എം.ടി പിന്മാറി; "രണ്ടാമൂഴം' നടക്കുമോ?, വീഴ്ച സമ്മതിച്ച് സംവിധായകൻ
Thursday, October 11, 2018 11:25 AM IST
എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ച​ന​യി​ലൊ​രു​ങ്ങി​യ വി​ഖ്യാ​ത നോ​വ​ലാ​യ ര​ണ്ടാ​മൂ​ഴം സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സി​നി​മ​യാ​ക്കു​മെ​ന്ന വാ​ർ​ത്ത ഏറെ നാളായി കേൾക്കുന്നതാണ്. എന്നാൽ ചിത്രത്തിൽ നിന്നും എം.ടി പിന്മാറിയെന്നതാണ് ഏറ്റവും പുതിയ വാർത്ത. നാല് വർഷം മുൻപ് സംവിധായകന് നൽകിയ രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോടതിയെ സമീപിക്കുകയും ചെയ്തു.

സംവിധായകനുമായി പിണങ്ങിയല്ല ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നും കരാർ പാലിക്കാൻ അദ്ദേഹം തയാറാകാതിരുന്നതാണ് കാരണമെന്നും എം.ടി വ്യക്തമാക്കി. തിരക്കഥ നൽകുമ്പോൾ മൂന്നു വർഷത്തിനകം സിനിമ പുറത്തിറങ്ങണമെന്നായിരുന്നു കരാർ. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തന്‍റെ പിന്മാറ്റമെന്നും മറ്റാരെങ്കിലും തിരക്കഥയ്ക്കായി സമീപിച്ചാൽ നൽകുന്ന കാര്യം പരിഗണിക്കുമെന്നും എം.ടി വ്യക്തമാക്കി.

എന്നാൽ എം.ടിയുടെ പ്രതികരണത്തിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോൻ വിശദീകരണവുമായി രംഗത്തുവന്നു. എം.ടിയെ പ്രോ​ജ​ക്ടി​ന്‍റെ പു​രോ​ഗ​തി കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് തന്‍റെ വീഴ്ചയാണെന്ന് അദ്ദേഹം സമ്മതിച്ചു. ഫേസ്ബുക്കിലാണ് സംവിധായകൻ വിശദീകരണം അറിയിച്ചിരിക്കുന്നത്.

ഒടിയൻ എന്ന സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടക്കുന്നതിനാലായിരുന്നു എം.ടിയെ ബന്ധപ്പെടാൻ കഴിയാതിരുന്നത്. അദ്ദേഹത്തെ നേരിൽ കണ്ട് താൻ കാര്യങ്ങൾ വിശദീകരിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ചിത്രീകരണത്തിന് മുൻപുള്ള ജോലികൾ അ​വ​സാ​ന ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക​ പ്രഖ്യാപനമുണ്ടാകുമെന്നും 2019 ജൂ​ലൈ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പുരോഗമിക്കുകയാണെന്നും ശ്രീകുമാർ മേനോൻ കുറിച്ചു.

വ്യ​വ​സാ​യി​യാ​യ ബി.​ആ​ർ. ഷെ​ട്ടി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ​ക​ഥാ​പാ​ത്ര​മാ​യ ഭീ​മ​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലാ​ണ്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രധാന താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. 1,000 കോടി മുതൽ മുടക്കിയാണ് രണ്ടാമൂഴം ഒരുക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തെ വാർത്തകളിൽ നിറച്ചിരുന്നു.

ശ്രീകുമാർ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.