ചാനലുകളും വിജയചിത്രങ്ങൾക്ക് ഒപ്പം
Monday, May 29, 2017 4:03 AM IST
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ചാനൽ കാഴ്ചകൾ. അതു മികച്ച സിനിമയുമെങ്കിൽ മത്സരം ഏറുന്നു. ഇതിനൊപ്പം തിയറ്ററിൽ പരാജയം നേടുന്ന ചിത്രങ്ങളെ ചാനലുകളും കൈവിടുന്ന കാഴ്ചയുമുണ്ട്. ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടാൽ അത്തരം ചിത്രങ്ങൾ ചാനലുകൾ ഏറ്റെടുത്ത് പെട്ടെന്നു തന്നെ ടെലികാസ്റ്റ് ചെയ്യുന്ന ചാനൽ സന്പ്രദായം നിലനിന്നിരുന്നു. എന്നാൽ അത്തരം സിനിമകളോടുള്ള താല്പര്യവും ഇപ്പോൾ കുറഞ്ഞ മട്ടാണ്. അതുകൊണ്ടു തന്നെ സാറ്റലൈറ്റ് അഡ്വാൻസ് വാങ്ങി സിനിമ നിർമാണം തുടങ്ങുന്ന രീതിക്കും താഴു വീണു.

ചാനലുകൾക്കും തിയറ്ററുകൾക്കും എന്നും താല്പര്യമുള്ളത് സൂപ്പർസ്റ്റാർ ചിത്രങ്ങൾ തന്നെയാണ്. സിനിമ മോശമാണെങ്കിലും ഇനിഷ്യൽ കളക്ഷൻ ഭേദപ്പെട്ട രീതിയിൽ നേടാമെന്നാണ് ഇവരുടെ കണക്കു കൂട്ടൽ. സമീപകാലം വരെ മലയാള സിനിമയുടെ ഡിജിറ്റൽ വിപ്ലവത്തിനോടും ന്യു ജനറേഷൻ ട്രെൻഡിനോടും സാന്പത്തികമായി തുണച്ചത് ചാനൽ റൈറ്റ്സ് എന്ന വരുമാന സ്രോതസായിരുന്നു. മലയാളത്തിൽ ചാനലുകളുടെ എണ്ണത്തിലുണ്ടായ വളർച്ചയും സിനിമകൾ മാത്രമായി സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ വരവും കൂടിയപ്പോൾ സാറ്റലൈറ്റ് റൈറ്റ്സിനു വേണ്ടിയുള്ള മത്സരവും സജീവമായി.

ഒരു കാലത്തു നവ സിനിമകളുടെ വളർച്ചയിൽ വലിയ പിന്തുണയായതും ഈ ചാനൽ മത്സരം തന്നെയായിരുന്നു. മലയാള സിനിമ വ്യവസായത്തിൽ റിസ്ക് ഏറുന്നതുകൊണ്ടു തന്നെ പല വന്പൻ ബാനറുകളും ഈ രംഗത്തു നിന്നു പിൻമാറുകയും സീരിയൽ നിർമാണ രംഗത്തേക്കു തിരിയുകയും ചെയ്തു. ചാനലുകൾ തമ്മിലുള്ള എന്‍റർടെയ്ൻമെന്‍റ് മത്സരങ്ങളിൽ സിനിമ ഒരു നിർണായക ഘടകമാകുന്പോൾ അതു സാറ്റലൈറ്റ് റേറ്റിംഗിൽ വൻ കുതിച്ചു ചാട്ടമാണ് സൃഷ്ടിച്ചത്. സൂപ്പർതാര സിനിമകളുടെ ചാനൽ റൈറ്റ്സ് അതു തെളിയിക്കുന്നു.

