"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
Friday, July 6, 2018 5:19 PM IST
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കുള്ളിലെ പ്രണയകഥകൾ ഒരുപാട് കണ്ടിട്ടുള്ള മലയാളിയുടെ മുന്നിലേക്ക് അത്തരമൊരു വിഷയവുമായി തന്നെയാണ് റോഷ്ണിയും എത്തുന്നത്. എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാൻ സംവിധായികയും രചയിതാവായ ശങ്കർ രാമകൃഷ്ണനും ശ്രമിച്ചിരുന്നെങ്കിൽ ചിത്രം ഇത്രവലിയ ദുരന്തമാവില്ലായിരുന്നു. ഏതു രീതിയിലും കഥ പറഞ്ഞുതീർക്കാനുള്ള ശ്രമവും ഇടയ്ക്കിടെയുള്ള നാടകീയ രംഗങ്ങളുമെല്ലാം ചേർന്നപ്പോൾ തീയറ്ററിൽ പ്രേക്ഷകർ ശ്വാസം കിട്ടാതെ പിടഞ്ഞു.

വമ്പൻ കാസ്റ്റ്

പൃഥ്വിരാജ്, പാർവതി.. വർത്തമാനകാല മലയാള സിനിമയിലെ ഏറ്റവും ഗാരണ്ടിയുള്ള നടീനടന്മാർ. എന്നു നിന്‍റെ മൊയ്തീനു ശേഷം ഇരുവരും വീണ്ടും ഒരു പ്രണയകഥയിൽ‌ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. പക്ഷേ, ഇത്തരമൊരു കഥയിൽ ഇവർ എങ്ങനെ തലവെച്ചുവെന്ന് പ്രേക്ഷകർ അദ്ഭുതപ്പെട്ടാൽ കുറ്റം പറയാൻ കഴിയില്ല.

സംവിധായിക തന്നെ നിർമാതാവ് കൂടിയാകുമ്പോൾ കഥാപാത്രങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, കാസ്റ്റിംഗ് ഉയരുംതോറും ചിത്രത്തിന് പ്രതീക്ഷാഭാരവുമേറുമെന്ന് അണിയറപ്രവർത്തകർ ഓർക്കേണ്ടതായിരുന്നു.



വർത്തമാനകാലവും ഭൂതകാലവും ഇടകലർത്തിയ ആഖ്യാനശൈലിയാണ് മൈ സ്റ്റോറിയുടേത്. ഇരുപതു വർഷം മുമ്പുള്ള തന്‍റെ കഥ നായകൻ തന്നെ പറയുമ്പോൾ അയാളുടെ വർത്തമാനകാല ജീവിതവും സമാന്തരമായി മുന്നേറുന്നു. പക്ഷേ കഥ നടക്കുന്ന കാലത്തെക്കുറിച്ച് ചിത്രം ഒന്നും പറയുന്നില്ല.

സിനിമാമോഹവുമായി നടന്ന് ഒടുവിൽ നായകനായി മാറുന്ന പാവപ്പെട്ട ചെറുപ്പക്കാരൻ, വെള്ളിത്തിരയിലെ മിന്നും താരമായ നായിക, സമ്പന്നതയോടും പ്രശസ്തിയോടും ഒട്ടും താത്പര്യമില്ലാത്ത നായികയ്ക്ക് നായകനോട് തോന്നുന്ന ഇഷ്ടം... കണ്ടുപഴകിയ കഥാസാഹചര്യത്തിൽ നിന്നാണ് കഥയുടെ തുടക്കം. ഷാരൂഖ് ഖാന്‍റെ ഓം ശാന്തി ഓം എന്ന ചിത്രവുമായി ചില്ലറ സാമ്യം തോന്നിയാൽ അതിൽ അതിശയിക്കാനില്ല.

പിന്നീട് ആ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഗതി നിർണയിക്കുന്നത്. കഥ ട്രാക്കിലേക്കെത്തുന്നുവെന്ന് തോന്നിക്കുന്ന ആദ്യപകുതി ശേഷം രണ്ടാം പകുതിയിലേക്കെത്തുമ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞ് സങ്കീർണമാകും. ഇരുവർക്കുമിടയിലെ പ്രണയം വഴിത്തിരിവിലേക്കെത്തുമ്പോഴേക്കും അനാവശ്യമായ ട്വിസ്റ്റുകൾ കഥയിൽ കയറിക്കൂടും. കഥാഗതിക്ക് ഒട്ടും ചേരാത്ത സംഘട്ടന രംഗങ്ങൾ അതിലേറെ കല്ലുകടിയാണ് പ്രേക്ഷകന് നൽകുന്നത്. അന്തവും കുന്തവുമില്ലാതെ നീങ്ങുന്ന കഥ എവിടെ ചെന്ന് നിൽക്കുമെന്ന ആശയക്കുഴപ്പം സമ്മാനിക്കുന്നതിൽ സംവിധായിക നൂറു ശതമാനം വിജയിച്ചിട്ടുണ്ട്.



