ഉള്ളം പിടയുന്നു പെരുമാളേ...
Tuesday, October 30, 2018 6:16 PM IST
നെഞ്ചിലൊരു നീറ്റൽ, ഹൃദയമിടിപ്പിന് അസാധാരണമായ വേഗത... അതെ, മനുഷ്യ മനസാക്ഷിക്ക് മേൽ തീ ഉൗതി പറപ്പിച്ച് "പരിയേറും പെരുമാൾ' പത്തിവിടർത്തി ആടുകയാണ്.

കാലം മാറി, കോലം മാറിയെന്നൊക്കെ പറയുന്പോഴും കണ്ണുമൂടി മനുഷ്യർക്കിടയിൽ തുടരുന്ന ജാതി കീഴ്‌വഴക്കങ്ങളെ കണക്കിന് പ്രഹരിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. തമിഴകത്തെ ഇനിയും മാറാത്ത മേൽ ജാതി-കീഴ്ജാതി സംസ്കാരത്തെ മുഖമടച്ച് അടിക്കുന്നതിനൊപ്പം ഈ സംസ്കാരം എന്തുകൊണ്ട് മാറുന്നില്ലെന്ന് തുറന്നെഴുതാനും കഥാകാരൻ കൂടിയായ സംവിധായകൻ ധൈര്യം കാണിച്ചിട്ടുണ്ട്.ചിത്രത്തിലെ നായകനും നായികയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഒരാൾ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്പോൾ മറ്റൊരാൾ അതെല്ലാം ഉള്ളിലൊതുക്കി മുന്നേറാൻ വെന്പൽ കൊള്ളും. ഇതൊക്കെ കാണുന്പോൾ നമ്മുക്കുള്ളിലും ഒരു കണ്ണാടി രൂപപ്പെടും. അതിൽ നോക്കിയാൽ ചിലർ ലജ്ജകൊണ്ട് തലതാഴ്ത്തും. മറ്റ് ചിലർ ഓടിയൊളിക്കും.

എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ചില സത്യങ്ങൾ ഉയർന്നു പൊങ്ങിവരും. അങ്ങനെ നോക്കിയാൽ പരിയേറും പെരുമാൾ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. എത്ര തളർത്തിയാലും തോൽക്കാത്ത മനസിനെ പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ആഹ്വാനം.കറുപ്പിയുടെ രാഷ്ട്രീയം

കറുപ്പി (നായ) നായകന് (കതിർ) ചുറ്റും വലയം ചെയ്ത് നിൽക്കുന്ന കാഴ്ച കാണിച്ചുകൊണ്ടു തുടങ്ങുന്ന കഥയിൽ നിന്ന് പെട്ടെന്ന് തന്നെ കറുപ്പിയെ സംവിധായകൻ യാത്രയാക്കുന്നുണ്ട്. തുടർന്ന് വരുന്ന പാട്ടും ഇത്തിരി ഓവറല്ലേയെന്ന് അറിയാതെ ചിന്തിച്ച് പോകും. മുന്നോട്ടുപോകും തോറും ചിന്തകൾക്കാണ് കുഴപ്പം ആ പാട്ടിനല്ലായെന്നും മനസിലായി തുടങ്ങുന്നതോടെ പ്രേക്ഷകർ കഥയ്ക്കൊപ്പം സഞ്ചരിച്ച് തുടങ്ങും.

കഥാന്തരീക്ഷത്തിലേക്കും തനിക്കു പറയാനുള്ള കാര്യങ്ങളിലേക്കും സാവധാനമാണ് സംവിധായകൻ പ്രേക്ഷകരെ അടുപ്പിക്കുന്നത്. വേർതിരിവുകളുടെ രാഷ്ട്രീയം കൃത്യമായി രേഖപ്പെടുത്താൻ കറുപ്പിയിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നായകന്‍റെ പശ്ചാത്തലം കാട്ടി അവിടുത്തെ രീതികൾ പരിചയപ്പെടുത്തിയാണ് കഥ മുന്നോട്ടു പോകുന്നത്. പഠിക്കാൻ കൊതിക്കുന്ന മനസുമായി ലോ കോളജിൽ നായകൻ എത്തിപ്പെടുന്നതോടെ ചിത്രത്തിന് വേഗത കൈവരും.മരണത്തിന്‍റെ അടയാളപ്പെടുത്തലുകൾ

മനുഷ്യരെ മനുഷ്യരായി കാണാതെ ജാതിയുടെ പേരിൽ വേർതിരിച്ച് കാണുന്നവരുടെ ഇടയിൽ മരണം തലപൊക്കുന്നത് കാണുന്പോൾ ആദ്യമൊന്നും തോന്നില്ല. പക്ഷേ, മരണത്തിന്‍റെ എണ്ണം കൂടുന്പോൾ... അത് എന്തിന് വേണ്ടിയാണെന്ന് അറിയുന്പോൾ മുതൽ മനസുപിടഞ്ഞു തുടങ്ങും.

