ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
Saturday, November 11, 2017 5:28 AM IST
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നും പോകൂല. അതിപ്പോൾ അകത്തേക്ക് കയറ്റിയ ആളുടെയോ കയറിയ ആളുടെയോ പ്രശ്നമല്ല. മനസിന്‍റെ ഒരു ഗുട്ടൻസാണ്.

മനുഷ്യ മനസിനെ അരച്ചു കലക്കി കുടിച്ച സംവിധായികയാണോ തനൂജ ചന്ദ്ര‍‍?. അതെയെന്ന് നിസംശയം പറയാം. ഇല്ലായെങ്കിൽ ഒരിക്കലും ഇത്ര സുന്ദരമായി രണ്ടു മനസുകളെ പുറത്തേക്ക് എടുത്തിടാൻ പറ്റില്ല. ഇതിപ്പോൾ രണ്ടു പേരുടെയല്ല ഒരുപാടു പേരുടെ മനസിന്‍റെ വാതിലാണ് "ഖരീബ് ഖരീബ് സിംഗിൾ' എന്ന ചിത്രത്തിലൂടെ സംവിധായിക തുറന്നു കാട്ടിയിരിക്കുന്നത്. ചിലർ പറയാൻ ആഗ്രഹിക്കുന്നതും ചിലർ ഒളിച്ചുവയ്ക്കുന്നതുമായ ഒരുപാട് കാര്യങ്ങൾ ബിഗ് സ്ക്രീനിൽ കാട്ടിത്തന്നപ്പോൾ അത് പലരുടെയും മനസിലേക്കും തുളഞ്ഞു കയറിയിട്ടുണ്ട്. മനസിനകത്ത് പണിത കൂട്ടിനുള്ളിൽ നിന്നും ഇനി പലരും പുറത്തു ചാടും, പാറി പറക്കും, സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി യാത്ര പോയെന്നും വരും. മനസിനെ അതിന്‍റെ പാട്ടിന് വിടാൻ ആഗ്രഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ചിത്രമാണ് ഖരീബ് ഖരീബ് സിംഗിൾ.



ഏകാന്തതയോട് ഗുഡ് ബൈ

എത്രയൊക്കെ പറഞ്ഞാലും ഏകാന്തത അത്ര സുഖമുള്ള അവസ്ഥയൊന്നുമല്ല. (ഏകാന്തത ഇഷ്ടപ്പെടുന്നവർ ക്ഷമിക്കുക). പക്ഷേ, ഇവിടെ ഏകാന്തതയുടെ ഉള്ളുകളികളെ പുറത്തുകൊണ്ടുവരാനാണ് സംവിധായിക ശ്രമിച്ചിരിക്കുന്നത്. അതിന് കൂട്ടുപിടിച്ചതാകട്ടെ മലയാളികളുടെ സ്വന്തം പാർവതിയെ. പൂജയായും ടെസയായും കാഞ്ചനയായും സമീറയായും ഒക്കെ മലയാളികളുടെ ഹൃദയം കവർന്ന പാർവതി ജയയായി ബോളിവുഡിൽ അരങ്ങേറിയിരിക്കുകയാണ്. എത്ര നിസാരമായാണ് ജയയുടെ ഭാവ വ്യത്യാസങ്ങളും സ്വാർഥതകളുമെല്ലാം പാർവതി പകർന്നാടിയത്. ആഗ്രഹങ്ങളെ മനസിൽ ഒളിപ്പിച്ചയാളുടെ ഭാവമാറ്റങ്ങൾ ഇതിലും ഭംഗിയായി മറ്റൊരാൾക്ക് പകർന്നാടാൻ പറ്റില്ല.

ജീവിതം ആസ്വദിക്കാതെ ഒതുങ്ങി കൂടുന്ന വിധവയുടെ വേഷത്തിലാണ് പാർവതി ചിത്രത്തിലെത്തുന്നത്. അവൾക്കുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. അപരിചിതരായ രണ്ടുപേർ ചാറ്റിംഗിലൂടെ പരിചയപ്പെടുകയും പിന്നീട് ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന സൗഹൃദവും പ്രണയവുമെല്ലാമാണ് ചിത്രം കാട്ടിത്തരുന്നത്. പലകുറി ബോളിവുഡിൽ കണ്ടു പരിചയിച്ച പ്രമേയത്തെ ലളിതവും സുന്ദരവുമായി ആവിഷ്കരിച്ചിടത്താണ് ഖരീബ് ഖരീബ് സിംഗിളിന് പുതിയമാനം കൈവരുന്നത്. ഏകാന്തതയോട് ഗുഡ് ബൈ പറയുന്ന രീതികളെ ക്ലീഷേയുടെ അകന്പടിയില്ലാതെ കാട്ടിത്തരാൻ സംവിധായിക പരമാവധി ശ്രമിച്ചട്ടുണ്ട്.



