മറഡോണ കലക്കി..!
Friday, July 27, 2018 5:41 PM IST
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ സിനിമ കഴിയും തോറും മെച്ചപ്പെട്ട് തഴക്കം വന്നു തുടങ്ങിയിരിക്കുന്നു. ആ തഴക്കം മറഡോണയിൽ നന്നായി പ്രകടമാകുന്നുമുണ്ട്. രണ്ടര മണിക്കൂറിനടുത്ത് തണുപ്പും ചൂടും കയറിയിറങ്ങി വരുന്ന കഥയിൽ ടോവിനോ ചിരിയുടെയും പ്രണയത്തിന്‍റെയും പിന്നെ കട്ടക്കലിപ്പിന്‍റെയും ഭാവങ്ങൾ വാരിവിതറുന്പോൾ ആരായാലും കണ്ടിരുന്നുപോകും.

മനുഷ്യമനസുകളെ കീഴ്പ്പെടുത്താനുള്ള ഏറ്റവും നല്ല മരുന്നാണ് സ്നേഹം. ആ മരുന്നാണ് സംവിധായകൻ വിഷ്ണു നാരായണ്‍ തന്‍റെ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. അടിയും ഇടിയുമെല്ലാം ഹരമായി കൊണ്ടുനടക്കുന്ന രണ്ടു യുവാക്കളുടെ മാറ്റങ്ങളാണ് മറഡോണയിൽ കാണാൻ കഴിയുക.

ആക്ഷനും പ്രണയവും പിന്നെ സൗഹൃദവും ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് മറഡോണ. വേഗം കുറഞ്ഞാണ് മറഡോണയുടെ പോക്ക്. അതുകൊണ്ട് തന്നെ പതുക്കെ മാത്രമേ ടൊവിനോയുടെ മറഡോണ പ്രേക്ഷക മനസിലേക്ക് കയറി പറ്റുകയുള്ളൂ. കയറിയാൽ പിന്നെ തിരിച്ചിറങ്ങില്ലെന്ന് ഉറപ്പാണ്.



ഇടിയിൽ തുടക്കം

മറഡോണയുടെ (ടൊവിനോ) ഓട്ടപ്പാച്ചിൽ കാണിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. സംഭവം ആക്ഷൻ മൂഡുള്ള ചിത്രമാണെന്ന് ആദ്യമേ തന്നെ സംവിധായകൻ സൂചന നൽകി. പിന്നെ, പതിയെ കഥ മുറിഞ്ഞുമുറിഞ്ഞു സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രക്ഷപെട്ട് മുന്നോട്ടുപായുന്ന മറഡോണയുടെ പിന്നിട്ട കഥകളെല്ലാം സ്ക്രീനിൽ തെളിയുമ്പോൾ, ആള് നല്ല ഒന്നാന്തരം തല്ലുകൊള്ളിയാണെന്ന് മനസിലാകും. കൂട്ടിന് സുധി(ടിറ്റോ വിൽസണ്‍)യെന്ന സുഹൃത്തും കൂടി കട്ടയ്ക്ക് നിൽക്കുമ്പോൾ സംഭവത്തിന്‍റെ പവർ അല്പം കൂടി. ഒന്നിനെയും കൂസാതെ ജീവിതത്തെ ചരടുപൊട്ടിയ പട്ടംപോലെ വിടുകയാണ് ഇരുവരും.

ചിരിയും ദേഷ്യവും പിന്നെ അഡാറ് അടിയും നിമിഷങ്ങൾക്കുള്ളിൽ ഒറ്റ ഷോട്ടിൽ കാണിച്ച് സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. ടോവിനോ നിങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. പല ഭാവങ്ങളും നിമിഷങ്ങൾക്കുള്ളിൽ അസാധ്യമായി താങ്കളുടെ മുഖത്ത് മിന്നിമറഞ്ഞ് പോയത് കാണാൻ തന്നെ നല്ല ചന്തമുണ്ടായിരുന്നു.



ഫ്ലാറ്റിലെ വാസം...