ഇവിടെ ചാനലിൽ നടക്കുന്ന പതിവ് എന്‍റർടെയ്ൻമെന്‍റ് പരിപാടികളുടെ പോരായ്മ തിരിച്ചറിഞ്ഞ് പുതിയ സിനിമകൾ കൊണ്ടു പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ് ചാനലുകൾ ഇപ്പോൾ പരിശ്രമിക്കുന്നത്. സൂപ്പർതാര സിനിമകളുടെ ചാനൽ റൈറ്റ്സിലെ യഥാർഥ തുക പുറത്തു വിടാറില്ലെങ്കിലും ഈ താരങ്ങളുടെ മാർക്കറ്റ് വില എന്നും സജീവമായി മാധ്യമങ്ങളിൽ വാർത്തായാകാറുണ്ട്. പോയ വർഷങ്ങളിലെ ചാനൽ റൈറ്റ്സിലേക്കു നോക്കിയാൽ മോഹൻലാലിന്‍റെ പുലിമുരുകൻ, മമ്മൂട്ടിയുടെ പത്തേമാരി എന്നീ ചിത്രങ്ങൾ മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും കിട്ടാത്ത സാറ്റ്ലൈറ്റ് റേറ്റാണ് നേടിയത്. ഒപ്പം പൃഥ്വിരാജിന്‍റെ എന്നു നിന്‍റെ മൊയ്തീനും പോയ വർഷങ്ങളിൽ മികച്ച മാർക്കറ്റ് നേടിയിരുന്നു. ദിലീപ്, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും മുൻ നിര ചാനലുകൾ നോട്ടമിടുന്നവയാണ്. സിനിമയുടെ പബ്ലിസിറ്റിയിൽ ചാനൽ റൈറ്റ്സും അതിന്‍റെ കണക്കുകളും നിർണായക ഘടകമാണെന്നു തെന്നിന്ത്യൻ നിർമാതാവ് കെ.ടി. കുഞ്ഞുമോൻ തന്നെ പറഞ്ഞിട്ടുണ്ട്.

സാറ്റലൈറ്റ് റൈറ്റ്സിൽ ഒരു ഘട്ടത്തിൽ ചാനലുകൾ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സൂപ്പർതാര ചിത്രങ്ങളുടെ വരെ മാർക്കറ്റ് വിലയെ അതു ബാധിച്ചിരുന്നു. അതു മികച്ച ഒരുപറ്റം സിനിമ നിർമാണത്തിനും കാരണമായിട്ടുണ്ട്. സിനിമയ്ക്കുള്ള ചാനൽ റൈറ്റ്സ് സിനിമയ്ക്കു മുന്പു തന്നെ കൊടുക്കുന്ന രീതിയും ത്വരിതപ്പെടുത്തി. സിനിമ പൂർത്തിയായാലും തിയറ്ററിൽ വിജയം നേടിയില്ലെങ്കിൽ ചാനലുകൾ കൈയൊഴിയുമായിരുന്നു. നല്ല നിർമാതാക്കൾക്കു മാത്രം സിനിമയിൽ നിലനിൽക്കാൻ സാധിച്ചതാണ് ചാനലുകളുടെ ഈ നിയന്ത്രണത്തോടെ സംഭവിച്ച മറ്റൊരു കാര്യം.

സമീപ കാലത്ത് ഈ ചാനൽ നിലപാടിൽ മാറ്റം വരുത്തിയ ഒരു ചിത്രമായിരുന്നു ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ. ചിത്രത്തിന്‍റെ റിലീസിംഗിനു മുന്പു പറഞ്ഞ ചാനൽ റൈറ്റ്സ് തുകയുടെ മൂന്നിരട്ടിയിലാണ് പിന്നീട് അതിന്‍റെ ബിസിനസ് നടന്നത്. ഇതു ബിജു മേനോന്‍റെ നായക പദവിയിലേക്കുള്ള മുന്നേറ്റം കൂടിയായിരുന്നു. തിയറ്ററിൽ വിജയിക്കുന്ന ചിത്രങ്ങൾക്കു മാത്രമാണ് ടെലിവിഷനിലും പ്രേക്ഷകരെ കിട്ടുകയുള്ളു എന്ന തിരച്ചറിവ് വന്പൻ പ്രതിഫലം ചോദിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി നിർത്താൻ ചാനലുകളെ പ്രേരിപ്പിക്കുന്നുണ്ട്.

ഒരു താരത്തിന്‍റെ പിൻബലവും പതിവു വിജയ ഫോർമുലയുമില്ലാതെ എത്തുന്ന മികച്ച സിനിമകൾക്കു തിയറ്ററിലും ടെലിവിഷനിലും കാണാൻ പ്രേക്ഷകരുണ്ടെന്നതു സത്യമാണ്. ആ ചിത്രങ്ങളുടെ നിർമാതാക്കൾക്കു മുന്നിൽ വന്പൻ ചിത്രങ്ങളുടെ ചാനൽ റൈറ്റ്സ് ഒരു ഭീഷണി തന്നെയാണ്. ചാനൽ റൈറ്റ്സുകളും നിബന്ധനകളും അവർക്കു ഭീഷണിയാകുന്നത് ദോഷം തന്നെയാണ്. കാരണം സമാന്തര സിനിമകളെ ഈ ചാനൽ മത്സരങ്ങൾ ശ്രദ്ധിക്കാറേ ഇല്ലെന്നതാണ് സത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.