അപരിചിതത്വത്തിന്‍റെ കെമിസ്ട്രി

പ്രകൃതി ഒരുക്കുന്ന നിറങ്ങളും കാഴ്ചകളും ആസ്വദിക്കണമെങ്കിൽ തുറന്ന ഒരു മനസൂ കൂടി വേണം. അത്തരം മനസിനുടമയാണ് ചിത്രത്തിലെ യോഗി(ഇർഫാൻ ഖാൻ). ഒരാൾ എല്ലാം തുറന്നു പറയുന്പോൾ മറ്റൊരാൾ ആർക്കൊക്കയോ വേണ്ടി പലതും പേടിച്ച് മാറ്റിവയ്ക്കുന്നു. ഇത്തരത്തിൽ രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നുവർ ഒരേ വഴിയിൽ കണ്ടുമുട്ടിയതിന്‍റെ അസ്വാരസ്യങ്ങൾ കാട്ടിത്തന്നു കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പക്ഷേ, അത്തരക്കാർ ഒന്നിക്കുന്പോൾ ഉണ്ടാകുന്ന കാഴ്ചകൾക്ക് അഴക് കൂടുമെന്ന് ആരും ചിന്തിക്കുന്നില്ല. പലരും മറന്നുപോകുന്ന അത്തരം
കാഴ്ചകളിലേക്കാണ് സംവിധായിക ഓരോരുത്തരേയും കൂട്ടിക്കൊണ്ടു പോകുന്നത്.

യാത്രകൾ സുന്ദരം

റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് ഖരീബ് ഖരീബ് സിംഗിൾ. മനസിനെ പാറിപ്പറത്തി വിട്ടുകൊണ്ടുള്ള യാത്രയാണ് ചിത്രത്തിൽ കാണാൻ കഴിയുക. യോഗിയും ജയയും ഡെറാഡൂണിലേക്കും ഡൽഹിയിലേക്കും പിന്നെ ഗാംഗ്ടോക്കിലേക്കും നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പാർവതിയും ഇർഫാൻ ഖാനും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്‍റെ മുതൽക്കൂട്ട്. വസ്ത്രധാരണ രീതിയിലെ മാറ്റങ്ങളിലൂടെ ജയയുടെ മാറ്റങ്ങളെ കാണിക്കുന്നതിൽ സംവിധായിക വിജയിച്ചു. പലപ്പോഴും സ്വയം പിന്നോട്ട് വലിയാൻ ശ്രമിക്കുന്ന ജയയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള പാത ഒരുക്കിക്കൊടുക്കുന്നത് യോഗിയാണ്.



ക്ലൈമാക്സിൽ ചില താളം തെറ്റലുകൾ

ഒരേ താളത്തിൽ പോയ ചിത്രത്തിൽ പക്ഷേ, ക്ലൈമാക്സിനോട് അടുക്കുന്പോൾ എവിടെകൊണ്ട് തീർക്കണമെന്നുള്ള അങ്കലാപ്പുണ്ടാകുന്നുണ്ട്. അത്തരം രംഗങ്ങൾ കടന്നുവന്ന വഴിയിൽ ചിത്രം മന്ദഗതിയിലേക്ക് വഴുതി വീഴുന്നുമുണ്ട്. കൂടുതൽ വലിച്ചു നീട്ടലുകൾക്ക് മുതിരാതെ കഥ ശുഭാന്ത്യത്തിലേക്ക് കടത്തിവിട്ട് കടന്നു കൂടിയ കല്ലുകടികളിൽ നിന്നും ചിത്രത്തെ രക്ഷിച്ചെടുക്കുന്നുണ്ട് സംവിധായിക.

(ഇർഫാൻ ഖാൻ-പാർവതി കെമിസ്ട്രിയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.