയ്ത ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രം പറഞ്ഞത്. ഡെന്നീസ് ജോസഫ് കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രവും ഗംഭീരവിജയം നേടി. അതേ വർഷം തന്നെ റിലീസിനെത്തിയ വഴിയോരക്കാഴ്ചകളും വൻ വിജയമാണു നേടിയത്.ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നീ സൂപ്പർഹിറ്റുകളും തന്പി സംവിധാനം ചെയ്തവയാണ്. 2004-ൽ സംവിധാനം ചെയ്ത ഫ്രീഡം ഉൾപ്പെടെ 16 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഒരു ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. അഞ്ചു സിനിമകൾ നിർമിച്ച തമ്പി തിരക്കഥാകൃത്ത്, നടൻ എന്ന നിലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സിനിമയിൽ നിന്നു സാന്പത്തിക നേട്ടം പ്രതീക്ഷിച്ചുവന്ന വ്യക്തിയായിരുന്നില്ല കാഞ്ഞിരപ്പള്ളിക്കാരൻ തന്പി. അവാർഡുകളോ അംഗീകാരങ്ങളോ ലഭിച്ചിട്ടുമില്ല. പ്രേക്ഷകരുടെ ഇഷ്ടം ഏറ്റവും വലിയ അംഗീകാരമായി കരുതിയിരുന്ന തന്പി അതുകൊണ്ടുതന്നെ ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് ഉറപ്പ്. കുഞ്ഞുമോളാണ് തമ്പിയുടെ ഭാര്യ. മക്കൾ: ഐശ്വര്യ, എയ്ഞ്ചല.

സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.