കോളജ് അന്തരീക്ഷത്തിലെ നല്ല നിമിഷങ്ങൾക്കിടെയാണ് നായികയെ (ആനന്ദി) സംവിധായകൻ പരിചയപ്പെടുത്തുന്നത്. തനിക്ക് തോന്നുന്ന കാര്യങ്ങൾ അപ്പാടെ വെട്ടിത്തുറന്ന് പറയുന്ന നായികയെ നിഷ്കളങ്കതയുടെ പ്രതീകമായി മാത്രമല്ല വേർതിരിവുകളില്ലാത്ത മനസിന് ഉടമയായിട്ട് കൂടിയാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.

കഥ പ്രണയ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നുവെന്ന് ധാരണ വരുത്തികൊണ്ട് പാഞ്ഞുപോകുന്നത് മറ്റാരു ദിശയിലേക്കാണ്. പിന്നീട് അങ്ങോട്ടുള്ള നായകന്‍റെ ഭാവമാറ്റങ്ങൾ കാതിലേക്ക് തുളച്ചു കയറുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടിയോടെ എത്തുന്പോൾ ആകെയൊന്ന് അന്പരക്കും. അസാമാന്യ പ്രകടനം നടത്തിയ കതിർ എന്ന നായകനെ അഭിനന്ദിക്കാതെ തരമില്ല.അഭിമാനവും അപമാനവും

ചിലത് മറച്ചുവച്ചാൽ മനസിനെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ആ ബുദ്ധിമുട്ടുകൾ നായകൻ കാട്ടുന്പോൾ ഇന്നു നിലനിൽക്കുന്ന ജാതി വേർതിരിവുകളുടെ ദയനീയ അവസ്ഥ സ്ക്രീനിൽ ദൃശ്യമാകാൻ തുടങ്ങും. ഇത്തരമൊരു അവസ്ഥയിൽ നായകന്‍റെ കൂട്ടുകാരനായി എത്തുന്ന യോഗി ബാബു പറയുന്ന ഓരോ സംഭാഷണങ്ങളും പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കും.

രണ്ടാം പകുതിയിലെ ഓരോ രംഗങ്ങളും ഇന്നത്തെ സമൂഹത്തിന് നേർക്കുള്ള കരണത്തടിയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ പകർന്നാട്ടത്തെ കുറിച്ച് മനപൂർവം രേഖപ്പെടുത്താത്തതാണ്. കാരണം, ആ പ്രകടനങ്ങൾ പ്രേക്ഷകരുടെ മനസിളക്കും വിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ആ കാഴ്ചകൾ ബിഗ്സ്ക്രീനിന് മുന്നിലിരുന്ന് തന്നെ നിങ്ങൾ അനുഭവിച്ചറിയണം.

ഇവിടെ ശരിക്കും നായകൻ തിരക്കഥയാണ്. ആ തിരക്കഥയ്ക്ക് അനുയോജ്യമാം വിധം കാമറ ചലിപ്പിച്ച് ശ്രീധർ പ്രേക്ഷകരെ അന്പരിപ്പിക്കുന്നുണ്ട്. അഭിമാനവും അപമാനവും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം പകുതിയിൽ ദൃശ്യമാകുന്നത്.വിറങ്ങലിച്ച് പ്രണയം

ശക്തമായ തിരക്കഥയ്ക്ക് മുന്നിൽ പ്രണയം വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചയും ചിത്രത്തിലുണ്ട്. ഒരൊറ്റ നിമിഷംകൊണ്ട് ചിത്രം സീരിയസ് മൂഡിലേക്ക് മാറും. പിന്നീട് ഒരിക്കലും ചിത്രം പതിഞ്ഞ താളത്തിലേക്ക് തിരികെ പോകുന്നില്ല. പ്രേക്ഷകരുടെ മനസിനെ അലട്ടിക്കൊണ്ടാണ് പിന്നീടുള്ള യാത്രകളത്രയും. പിന്നോട്ടില്ല, മുന്നോട്ടുതന്നെയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നായകൻ മുന്നേറുന്പോൾ ജാതി വെറികൾ കൂടുതൽ സങ്കീർണമായി കൊണ്ടിരുന്നു.

ഒടുവിൽ തന്നെ ആട്ടി പായിക്കാൻ നോക്കിയവരുടെ മുന്നിൽ ചിരിച്ച് കൊണ്ടിരുന്ന് നായകൻ പറയുന്ന കാര്യങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. സമൂഹ മനസിലെ കറുത്ത കുത്തുകൾ മാഞ്ഞുപോകുന്ന കാലം ഇനിയും അകലെയാണെന്ന് പറഞ്ഞുവയ്ക്കുന്പോഴും പ്രതീക്ഷ കൈവിടാനും സംവിധായകൻ തയാറാകുന്നില്ല.

(സമൂഹം കണ്ടിരിക്കേണ്ട ചിത്രം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.