പ്രണയം ഒഴുകുന്ന നദി
Saturday, December 23, 2017 8:15 AM IST
ഉറവ വറ്റാത്ത പ്രണയമാണ് "മായാനദി'യിലൂടെ പ്രവഹിക്കുന്നത്. ചിലർക്ക് ഇതൊരു ആദ്യാനുഭവവും മറ്റു ചിലർക്ക് സ്വന്തം ജീവിതവും ചിലരാകട്ടെ ഇതൊരു മായാലോകമാണെന്നും പറഞ്ഞെന്നിരിക്കും. പക്ഷേ, യാഥാർഥ്യം എന്തെന്നാൽ ആഷിഖ് അബു ഇന്നിന്‍റെ പ്രണയ വഴികളാണ് മായാനദിയിലൂടെ തുറന്നിടുന്നത്. പ്രണയത്തിന്‍റെ മനസിനെ മനസിലാക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തന്നെയാണ് പെണ്ണിന്‍റെ മനസും.

മാത്തന് അപർണയെ മനസിലാക്കാൻ ശരിക്കും പറ്റുന്നില്ല, ഉൗഹിക്കാനെ പറ്റുന്നുള്ളു. ആ ഉൗഹങ്ങളെല്ലാം സത്യം തന്നെയായിരുന്നു. അതാണല്ലോ പ്രണയം എന്നൊക്കെ പറയുന്നത്. അപർണയ്ക്കാകട്ടെ മുന്നോട്ടുള്ള ഒഴുക്കിനൊരു വഴിയാണ് മാത്തൻ. അവർക്കിടയിൽ പ്രണയമുണ്ട് പക്ഷേ, രണ്ടാളും ഒരു മായാലോകത്തിന്‍റെ മറ മനസുകളിൽ തീർത്തപ്പോൾ പ്രേക്ഷകർ ആകെ അന്പരന്നു, മനസൊന്നു നീറി, പിന്നെ പറഞ്ഞു ഇതും ഒരു യാഥാർഥ്യം. മായാനദി കേരളക്കരയിൽ ഒഴുകേണ്ടുന്ന ഒരു നദി തന്നെയാണ്. ആദ്യമൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. പോക പോകെ ഈ നദി എല്ലാവരുടെയും മനസിന്‍റെ കോണിൽ ചെക്കേറും ഉറപ്പ്.ടൊവിനോയുടെ കൊഞ്ചൽ

ഇത്രയേറെ കൊഞ്ചാൻ നീ എവിടുന്നാണ് പഠിച്ചത് ടൊവിനോ. യുവനായക നിരയിൽ ടൊവിനോയോളം കൊഞ്ചുന്ന മറ്റൊരു താരം കാണാൻ ഇടയില്ല. ആ കൊഞ്ചലിലൂടെയാണ് ഈ നദിയിലെ പ്രണയം അത്രയും തുളുന്പി തുളുന്പി പുറത്തേക്ക് വരുന്നത്. തമിഴ്നാട്ടിൽ നിന്നും തുടങ്ങി കേരളത്തിലെത്തി വീണ്ടും തമിഴ്നാട്ടിലേക്ക് പോകുന്ന ഒരു ട്രാക്ക്. അവിചാരിതമായി ഒരു കെണിയിൽപെട്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പായുന്ന മാത്തനിൽ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നെ പതിയെ പ്രണയ വഴിയിലേക്ക് ചിത്രം വഴിമാറും. വെറും പ്രണയമല്ല ഒരു പക്കാ പ്രണയം. പ്രണയവും ത്രില്ലറും തമ്മിൽ ഇടകലരാൻ സംവിധായകൻ കുറച്ച് സമയം അനുവദിച്ച് കൊടുക്കുന്നുണ്ട്. ആ ഒരു ഇടവേളയിൽ കാണുന്നത് അത്രയും പലരും കടന്നു പോയ പ്രണയ വഴികൾ തന്നെയാണ്.റിയലിസ്റ്റിക് ഐശ്വര്യ

"ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന ചിത്രത്തിൽ എന്തൊക്കയോ കാട്ടിപ്പോയ ഒരു നായികയെ മായാനദിയിൽ കാണാൻ പറ്റിയില്ല. ഐശ്വര്യയ്ക്ക് നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്. നായകനും നായികയും തമ്മിലുള്ള ആദ്യ കോന്പിനേഷൻ സീൻ കാണേണ്ടതു തന്നെയാണ്. അത്ര റിയലിസ്റ്റിക്കായിട്ടുള്ള ഭാവങ്ങൾ.. പെട്ടെന്നുള്ള പ്രതികരണം... ശരിക്കും ഞെട്ടിച്ചു. ഇതൊക്കെ എന്ത്. പിന്നീട് അങ്ങോട്ട് മുഴുവൻ പുള്ളിക്കാരിയുടെ പ്രകടനം ഒന്നിനൊന്ന് മികച്ച് നിന്നപ്പോൾ മായാനദി സ്ത്രീപക്ഷ സിനിമകളുടെ നിരയിലേക്ക് പതിയെ നടന്നു കയറി. റിയലിസ്റ്റിക്ക് സിനിമയാക്കാനുള്ള വ്യഗ്രതയിൽപ്പെട്ട് തുടക്കത്തിൽ ചില കല്ലുകടികൾ വന്നു കയറുന്നുണ്ടെങ്കിലും പിന്നീട് അവർ ഏതുവഴിയെ പുറത്തുപോയെന്നു കണ്ടില്ല.സംഗീതം അതിമധുരം കാമറയോ അതിവിശാലം

മനുഷ്യർ തമ്മിൽ വേർപിരിയാറുണ്ടായിരിക്കും പക്ഷേ, മനസിലെ പ്രണയം ഒരിക്കലും വേർപിരിയില്ല. റെക്സ് വിജയന്‍റെ പശ്ചാത്തല സംഗീതത്തിൽ മുഴങ്ങി നിന്നത് അത്രയും പ്രണയനാളുകളെ തിരികെ വിളിക്കുന്ന സംഗീതമായിരുന്നു. പാട്ടും സംഗീതവും കഥയുമെല്ലാം പ്രണയം പൂക്കുന്ന മരങ്ങളായപ്പോൾ അവർക്കെല്ലാവർക്കും സംവിധായകൻ മായാനദിക്കരയോട് ചേർന്നു തന്നെ ഇടം നൽകി. നായികയുടെയും നായകന്‍റെയും ഓരോ നോട്ടവും ഭാവവുമെല്ലാം ഛായാഗ്രാഹകൻ ജയേഷ് മോഹൻ വിദഗ്ധമായി ഒപ്പിയെടുക്കുകയും ചെയ്തു. കഥയോട് ചേർന്നു നിൽക്കാത്ത ഒരൊറ്റ ഫ്രെയിമോ കളർടോണോ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ പല ഫ്രെയിമുകളും തിയറ്റർ വിട്ടാലും മനസിൽ നിന്ന് മായില്ല.സഹതാരങ്ങൾ കെങ്കേമം

അപർണയുടെ കൂട്ടുകാരികൾ, മാത്തന്‍റെ ആശാൻ പിന്നെ തമിഴ്നാട്ടിലെ പോലീസുകാർ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു. ഒന്നോ രണ്ടോ സീനിലെ ഉള്ളുവെങ്കിലും സൗബിനും തകർത്തു. മാത്തന്‍റെയും അപർണയുടെ ഇണക്കവും പിണക്കവും പിന്നെ ചില കുഞ്ഞു കുഞ്ഞു ടെൻഷനുകളുമായാണ് ചിത്രത്തിന്‍റെ ആദ്യ പകുതി കടന്നു പോകുന്നത്. രണ്ടാം പകുതിയിലാണ് ചിത്രം ത്രില്ലർ മൂഡിലേക്ക് വഴുതി വീഴുന്നത്. അപ്പോഴും പ്രണയം അതിന്‍റെ വഴിയെ സഞ്ചരിച്ചു കൊണ്ടോയിരുന്നു.

ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ നടക്കാൻ പോകുന്ന കാര്യങ്ങൾ വ്യക്തമാണെങ്കിലും പിരിമുറുക്കം മനസിനെ കീഴടക്കും. അതാണ് സംവിധായകന്‍റെ മിടുക്ക്. രണ്ടുവരിയിൽ പറയാവുന്ന കഥയ്ക്ക് ആവിഷ്കരണത്തിലൂടെ പുതിയൊരു മാനം നൽകി ഒരു മായാലോകം ആഷിക്ക് അബു തുറന്നിടുകയായിരുന്നു. ഈ ലോകം കാണാൻ കയറാം... ആസ്വദിക്കാം... മടങ്ങുന്പോൾ ചിലതൊക്കെ നിങ്ങളുടെയുള്ളിൽ തങ്ങി നിൽക്കും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.