ജനങ്ങളുടെ "സർക്കാർ'
Wednesday, November 7, 2018 4:28 PM IST
മെർസൽ ഉയർത്തിവിട്ട രാഷ്ട്രീയ വിവാദങ്ങൾക്കു പിന്നാലെ ഇളയദളപതി വീണ്ടും രാഷ്ട്രീയം പറയുന്ന ചിത്രമാണ് സർക്കാർ. ജനാധിപത്യവും തെരഞ്ഞെടുപ്പും രാഷ്ട്രീയക്കളികളും മുഖ്യവിഷയമാകുമ്പോഴും വിജയ്‌യുടെ "രക്ഷകൻ' പരിവേഷത്തിന് സർക്കാരിലും മാറ്റമില്ല.

ഒരു നാടിന്‍റെ മാത്രമല്ല, തമിഴ്നാടിന്‍റെ മുഴുവനും രക്ഷകനായാണ് ഇളയദളപതി ചിത്രത്തിൽ അവതരിച്ചിരിക്കുന്നത്. പക്ഷേ, പതിവ് രക്ഷകൻ ഫോർമാറ്റിൽ കുറച്ച് വ്യത്യസ്തത കൊണ്ടുവരാൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശ്രമിച്ചുവെന്നത് ആശ്വാസകരമാണ്.



അമേരിക്കയിലെ പ്രശസ്തമായ ഐടി കമ്പനിയായ ജിഎല്ലിന്‍റെ സിഇഒ സുന്ദർ രാമസ്വാമിയായാണ് വിജയ് ചിത്രത്തിലെത്തുന്നത്. കോർ‌പറേറ്റ് മോൺസ്റ്റർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന സുന്ദർ മറ്റ് ഐടി കമ്പനികളുടെ പേടിസ്വപ്നമാണ്. അയാൾ ഇന്ത്യയിലെത്തുന്നുവെന്ന വാർത്ത ഇവിടുത്തെ ഐടി കമ്പനികളെ ഭയചകിതരാക്കുന്നു. പതിവ് പോലെ തന്നെ ഇളയ ദളപതിക്ക് സൂപ്പർ ഇൻട്രൊഡക്ഷൻ.

തെരഞ്ഞെടുപ്പ് ദിനത്തിൽ തന്‍റെ വോട്ട് രേഖപ്പെടുത്താനാണ് സുന്ദർ അമേരിക്കയിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നത്. എന്നാൽ പോളിംഗ് ബൂത്തിൽ ചെന്ന സുന്ദർ തന്‍റെ പേരിൽ ആരോ കള്ളവോട്ട് ചെയ്തുവെന്ന് തിരിച്ചറിയുന്നു. തുടർന്ന് നിയമപോരാട്ടം നടത്തി വിജയം കൊയ്യുന്നതോടെയാണ് ചിത്രം രാഷ്ട്രീയ ട്രാക്കിലാകുന്നത്. രാജ്യത്ത് ജനാധിപത്യം പേരിൽ മാത്രമാണെന്നും തിരിച്ചറിഞ്ഞ നായകൻ രാഷ്ട്രീയ വമ്പൻമാർക്കെതിരേ പോർമുഖം തുറക്കുന്നതോടെ ചിത്രത്തിന് വേഗം കൂടും.



വിജയ് ചിത്രങ്ങളുടെ പതിവ് ചേരുവകൾ എല്ലാം ചേർത്ത സിനിമ തന്നെയാണ് സർക്കാരും. അടിയും പാട്ടും പഞ്ച് ഡയലോഗും അങ്ങനെ ഒരു വിജയ് ചിത്രത്തിൽ നിന്ന് ആരാധകർ ആഗ്രഹിക്കുന്നതെല്ലാം സർക്കാരിലും സംവിധായകൻ ഒരുക്കിവച്ചിട്ടുണ്ട്. വിജയ്‌യെ അതിമാനുഷികനാക്കിയുള്ള വമ്പൻ സംഘട്ടന രംഗങ്ങൾ ആവോളമുണ്ട് ചിത്രത്തിൽ.

സുന്ദറിന്‍റെ മാസ് എൻട്രിയും വീരപരിവേഷവും നിയമപോരാട്ടവുമെല്ലാമായി ഒന്നാം പകുതി അതിവേഗം കടന്നുപോകും. പക്ഷേ, രണ്ടാം പകുതിയിൽ കല്ലുകടികൾ കടന്നു കൂടിയിട്ടുണ്ട്. ആദ്യപകുതിയിൽ കിട്ടിയ മികച്ച തുടക്കം രണ്ടേമുക്കാൽ മണിക്കൂർ നിലനിർത്തിക്കൊണ്ടുപോകാൻ ചിത്രത്തിനു കഴിയുന്നില്ല.