കൺനിറയെ കാഴ്ചകൾ

കഥയുടെ ഒഴുക്കിനും ഒഴുക്കില്ലായ്മയ്ക്കുമിടയിൽ വട്ടംചുറ്റിയ പ്രേക്ഷകർക്ക് ആശ്വാസമായത് ദൃശ്യചാരുതയാർന്ന ഫ്രെയിമുകളാണ്. ആദ്യപകുതിയിൽ തന്നെ കഥ യൂറോപ്യൻ രാജ്യമായ പോർച്ചുഗലിലേക്ക് മാറുമ്പോൾ മനോഹരമായ കാഴ്ചകളുടെ വസന്തവും സ്ക്രീനിൽ തെളിഞ്ഞു തുടങ്ങും. ലിസ്ബണിന്‍റെ ആകാശക്കാഴ്ചയുടെ ഭംഗി ഒട്ടും ചോരാതെ ഫ്രെയിമിലെത്തിച്ച ഡൂഡ്‌ലിക്കും വിനോദ് പെരുമാളിനും കൈയടി കൊടുക്കാതെ നിർവാഹമില്ല. പോർച്ചുഗലിന്‍റെ നഗരഭംഗിയും കാനനഭംഗിയും ജലാശയഭംഗിയും ചേർത്തൊരുക്കിയ ദൃശ്യവിരുന്നാണ് പണം മുടക്കി തിയറ്ററിൽ കയറുന്ന പ്രേക്ഷകന് ആശ്വാസമായിട്ടുള്ളത്.



പാട്ടുഭംഗി

ഷാൻ റഹ്‌മാൻ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം നിലവാരം പുലർത്തുന്നതായിരുന്നു. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ഹരിചരൺ തുടങ്ങി പ്രധാന ഗായകരെല്ലാം ശബ്ദങ്ങളിലൂടെ ഒരിക്കൽ കൂടി വിസ്മയം തീർത്തു. രാജാ നാരായൺ ദേവിന്‍റെ പശ്ചാത്തലസംഗീതവും കഥയ്ക്കൊപ്പം ചേർന്നു സഞ്ചരിക്കുന്നതായിരുന്നു. പോർച്ചുഗലിന്‍റെ ദൃശ്യമനോഹാരിതയും പൃഥ്വിയുടെയും പാർവതിയുടെയും പ്രണയരംഗങ്ങളും ഗാനങ്ങളെ കൂടുതൽ മനോഹരമാക്കി. പക്ഷേ, ഇതൊന്നും ചിത്രം കാണാൻ കയറുന്ന പ്രേക്ഷകരുടെ മടുപ്പ് മാറ്റില്ല എന്നതാണ് സത്യം.

കഥാപാത്രങ്ങളുടെ എണ്ണം നന്നേ കുറവായിരുന്നെങ്കിലും ചിത്രത്തിലെത്തിയ അഭിനേതാക്കൾ അവരുടെ ഭാഗം ഭംഗിയാക്കി. സിനിമാ മോഹിയായ, ഒതുങ്ങിയ പ്രകൃതക്കാരനായ ജെയ്‌ എന്ന ജയകൃഷ്ണന്‍റെ റോൾ‌ പൃഥ്വിരാജിന്‍റെ കൈയിൽ ഭദ്രമായിരുന്നു. ഇതുവരെ കാണാത്ത പുതിയ ലുക്കിലായിരുന്നു പാർവതി എത്തിയത്. താരറാണിയായ താര എന്ന കഥാപാത്രമായും ന്യജെൻ ലുക്കിൽ ഹിമയായും പാർവതി സ്ക്രീനിൽ നിറഞ്ഞു. മനോജ് കെ. ജയൻ, മണിയൻപിള്ള രാജു, നന്ദു തുടങ്ങിയവരും വില്ലത്തരമുള്ള കഥാപാത്രമായെത്തിയ ഗണേഷ് വെങ്കിട്ടരാമനും തങ്ങളുടെ ഭാഗം മനോഹരമാക്കിയെങ്കിലും, മൈ സ്റ്റോറി പ്രേക്ഷകന് സമ്മാനിക്കുന്നത് ബോറടി മാത്രമാണ്.

(ദയവായി പ്രേക്ഷകരുടെ മനസിലുള്ള പ്രണയം ഇല്ലാതാക്കരുത്.)

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.