ഒരു കുരുക്കിൽ നിന്നും രക്ഷപ്പെടാൻ മറഡോണ ചെന്നു കയറുന്നത് അകന്ന ബന്ധുവിന്‍റെ ഫ്ലാറ്റിലാണ്. പിന്നീട്, ആ ഫ്ലാറ്റും അവിടുത്തെ വാസവും നായകനിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെ ഒട്ടും ബോറടിയില്ലാതെ തന്നെ കാട്ടിത്തരാൻ സംവിധായകന് കഴിയുന്നുണ്ട്. ഫ്ലാറ്റും നായകനും നായക്കുട്ടിയുമായി കഥയെ ഒതുക്കാതെ ഇടയ്ക്കൊക്കെ പുറം കഥകൾ കൂടി കാണിച്ചു തരുന്നതിനൊപ്പം ഫ്ലാറ്റിലെ ബാൽക്കണികളിൽ കഥകൾ ഉറങ്ങിക്കിടപ്പുണ്ടെന്ന് സംവിധായകൻ ഓർമിപ്പിക്കുന്നുമുണ്ട്. ഇതിനിടയിൽ, മറഡോണയേയും സുധിയേയും തപ്പിയുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ പാച്ചിലാണ് കഥയുടെ വേഗം കൂട്ടുന്നത്.



തുടക്കക്കാരിയോ... ഇവളോ...?

ആശ (ശരണ്യ ആർ. നായർ) ചറപറാന്ന് ചിലച്ചുകൊണ്ട് സ്ക്രീനിലേക്ക് വരുന്പോൾ... ദാ നായിക വന്നുവെന്ന് ഒറ്റയടിക്കൊരു തോന്നലുണ്ടാകും. സാധാരണ ഇങ്ങനെ വരുന്ന നായികയ്ക്ക് കഥയിൽ വലിയ പ്രാധാന്യമൊന്നും കാണാറില്ല. എന്നാൽ മറഡോണയിൽ കാര്യം മറിച്ചാണ്. തുടക്കക്കാരി ഞെട്ടിച്ചുകളഞ്ഞു. പുതുമുഖ പരിഭ്രമം ഒട്ടുമില്ലാതെ ആശയായി ശരണ്യ നിറഞ്ഞു നിന്നു. പ്രണയത്തിന്‍റെ വഴി ശരണ്യയിലൂടെയാണ് ചിത്രത്തിൽ കയറിക്കൂടുന്നത്. സംഭവം പൈങ്കിളിയാണെങ്കിലും ടോവിനോ-ശരണ്യ ജോഡിയുടെ കെമിസ്ട്രി കൃത്യമായിരുന്നു.



കാമറയും പശ്ചാത്തല സംഗീതവും

ആക്ഷനൊപ്പം എത്തിയ പശ്ചാത്തല സംഗീതം സൗഹൃദത്തിന്‍റെ ട്രാക്കിലേക്ക് കയറിപ്പോകുന്നത് കഥയെ കീറിമുറിക്കാതെ തന്നെയാണ്. പിന്നീട് പതിയെ പ്രണയത്തിന്‍റെ പാതയിലേക്ക് ചിത്രം എത്തുന്പോഴും ശല്യമാകാതെ പശ്ചാത്തല സംഗീതം ഒപ്പമുണ്ട്. നല്ല സംഗീതത്തിന്‍റെ വഴിയെ മാത്രമാണ് സുശീൽ ശ്യാം യാത്ര ചെയ്തിരിക്കുന്നത്. ഫ്ലാറ്റിലെ കാഴ്ചകൾക്ക് ഇതുവരെ കാണാത്തൊരു അഴക് വിവിധ ഷോട്ടുകളിലൂടെ കാട്ടി ഛായാഗ്രാഹകൻ ദീപക്ക് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.



ചെന്പൻ പതിവ് ട്രാക്കിൽ

ചെന്പൻ വിനോദ് പതിവ് ട്രാക്കിൽ തന്നെയാണ് മറഡോണയിലും എത്തുന്നത്. സീരിയസ് ടച്ചുള്ള കഥാപാത്രങ്ങൾ ചെയ്യുന്പോൾ ചെന്പൻ പ്രകടിപ്പിക്കാറുള്ള മികവ് മറഡോണയിലും തുടർന്നിട്ടുണ്ട്. കിച്ചു ടെല്ലസ് ചെന്പന്‍റെ ഒപ്പം കൂടി തനിക്ക് കിട്ടിയ വേഷം തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യ പകുതിയിൽ മറഡോണയുടെ ഫ്ലാഷ് ബാക്ക് വ്യക്തമാക്കുമ്പോൾ രണ്ടാം പകുതിയിൽ നായകന് വരുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പേര് കേട്ട് സംഭവം ഫുട്ബോൾ കഥയെന്ന് കരുതി ആരും അകത്തു കയറേണ്ട. പകരം ബോറടിക്കാത്തൊരു ചിത്രം കാണണമെങ്കിൽ ധൈര്യമായി മറഡോണയ്ക്ക് ടിക്കറ്റെടുക്കാം.

(ടോവിനോ മാറി... മറഡോണ അതിന് സാക്ഷ്യം പറയുന്നു...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.