"അമ്മ' കേൾക്കാത്തത് ആഷിക് കേട്ടു; പരാതികൾ കേൾക്കാൻ കമ്മിറ്റി
Sunday, October 14, 2018 3:53 PM IST
താരസംഘടനയായ "അമ്മ'യ്ക്കെതിരായ ഡബ്ല്യൂസിസി നടത്തിയ വാർത്താ സമ്മേളനത്തിനു പിന്നാലെ സ്ത്രീകളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമവുമായി സംവിധായകൻ ആഷിക് അബു. തങ്ങളുടെ സിനിമകളിൽ സഹകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പരാതികൾ കേൾക്കുന്നതിന് ഐസിസി (ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി) പ്രവർത്തിക്കുമെന്ന് ആഷിക് അറിയിച്ചു.

ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാം എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. "സുരക്ഷിത തൊഴിലിടം, എല്ലാവർക്കും !' എന്ന ടാഗ്‌ലൈനോടെയാണ് ആഷിക് തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തേ മുൻ നിർത്തി സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഡബ്ല്യുസിസി ഭാരവാഹികളുടെ ശനിയാഴ്ചത്തെ വാർത്താ സമ്മേളനം. തങ്ങളുടെ പരാതികളിൽ "അമ്മ' കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതികൾ ഉന്നയിക്കുമ്പോൾ അതെല്ലാം അവഗണിക്കുന്ന സമീപനമാണ് താരസംഘടനയുടെ ഭാരവാഹികൾ സ്വീകരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഡബ്ല്യുസിസി അംഗവും നടിയുമായ റിമ കല്ലിങ്കലിന്‍റെ ഭർത്താവ് കൂടിയായ ആഷിക് ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.