ചിരി മധുരം വിളമ്പി ലഡു...
Saturday, November 17, 2018 11:55 AM IST
ലോജിക്ക് അന്വേഷിച്ച് സിനിമ കാണുന്നവരുടെ ഇടയിലേക്ക് "ലഡു' വിതരണം ചെയ്തിരിക്കുകയാണ് നവാഗത സംവിധായകൻ അരുണ്‍ജോർജ് കെ. ഡേവിഡ്. ഈ ലഡു ലഭിക്കുന്നതോടെ പ്രേക്ഷകർ പതുക്കെ ചിരിച്ച് തുടങ്ങും. ലോജിക്കെന്ന സംഗതിയെ പറ്റി ചിന്തിക്കാൻ സമയം കൊടുക്കാതെ ഒരു ഒളിച്ചോട്ട കഥ വിവരിച്ച് കൊടുക്കുകയാണ് സംവിധായകൻ.

ഏതൊരു മംഗളകാര്യം നടക്കുന്പോഴും മധുരം നിർബന്ധമാണല്ലോ... അപ്പോൾ പിന്നെ ലഡുവിന് സിനിമയിലുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ലഡു-ഈ പേര് വച്ചൊരു സിനിമയോ... അതിനും മാത്രം എന്ത് സംഗതിയാണ് ഇതിലുള്ളതെന്നെല്ലാം പലരും ചിന്തിച്ചേക്കാം. മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഈ ചിത്രത്തിലുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റും.



ഏതുവിധേനയും ചിരിപ്പിക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമേ സംവിധായകനും കൂട്ടർക്കും ഉണ്ടായിരുന്നുള്ളു. വിനയ് ഫോർട്ടും സംഘവും ആ ദൗത്യം ഭംഗിയാക്കിയതോടെ പ്രേക്ഷകർക്ക് തീയറ്ററിൽ ചിരിവിരുന്ന് ലഭിക്കുകയായിരുന്നു.

രണ്ടുപേർ ഒളിച്ചോടാൻ തീരുമാനിക്കുന്നു. അതിന് സുഹൃത്തുക്കൾ കൂട്ടുനിൽക്കുന്നു. ഇതു എത്രയോ സിനിമകളിൽ മലയാളികൾ കണ്ടതാണ്. അതെ ക്ലീഷേ സംഗതികളെ പൊടി തട്ടിയെടുത്ത് ആവശ്യത്തിലേറെ പൊട്ടത്തരങ്ങൾ നിറച്ചാണ് ഈ ന്യൂജൻ ഒളിച്ചോട്ട പരിപാടി പ്രേക്ഷക സമക്ഷം എത്തിച്ചിരിക്കുന്നത്.



വിനുവും (വിനയ് ഫോർട്ട്) എയ്ഞ്ചലിനും (സൂര്യഗായത്രി) ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതോടെയാണ് ചിത്രം ചൂടിപിടിക്കുന്നത്. ഈ തീരുമാനം കൂട്ടുകാരോട് അറിയിക്കുന്ന വിധവും നർമം ചാലിച്ചാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. ശബരീഷ് വർമയും ബാലു വർഗീസും പാഷാണം ഷാജിയു മനോജ് ഗിന്നസുമെല്ലാം ഇവരെ സഹായിക്കാൻ തയാറാകുന്നതോടെ ചിരിയുടെ മേളം തുടങ്ങുകയായി.

രണ്ടു മാല, രണ്ടു ബൊക്ക പിന്നെ 50 ലഡു ഇതൊക്കെയാണ് ഒരു രജിസ്റ്റർ വിവാഹം നടത്താൻ വേണ്ട അവശ്യ സാധനങ്ങളെന്ന് ധരിച്ച് വച്ചിരിക്കുന്നവരുടെ ഇടയിലേക്ക് രേഖകൾ ഒന്നുമില്ലാതെ ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നു. പിന്നീട് അങ്ങോട്ട് പൊല്ലാപ്പുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുകയാണ്.



ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ പിന്നെ അത് നടക്കും വരെ മുന്നും പിന്നും നോക്കരുതെന്നുള്ള തത്വം ഇവിടെ കഥാപാത്രങ്ങൾ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ തന്‍റേടവും നായകന്‍റെ തണുപ്പൻ സ്വഭാവവും ആദ്യമൊക്കെ ചിത്രത്തെ പിന്നോട്ടടിക്കുമെങ്കിലും നായകൻ ഉഷാറാകുന്നതോടെ സംഗതി മാറും.

നായികയുടെ അമ്മാവനായി ബോബി സിൻഹ ചിത്രത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നതോടെ ചളിയടിയുടെ യാത്ര തുടങ്ങുകയായി. ഇറങ്ങിപ്പോയ നായികയെ കണ്ടെത്താനുള്ള ഓട്ടവും അതിനായുള്ള അന്വേഷണ രീതികളും പ്രേക്ഷകരെ ആവോളം ചിരിപ്പിക്കുന്നുണ്ട്. ആദ്യ പകുതി താളപ്പിഴകളില്ലാതെ കൊണ്ടുപോകാൻ സംവിധായകൻ വിജയിച്ചിട്ടുണ്ട്.



എന്നാൽ രണ്ടാം പകുതിയിൽ കാട്ടിക്കൂട്ടലുകളുടെ ഘോഷയാത്രയാണ് കാണാൻ സാധിക്കുക. ഇതിനിടയിലും കോമഡി ട്രാക്കിലൂടെ തന്നെ കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ശബരീഷ് വർമയും ബാലു വർഗീസും നായകന് കട്ട സപ്പോർട്ട് നൽകി മുന്നിൽ നിൽക്കുന്പോൾ മനോജ് ഗിന്നസ് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ കാമുക ഹൃദയങ്ങളിൽ ഉടലെടുക്കുന്ന ഈഗോയും ദേഷ്യവും ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റിക്കുന്നുണ്ട്. എന്നാൽ വീണിടത്ത് കിടന്ന് ഉരുണ്ട് സംവിധായകൻ ചിത്രം കോടതിക്കുള്ളിലേക്ക് തള്ളിയിടുന്നതോടെ സംഭവങ്ങൾ ആകെമൊത്തം മാറി മറയും. ദിലീഷ് പോത്തൻ കാമുക ഹൃദയങ്ങളെ സഹായിക്കുന്ന സുരേഷായി എത്തി ഒന്നാന്തരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മടുപ്പില്ലാതെ ചിരിച്ചു കാണാൻ പാകത്തിനുള്ള ചേരുവയാണ് ഈ ലഡുവിനായി സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.