പെട്ടെന്ന് കഥ പറഞ്ഞ് അവസാനിപ്പിക്കാൻ സംവിധായകൻ അനാവശ്യ വ്യഗ്രത കാട്ടുന്നതായാണ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ തോന്നുക. രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ കഥയുടെ അന്ത്യം ഏകദേശം ഊഹിക്കാനാകും. പക്ഷേ, സുന്ദറിന്‍റെ ഇന്ത്യയിലെ യഥാർഥ ദൗത്യം എന്താണെന്ന് തിരക്കഥയിൽ മറച്ചുവയ്ക്കാൻ സംവിധായകൻ കാട്ടിയ മിടുക്ക് പരാമർശിക്കാതെ വയ്യ.



രണ്ടു നായികമാരാണ് ചിത്രത്തിൽ. വരലക്ഷ്മി ശരത്കുമാർ നായികയ്ക്കൊത്ത തന്‍റെ വേഷം അതിഗംഭീരമാക്കിയപ്പോൾ കീർത്തി സുരേഷിന് നായകന്‍റെയൊപ്പം നടക്കാനല്ലാതെ പ്രത്യേകിച്ച് പണിയൊന്നു ഇല്ലായിരുന്നു. ഏത് സ്വഭാവത്തിലുള്ള വിജയ് ചിത്രത്തിലും പ്രണയം തിരുകി കയറ്റുന്നത് സംവിധായകരുടെ പതിവ് ശീലമാണല്ലോ.

എന്നാൽ സർക്കാരിൽ രാഷ്ട്രീയ പോരാട്ടങ്ങൾ‌ക്കിടെ പ്രണയം കാണിച്ച് ബോറടിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ആശ്വാസകരം തന്നെയാണ്. അല്ലെങ്കിലും, ഈ കഥയിൽ പ്രണയത്തിനു വലിയ സ്കോപ്പൊന്നുമില്ല.



വിജയ് ചിത്രമാകുമ്പോൾ നൃത്തരംഗങ്ങൾ കുറയ്ക്കാനാകില്ലല്ലോ. സർക്കാരിലെ എല്ലാ ഗാനങ്ങളും അത്തരത്തിൽ മാത്രം പിറവികൊണ്ടതാണ്. എ.ആർ. റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ ചിത്രത്തിന്‍റെ കഥാഗതിയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. അനവസരത്തിലാണ് പാട്ടുകൾ എല്ലാം കടന്നുവരുന്നതെങ്കിലും വിജയ്‌യുടെ അതിമനോഹരമായ നൃത്തച്ചുവടുകൾ ആ ചിന്തയെ മൂടിക്കളയും.

ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകനാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. അങ്കമാലി ഡയറീസിൽ ഓടിനടന്നു കാമറചലിപ്പിച്ച ഗിരീഷ് സർക്കാരിലും ഒട്ടും മോശമാക്കിയില്ല. വേഗം കൂടിയും കുറഞ്ഞുമുള്ള ചിത്രത്തിന്‍റെ നല്ലൊഴുക്കിന് ഗിരീഷിന്‍റെ കാമറക്കണ്ണുകൾ ഏറെ സഹായകമായി.



നെറികേടിന്‍റെ രാഷ്‌ട്രീയത്തിനെതിരേ ജനകീയ മുന്നേറ്റമുണ്ടാക്കിയ ശേഷം സുന്ദർ പറയുന്നു- "ഇതാണ് നമ്മുടെ സർക്കാർ. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്, അവരുടെ ഓരോ വോട്ടും വിലയേറിയതാണ്'. തെരഞ്ഞെടുക്കപ്പെട്ടവർ കടമകൾ മറക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ അധികാരം തിരിച്ചറിയണമെന്ന സന്ദേശവും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.

മെർസലിനു പിന്നാലെ സർക്കാർ കൂടി രാഷ്‌ട്രീയം പറയുമ്പോൾ തമിഴകത്തിന്‍റെ മനസിൽ വരുന്ന പ്രധാന ചോദ്യം വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം തന്നെയാകും. കമൽഹാസനും രജനീകാന്തിനും പിന്നാലെ വിജയ്‌യും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകരും സർക്കാർ.

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.