"വാട്ടർലെവൽ' ഡോക്യുമെന്‍ററി പുറത്തിറക്കി
Saturday, November 10, 2018 4:54 PM IST
കേരളത്തിന്‍റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്‍റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്ന "വാട്ടര്‍ലെവല്‍' എന്ന ഡോക്യുമെന്‍ററി പുറത്തിറക്കി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായരാണ് ഡോക്യുമെന്‍ററി പ്രദർശനം ഉദ്ഘാടനം ചെയ്തത്. എം.കെ മുനീർ എംഎൽഎയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

എന്തൊക്കെയാണ് പുനര്‍നിര്‍മാണത്തിന്‍റെ സാധ്യതകളും വെല്ലുവിളികളും എന്നാണ് ഡോക്യുമെന്‍ററി അന്വേഷിക്കുന്നത്. എത്തരത്തിലാവണം പുനര്‍നിര്‍മാണം എന്നതും വെല്ലുവിളികളെ എങ്ങനെ അതിജീവിക്കണമെന്നും അതിനായി എത് രീതിയിലുള്ള സമീപനവും പ്രവര്‍ത്തന പദ്ധതികളുമാണ് സ്വീകരിക്കേണ്ടതെന്നും ഡോക്യുമെന്‍ററി അന്വേഷിക്കും.

പ്രമുഖരുടെയും വിദഗ്ധരുടെയും ഈ വിഷയത്തിലെ വിശകലനങ്ങളെ ഡോക്യുമെന്‍ററി കോര്‍ത്തിണക്കും. ഇംഗ്ലീഷിൽ നിര്‍മിക്കുന്ന ചിത്രം പ്രളയാനന്തര നിര്‍മാണത്തെ സംബന്ധിച്ച് ഏക്കാലവും പരിഗണിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

മുനീറാണ് പ്രൊജക്‌ടിന്‍റെ രക്ഷാധികാരി. ട്രൂത്ത് ഗ്രൂപ്പിന്‍റെ ബാനറിൽ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്താണ് നിർമാണം നിർവഹിക്കുന്നത്. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. അരുണ്‍കുമാറാണ് രചന.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. റിസർച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈൻസ് രാജേഷ് ചാലോട്. പ്രശസ്ത സൗണ്ട് ഡിസൈനര്‍ പി.എം. സതീഷ് ഉള്‍പ്പെടെയുള്ളവര്‍ സാങ്കേതിക മേഖലയില്‍ ഡോക്യുമെന്‍ററിയെ പിന്തുണയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.