വേറിട്ടൊരു കാർവാൻ യാത്ര...!
Saturday, August 4, 2018 4:55 PM IST
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പക്ഷേ, എവിടെയൊക്കയോ പ്രേക്ഷകനെ സ്പർശിക്കുന്നുണ്ട്. റോഡ് മൂവിയുടെ ആകാംക്ഷ നിലനിർത്താതെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്നു വ്യത്യസ്ത ചിന്താഗതിക്കാരുടെ ഒരുമിച്ചുള്ള യാത്രയിൽ കല്ലുകടികൾ ധാരാളം പ്രത്യക്ഷപ്പെടുന്നുമുണ്ട്. വേണ്ടപ്പെട്ടവരുടെ മരണവാർത്ത ഉൾക്കൊള്ളാൻ സമയമെടുക്കുന്നവരുടെ ഇടയിൽ, അതും നടക്കേണ്ട ഒന്നാണെന്ന ചിന്താഗതിയിൽ ഉൗന്നിയാണ് കഥയുടെ പോക്ക്.

യാത്രകൾ പലതരത്തിലുണ്ടെങ്കിലും ഇതൊരു പുതുയാത്രയാണ്. മടുപ്പും ഇഴച്ചിലും പിന്നെ കുറച്ച് കോമഡിയുമെല്ലാമുള്ള വേറിട്ട യാത്ര. സംവിധായകന് കൃത്യമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് വേറിട്ട വഴിയിലൂടെ യാത്ര ചെയ്യുകയെന്നത്. ആ യാത്ര വേറിട്ടതായെങ്കിലും എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ കഥയെ മെരുക്കിയെടുക്കാൻ സംവിധായകന് കഴിയാതെ വരുന്നുണ്ട്.ദുൽഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റം തരക്കേടില്ലെന്ന് മാത്രമേ പറയാൻ പറ്റു. ഇഷ്ടപ്പെടാത്ത ജോലി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്ന അവിനാശ് (ദുൽഖർ സൽമാൻ) തുടക്കത്തിൽ നന്നേ തപ്പിത്തടയുന്നുണ്ട്. ഹിന്ദിയിൽ സ്വന്തം ശബ്ദത്തിൽ ദുൽഖർ ഡബ്ബ് ചെയ്തത് പ്രശംസനീയം തന്നെയാണ്. എന്നാൽ തുടക്കത്തിൽ അവിനാശിലേക്ക് ഇറങ്ങിച്ചെല്ലാൻ ദുൽഖർ നന്നേ പാടുപെടുന്നുണ്ട്. പക്ഷേ, പോകെപ്പോകെ കാര്യങ്ങൾ മലയാളത്തിന്‍റെ യുവതാരം വരുതിയിലാക്കുകയായിരുന്നു.

അവിചാരിതമായി അവിനാശിന് ഒരു ഫോണ്‍കോൾ വരുന്നതോടെയാണ് ചിത്രം യാത്രയുടെ പാതയിലേക്ക് തിരിയുന്നത്. ഒരു മരണവാർത്ത ജോലി തീർക്കൽ പരിപാടിയിലൂടെ അവതരിപ്പിക്കാൻ സംവിധായകൻ കാട്ടിയ മിടുക്കിനെ അഭിനന്ദിക്കാതെ തരമില്ല. അതിനേക്കാൾ രസിക്കുന്നത്, മരണവാർത്ത അറിയുന്ന ആളുടെ മുഖഭാവമാണ്. അവിടം മുതലാണ് ദുൽഖർ തന്‍റെ മിടുക്കു കാട്ടിത്തുടങ്ങുന്നത്.മരണത്തെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഏടാകുടങ്ങളുടെ കുരുക്കഴിക്കാനാണ് ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് അവിനാശ് യാത്ര തിരിക്കുന്നത്. അവിടെനിന്ന് അങ്ങോട്ട് ചിത്രം റോഡ് മൂവിയായി മാറുകയാണ്. ഷൗക്കത്ത് (ഇർഫാൻ ഖാൻ) കൂടി ഈ യാത്രയ്ക്കൊപ്പം ചേരുന്നതോടെ കഥ ഉഷാറായി തുടങ്ങും.

