ബ്ലോഗിനുള്ളിൽ ഞെരുങ്ങിയ കുട്ടനാട്
Friday, September 14, 2018 7:05 PM IST
കുട്ടനാടിനെ ഒരു ബ്ലോഗിനുള്ളിൽ ഒതുക്കിയാൽ ഒതുങ്ങുമോ... ഇല്ല. പക്ഷേ, അവിടുള്ളവരുടെ പെരുമാറ്റങ്ങളെ കൃത്യമായി ഒപ്പിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആ പണിയാണ് സംവിധായകൻ സേതു ഒരു കുട്ടനാടൻ ബ്ലോഗിലൂടെ വൃത്തിയായി ചെയ്ത് വച്ചിരിക്കുന്നത്.

കഥയ്ക്കോ തിരക്കഥയ്ക്കോ വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല. പലവട്ടം മലയാളികൾ കണ്ടുമടുത്ത പൊങ്ങച്ചവും നാട്ടുകാരെ സഹായിക്കൽ പ്രക്രിയയുമെല്ലാം തനിയാവർത്തനം പോലെ കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ, വണ്‍മാൻ ഷോ കാണിക്കാൻ മമ്മൂട്ടി എത്തുന്നതോടെ സംഗതിയുടെ കിടപ്പ് ആകെ മാറുകയാണ്. ഹരിയേട്ടനിലൂടെ (മമ്മൂട്ടി) ഒരു മാറ്റം അതാണ് സംവിധായകൻ ഉദ്ദേശിച്ചത്. കൃഷ്ണപുരത്തുകാരുടെ ഹരിയേട്ടന്‍റെ ലീലാവിലാസങ്ങളുടെ ലിസ്റ്റിൽ തൂങ്ങിയാണ് ഒരു കുട്ടനാടൻ ബ്ലോഗിന്‍റെ യാത്ര.യുവാക്കളുടെ കണ്ണിലുണ്ണിയായ ഹരിയേട്ടൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നതോടെയാണ് കുട്ടനാടൻ ബ്ലോഗ് വായനക്കാർക്ക് ഹരം കയറി തുടങ്ങുന്നത്. പ്രവാസിയാകുന്പോൾ പൊങ്ങച്ചം നിർബന്ധമായതു കൊണ്ടുതന്നെ ഹരിയേട്ടനും തള്ളിന് ഒരു കുറവും വരുത്തിയിട്ടില്ല.

മമ്മൂട്ടി നാട്ടിൻപുറത്തുകാരുടെ രോമാഞ്ചമായി മാറുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ടു കാണാൻ കഴിയുക. പലകുറി പത്രാസ് കാണിക്കുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി ഇവിടെയും അത് ആവർത്തിക്കുകയാണ്. ന്യൂജൻ പിള്ളേർക്കൊപ്പം നാട്ടിൻപുറത്തിന്‍റെ നന്മ കൈവിടാതെയാണ് നായകൻ കൃഷ്ണപുരത്ത് വിലസി നടക്കുന്നത്.നായികമാർ നിരവധിയാണ് ചിത്രത്തിൽ. തുടക്കത്തിൽ ഷംന കാസിം ആണോ റായി ലക്ഷ്മിയാണോ അനു സിത്താരയാണോ മമ്മൂട്ടിയുമായി പ്രണയത്തിലാവുക എന്നുള്ള കണ്‍ഫ്യൂഷൻ പ്രേക്ഷകർക്കിടയിലുണ്ടാക്കാൻ സംവിധായകന് നിഷ്പ്രയാസം കഴിഞ്ഞു. പതുക്കെ പതുക്കെ പ്രണയിനി പട്ടം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് തെന്നിമാറി പോയിക്കൊണ്ടേയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ നിങ്ങൾ തീയറ്ററിൽ തന്നെ പോകുക.നാട്ടുകാർക്ക് സഹായിയായി മേലും കീഴും നോക്കാതെ ഓരോ കാര്യങ്ങളിൽ ചെന്നു ചാടുന്ന നായകനെ കുട്ടനാടൻ ബ്ലോഗിലും കാണാം. അതിനിടയിൽ പ്രണയിതാക്കളെ ഒന്നിപ്പിക്കുന്ന പരിപാടി കൂടെ നായകൻ ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റായി വേഷമിട്ട ലാലു അലക്സ് ആകട്ടെ പതിവ് പോലെ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

നായകനെ പൊക്കി പറയാൻ ധാരാളം പേരെ സംവിധായകൻ ഏർപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാവരും തന്നെ ആവശ്യത്തിലേറെ നായകനെ പൊക്കി പറഞ്ഞ് അവരവരുടെ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഇടയ്ക്കിടെ കുട്ടനാടിന്‍റെ ഓളപ്പരപ്പിലൂടെ എത്തിയ പാട്ടുകൾ ചിത്രത്തെ ബാലൻസ് തെറ്റാതെ താങ്ങി നിർത്തുന്നുണ്ട്. ശ്രീനാഥാണ് ഇന്പമാർന്ന ഗാനങ്ങൾ അത്രയും ഒരുക്കിയത്. ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും മനോഹരമായി.രണ്ടാം പകുതി ചില ദുരൂഹതകൾ അഴിക്കാനുള്ള വഴിയേ നായകൻ യാത്ര ചെയ്യുന്പോൾ പലതരത്തിലുള്ള കല്ലുകടികൾ കുട്ടനാടൻ ബ്ലോഗിനെ വലയം ചെയ്യുന്നുണ്ട്. ഇതിനിടയിൽ ചില ട്വിസ്റ്റുകൾ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ ബ്ലോഗ് വീണ്ടും ഉഷാറായി തുടങ്ങും. കുട്ടനാടിന്‍റെ ഭംഗി തനിമവെടിയാതെ ഒപ്പിയെടുക്കാൻ ഛായാഗ്രഹകൻ പ്രദീപിന് സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയെന്ന നടന് ഒരുതരത്തിലും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമല്ല ഹരി. എന്നിരുന്നാലും തന്നാലാവും വിധം കഥയ്ക്കുള്ളിലെ പരിമിതികളെ തിരിച്ചറിഞ്ഞ് ഹരിയായി പകർന്നാടാൻ മമ്മൂട്ടി ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നാട്ടിൻപുറം വേഷങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും സമീപിക്കാവുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.