പ്രണയം ഒഴുകുന്ന 96
Saturday, October 6, 2018 6:18 PM IST
"96' പേര് പോലെ തന്നെ ആ കാലഘട്ടത്തിന്‍റെ ഒരു കഥയാണ്. സുന്ദരമായ ഒരു കൗമാര പ്രണയ കഥ. ത​ഞ്ചാ​വൂ​ർ ഓ​ൾ സെ​യ്ന്‍റ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1996 ബാ​ച്ച് വി​ദ്യാ​ർഥി​ക​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്‍റെയും (വിജയ് സേതുപതി) എ​സ്. ജാ​ന​കി ദേ​വി​യു​ടെയും (തൃഷ) പ്രണയമാണ് സം​വി​ധാ​യ​ക​ൻ പ്രേം ​കു​മാ​ർ തന്‍റെ കന്നി ചിത്രത്തിലൂടെ പ​റ​യു​ന്ന​ത്.

ട്രാവൽ ഫോട്ടോഗ്രാഫറായ രാ​മ​ച​ന്ദ്ര​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി ജീ​വി​തം വ​ര​ച്ചു കാ​ണി​ക്കു​ന്ന ഒ​രു ഗാ​ന രം​ഗ​ത്തി​ലൂ​ടെ ചി​ത്രത്തിന്‍റെ തുടക്കം. ഏ​തൊ​രു സ​ഞ്ചാ​രി​യേ​യും ആ​ക​ർ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​മാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റാ​മി​ന്‍റെ യാ​ത്ര ത​ഞ്ചാ​വൂ​രി​ൽ താൻ പഠിച്ച സ്കൂളിന് മുന്നിലെത്തുന്നതോടെയാണ് കഥയിൽ പ്രണയ വഴി തുറക്കുന്നത്.



ത​ന്‍റെ സ്കൂ​ൾ ഓ​ർ​മ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന റാം ​സ​ഹ​പാ​ഠി​യാ​യി​രു​ന്ന മു​ര​ളി​യെയാണ് ആദ്യം അന്വേഷിക്കുന്നത്. ആ അന്വേഷണവും തുടർന്ന് നടക്കുന്ന ഒരു പൂർവ വിദ്യാർഥി സംഗമവും ഒക്കെയാണ് പ്രണയം നിറഞ്ഞ 96-ന്‍റെ കഥാപശ്ചാത്തലം. റാം എന്ന രാമചന്ദ്രന്‍റെയും ജാ​ന​കി​യു​ടെ​യും ബാ​ല്യ​കാ​ല പ്ര​ണ​യ​ കാലത്തേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഫോട്ടോഗ്രാഫിയാണ് റാമിന്‍റെ വഴിയെങ്കിൽ സംഗീതമാണ് ജാനുവിന് കൂട്ട്. പാ​ട്ട് പാ​ടു​ന്ന എ​പ്പോ​ഴും പാ​ട്ടി​നേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നയാളാണ് ജാ​നു. അവർക്കിടയിൽ നിശ്ചബ്ദമായി മൊട്ടിടുന്ന പ്രണയമാണ് 96-ൽ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്നത്. ചെറുപുഞ്ചിരികളിലൂടെയാണ് സംവിധായകൻ പ്രേക്ഷക ഹൃദയങ്ങളിൽ പ്രണയം നിറയ്ക്കുന്നത്.



പൂർവ വിദ്യാർഥി സംഗമം അ​വ​സാ​നി​ക്കു​ന്നി​ടത്താണ് സംവിധായകൻ ആദ്യ പകുതി നിർത്തുന്നത്. ബാ​ക്കി പ​കു​തി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം റാ​മും ജാ​നു​വും മാ​ത്ര​മാ​ണ്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ മാറ്റങ്ങൾ റാ​മി​ൽ വ​രു​ത്തി​യെ​ങ്കി​ലും ജാ​നു​വി​നെ കാ​ണു​ന്ന മാ​ത്ര​യി​ൽ അ​വ​ൻ പ​ഴ​യ പ​ത്താം ക്ലാ​സു​കാ​ര​നാ​കു​ന്നു. പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​യ​ത്തി​ന്‍റെ​യും ന​ല്ല കാ​ഴ്ച​ക​ളാണ് വിജയ് സേതുപതിയും തൃഷയും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇ​രു​വ​രും ഇക്കാലമത്രയും ഒറ്റയ്ക്ക് താമസിക്കുന്നതിന്‍റെ കാരണമാണ് സംവിധായകൻ രണ്ടാം പകുതിയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

നായികാ നായകന്മാരുടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ച ആ​ദി​ത്യ ഭാ​സ്ക​റും ഗൗ​രി ജി. ​കി​ഷ​നും പ്ര​ശം​സ അ​ർ​ഹി​ക്കു​ന്ന പ്രകടനമാണ് സ്ക്രീനിൽ കാഴ്ചവച്ചിരിക്കുന്നത്. ന​യ​ന​മ​നോ​ഹ​ര​മാ​യ കാഴ്ചകളൊരുക്കി ഛായാഗ്രാഹകൻ എ​ന്‍. ഷ​ൺ​മു​ഗ സു​ന്ദ​രം ചിത്രത്തോട് നൂറു ശതമാനം നീതി പുലർത്തി. മ്യൂ​സി​ക് ബാ​ൻ​ഡാ​യ തൈ​ക്കൂ​ടം ബ്രി​ഡ്ജി​ലെ വ​യ​ലി​നി​സ്റ്റ് ഗോ​വി​ന്ദ് മേ​നോ​നാ​ണ് പ്രണയ ചിത്രത്തിന്‍റെ ഭാവം ചോരാതെ ​ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യത്.



ക്ലീഷേകളെല്ലാം ഒഴിവാക്കിയാണ് 96 പ്രണയ കഥ പറഞ്ഞുപോകുന്നത്. പ്രേക്ഷകന്‍റെ ഭാവനയ്ക്കും അപ്പുറം നിൽക്കുന്ന ക്ലൈമാക്സ് നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വാണിജ്യ സിനിമ ആവശ്യപ്പെടുന്ന ചേരുവകളൊന്നും ചേർക്കാതെ സത്യസന്ധമായിട്ടാണ് സംവിധായകൻ തന്‍റെ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. എങ്കിലും 2.37 മണിക്കൂർ എന്ന ദൈർഘ്യം പ്രേക്ഷകന് മടുപ്പുളവാക്കിയേക്കും.

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.