ചിരിപ്പിക്കാനുള്ള ഉത്തരവാദിത്തം സംവിധായകൻ ഇർഫാൻ ഖാനെ ഏൽപ്പിക്കുകയായിരുന്നു. സംഭാഷണങ്ങളിലൂടെ ഇർഫാൻ ഭംഗിയായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. താനിയ (മിഥില പാൽക്കർ) കൂടി ഇവർക്കൊപ്പം ചേരുന്നതോടെ ചിത്രം കൂടുതൽ രസകരമായി തുടങ്ങി. ഇന്നത്തെ ന്യൂജെൻ പെണ്‍കുട്ടികളുടെ മനോനിലയെ പുതുമുഖം മിഥില ലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നു ധ്രുവത്തിൽ നിന്നു ചിന്തിക്കുന്നവർക്കൊപ്പം കാർവാൻ താനേ നീങ്ങിത്തുടങ്ങും.കേരളക്കരയിലേക്ക് കാർവാൻ കടക്കുന്നതോടെ മലയാളഭാഷയെ ചുറ്റിപ്പറ്റി കോമഡികൾ വന്നുതുടങ്ങും. കേരളമെന്നു പറയുന്പോൾ കാണിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണകളുണ്ടായിരുന്നു. ആനയും ചാക്യാരും പിന്നെ കരിക്കും തെങ്ങുമെല്ലാം കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മൂവരും തമ്മിലുള്ള സംഭാഷണങ്ങളും ഇടപെടലുമാണ് പിന്നീടങ്ങോട്ട് കാണാൻ കഴിയുക. അവരവരുടെ കാഴ്ചപ്പാടുകളെ അടയാളപ്പെടുത്താൻ യാത്രയ്ക്കിടയിൽ മൂവർക്കും നിരവധി അവസരങ്ങളാണ് സംവിധായകൻ നൽകിയിരിക്കുന്നത്.

പതിഞ്ഞ താളത്തിലുള്ള പോക്കിനിടയിലും മനോഹരമായ കാഴ്ചകളാണ് തന്‍റെ ഫ്രെയിമിലേക്ക് ഛായാഗ്രാഹകൻ അവിനാശ് അരുണ്‍ പകർത്തിയെടുത്തിരിക്കുന്നത്. അതിനൊത്ത പശ്ചാത്തലസംഗീതം കൂടിയായപ്പോൾ തരക്കേടില്ലാത്ത വേഗത്തിൽ കാർവാൻ ഓടി. ഇതിനിടയിൽ ഇർഫാൻ ഖാന്‍റെ പ്രണയം ചിത്രത്തിൽ ചിരിക്കുള്ള വക നൽകി കടന്നു പോകുന്നുണ്ട്.സെന്‍റിമെൻസുകൾക്കൊന്നും സ്ഥാനം നൽകാതെയുള്ള യാത്ര ഒടുവിൽ എത്തിനിൽക്കുന്നത് സെന്‍റിമെൻസ് നിറഞ്ഞ സംഭാഷണങ്ങളിലാണ്. അതോടെ മരണം നടന്ന ചുറ്റുപാടിലേക്ക് ചിത്രം പതിയെ എത്തിപ്പെടും. ചിന്തയുണർത്തുന്ന തലത്തിലേക്കുള്ള സംഭാഷണങ്ങൾ ഒടുവിലേക്കായി കരുതിവച്ച് സംവിധായകൻ ചിത്രത്തെ ബാലൻസ് ചെയ്ത് നിർത്താൻ ബുദ്ധിമുട്ടുന്നുണ്ട്.

ഈ കാരവാനിൽ കയറിയാൽ ഉല്ലാസ യാത്രയുടെ സുഖം കിട്ടില്ല. മറിച്ച്, ഇങ്ങനെയും യാത്രകളുണ്ടെന്നുള്ള പുതിയ അനുഭവം പ്രേക്ഷകന് ലഭിക്കും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.